മഹാശ്വേതാ ദേവിക്ക് പിണറായി തുറന്ന കത്തയച്ചു: വീട്ടിലേക്ക് സ്വാഗതം

 


മഹാശ്വേതാ ദേവിക്ക് പിണറായി തുറന്ന കത്തയച്ചു: വീട്ടിലേക്ക് സ്വാഗതം
തിരുവനന്തപുരം: ജ്ഞാനപീഠ ജേത്രിയും പശ്ചിംബംഗയിലെ പ്രമുഖ സാഹിത്യക്കാരിയുമായ മഹാശ്വേതാ ദേവിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്ന കത്തയച്ചു. എന്റെ വീട് ബഹുമാന്യയായ മഹാശ്വേതാ ദേവിക്ക് എന്നും കാണാന്‍ വരാം. എന്റേത് രമ്യഹര്‍മ്യമല്ല. എന്റെ വീടിന്റെ വാതില്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി എന്നും തുറന്ന് വെച്ചിട്ടുണ്ടാകും. പിണറായി പറഞ്ഞു. എന്റെ പാര്‍ട്ടിയേ പറ്റി താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പിണറായി  പറഞ്ഞു.

എന്റെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പട്ടിണി പാവങ്ങളുടെ കൂട്ടത്തില്‍ പണിയെടുത്ത് പാര്‍ട്ടി നേതൃത്വത്തിലെത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന് സാഹിത്യഭംഗിയുള്ള ഭാഷ അറിയില്ല. നേരേ വാ... നേരേ പോ... എന്ന നയമാണ് മണിക്ക്. മണിയുടെ വിവാദപ്രസംഗം പാര്‍ട്ടി തള്ളികളഞ്ഞതാണ്. ഈ വിവരം താങ്കളില്‍ നിന്ന് ആരോ മറച്ചുവെച്ചു. പിണറായി  തുടര്‍ന്നു.

ഏറെക്കാലമായി ധാരാളംപേര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാവാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തിലെ ഉള്ളടക്കവും. എഴുത്തുകാര്‍ പൊതുവെ ലോലഹൃദയരാണെന്നും അതുകൊണ്ടുതന്നെ അവരെ വേഗത്തില്‍ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങള്‍ നേരിട്ടു പറയുന്നതിനേക്കാള്‍ സമൂഹത്തില്‍ വിലപ്പോകുന്നത് എഴുത്തുകാര്‍ പറയുന്നതാകയാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താല്‍പ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാവണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കുന്നവര്‍ സ്വാഭാവികമായും പറഞ്ഞിരിക്കാനിടയില്ലാത്ത ഒരു കാര്യം കൂടി അറിയിക്കട്ടെ. കുറച്ചുകാലം മുമ്പ് കൊട്ടാരസദൃശ്യമായ ഏതോ ഒരു വീടിന്റെ ചിത്രമെടുത്ത് എന്റെ വീടാണത് എന്നു പറഞ്ഞ് ചിലര്‍ കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്ക് ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. പിന്നീട് ആ കള്ളം പൊളിഞ്ഞു. ആ കള്ളപ്രചാരണത്തിനു പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എന്തെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുകയും ചെയ്തു. ജനത്തെയാകെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ട അതേ തന്ത്രമാണ് അതേ ദുരുദ്ദേശക്കാര്‍ ഇപ്പോള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.

ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതുമുതല്‍ സി.പി.ഐ (എം) നെതിരായ അപകീര്‍ത്തിപ്പെടുത്തല്‍ വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ വേലിയേറ്റത്തില്‍ പല സത്യങ്ങളും മുങ്ങിപ്പോവുന്നു. ടി.പി. ചന്ദ്രശേഖരന്റെ വധത്തെ സി.പി.ഐ (എം) അപലപിച്ചിട്ടുണ്ടെന്നും വ്യക്തിയെ കൊന്ന് വിശ്വാസത്തെ തകര്‍ക്കാമെന്ന മിഥ്യാധാരണ സി.പി.ഐ (എം) ന് ഇല്ലെന്നും നിങ്ങളെ അറിയിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. പിണറായിയുടെ തുറന്ന കത്തില്‍ പറയുന്നു.


Keywords:  Thiruvananthapuram, Pinarayi vijayan, Kerala, Mahasweta devi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia