ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കേരളം ഒന്നാമത്; മോദിക്ക് മറുപടിയുമായി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 07.02.2020) നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പ്രസ്താവന നടത്തിയത്.

ആര്‍ എസ് എസിന്റെയും എസ് ഡി പി ഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍  കേരളം ഒന്നാമത്; മോദിക്ക് മറുപടിയുമായി പിണറായി വിജയന്‍

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.




പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നല്‍കും.

എല്ലാ വര്‍ഗീയ-തീവ്രവാദ ശക്തികളെയും എതിര്‍ക്കുന്നതും അകറ്റി നിര്‍ത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നത് ആ പാരമ്പര്യമാണ്. ഒരു വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതി-മത-കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്. മത പണ്ഡിതരും നേതാക്കളും കലാ- സാഹിത്യ-സാംസ്‌കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേര്‍ന്ന പ്രതിഷേധത്തിന് സാര്‍വത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നവരെയും അതിനെതിരായി വര്‍ഗീയ സംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കുമെതിരെ പ്രതികരിക്കാനും ആരുടേയും ട്യൂഷന്‍ വേണ്ടതില്ല.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വര്‍ഗീയ ലക്ഷ്യങ്ങളുള്ളവര്‍ക്കു അടിയറവെക്കാന്‍ കേരളം തയാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്; ജാഗ്രത പാലിച്ചിട്ടുമുണ്ട്. വര്‍ഗീയ ലക്ഷ്യത്തോടെ ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തില്‍ നുഴഞ്ഞു കയറുന്ന വര്‍ഗീയ ശക്തികളെ തടുത്തു നിര്‍ത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.

ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം.

ആര്‍എസ്എസിന്റെയും എസ് ഡിപിഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ല.

Keywords:  Kerala, News, Thiruvananthapuram, Chief Minister, Pinarayi vijayan, Narendra Modi, Prime Minister, RSS, SDPI, Pinarayi Vijayan against Narendra Modi for his speech about Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia