കൊല നടത്തി അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുന്നു; പാര്‍ടി സ്വീകരിക്കുന്നത് അക്രമത്തിന്റെ വഴിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 14.01.2022) നാട്ടില്‍ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച് കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും അക്രമങ്ങളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊല നടത്തി അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുന്നു; പാര്‍ടി സ്വീകരിക്കുന്നത് അക്രമത്തിന്റെ വഴിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് അക്രമത്തിന്റെ വഴിയാണ് സ്വീകരിക്കുന്നത്. ഇടുക്കിയിലെ ധീരജിന്റെ രക്തസാക്ഷിത്വം അതാണ് കാണിക്കുന്നത്. സംസ്ഥാനത്ത് 134 സഖാക്കളുടെ ജീവനാണ് കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായത്. 215 പേരുടെ ജീവന്‍ സംഘപരിവാര്‍ കവര്‍ന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 13 സഖാക്കളാണ് കൊല്ലപ്പെട്ടത്. നാട്ടില്‍ സമാധാനമാണ് വേണ്ടതെന്ന് കോണ്‍ഗ്രസും സംഘപരിവാരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്‍ഫിഎഫിന് തുടര്‍ഭരണം ലഭിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണെന്ന് പ്രതിപക്ഷത്തിനും അറിയാം. അതിനാല്‍ ഇനിയൊരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസും ബിജെപിയും. സില്‍വെര്‍ ലൈന്‍ പാതക്കെതിരെയുള്ള പ്രതിഷേധം അതിന്റെ ഭാഗമായാണ്.

പദ്ധതികളെ തകിടം മറിക്കാന്‍ നോക്കുന്നത് നാടിന്റെ വികസനം ഇല്ലാതാക്കാനാണ്. കേരളത്തിന് മുന്നേറണമെങ്കില്‍ വന്‍കിട പദ്ധതികളും സ്വകാര്യ നിക്ഷേപങ്ങളും വേണം. അതിന് പശ്ചാത്തല വികസനം സാധ്യമാക്കണം. ബജെറ്റിന് പുറമെ പണം കണ്ടെത്തി മാത്രമെ ഇന്നത്തെ നിലയില്‍ അത് സാധ്യമാകൂ. അത്തരത്തില്‍ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് സില്‍വെര്‍ ലൈന്‍.

സില്‍വെര്‍ ലൈനിന് വേണ്ടി ഭൂമിയും മറ്റും ഏറ്റെടുക്കുന്നതിന് മികച്ച നഷ്ടപരിഹാര പാകേജ് ആണ് സര്‍കാര്‍ കൊണ്ടുവരുന്നത്. ഒരു കുടുംബവും ഈ പദ്ധതിയുടെ പേരില്‍ വഴിയാധാരമാകില്ല. എന്നാല്‍ ആ പദ്ധതിയെ തുരങ്കം വെയ്ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും മറ്റ് തല്‍പര കക്ഷികളും ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Keywords: Pinarayi Vijayan Criticized Congress on Silver line Issue, Thiruvananthapuram, News, Congress, Pinarayi Vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia