ഭക്ഷ്യസുരക്ഷക്കൊപ്പം ആരോഗ്യസുരക്ഷയും വേണം മന്ത്രി പി.ജെ ജോസഫ്

 


ഇടുക്കി: (www.kvartha.com 15.08.2015) ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ആരോഗ്യസുരക്ഷയും ഉറപ്പാക്കാനാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. 69ാമതു സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷചടങ്ങില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമുക്കാവശ്യമായതെല്ലാം നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം.

പച്ചക്കറിയുടെ കാര്യത്തിലെങ്കിലും കേരളത്തിലെ ഓരോ ഗ്രാമത്തിനും സ്വയംപര്യാപ്തത നേടാന്‍ കഴിയണം. പോഷക സമൃദ്ധമായ ഭക്ഷണം ഓരോരുത്തര്‍ക്കും ലഭ്യമാകണം. ഓരോ ഭാരതീയനും അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടാകണം. കുടുംബത്തിന് ന്യായമായ വരുമാനം ഉറപ്പാക്കണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടണം. ഇടയ്ക്കിടയ്ക്കുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടവ് കര്‍ഷകരുടെ ആത്മവീര്യംകെടുത്തുകയാണ്.

പട്ടിണിയില്ലാത്ത, തുല്യനീതി ലഭ്യമാകുന്ന രാജ്യം കെട്ടിപ്പടുക്കുമ്പോള്‍ പാവപ്പെട്ടവനും ബലഹീനനുംവരെ രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍
താനും പങ്കാളിയാണെന്ന ബോധം സൃഷ്ടിക്കാന്‍ കഴിയും. എല്ലാ മതവിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന സാഹചര്യം നിലനിര്‍ത്തണം. അറിവ് നേടി ശക്തി പ്രാപിക്കാന്‍ ഓരോ വ്യക്തിക്കും കഴിയുന്ന നിലയില്‍ വിദ്യാഭ്യാസ സൗകര്യം രാജ്യത്ത് ഉണ്ടാകണം. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന രീതിയില്‍ ഓരോ ഭാരതീയനും സൗകര്യങ്ങളെല്ലാം ലഭ്യമാക്കണം. ഗവണ്‍മെന്റും വ്യക്തികളും കുടുംബവും ഇക്കാര്യത്തില്‍ ഒരുമിച്ച് നീങ്ങണം. ഇന്ത്യയിലെ ജനാധിപത്യസംവിധാനം നിലനിര്‍ത്തി ഓരോ പൗരനും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ലഭ്യമാകുന്ന സാഹചര്യം നിലനിര്‍ത്താനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ ജില്ലാ കലക്ടര്‍ വി.രതീശനും ജില്ലാ പോലീസ് മേധാവി കെ.വി ജോസഫും ചേര്‍ന്ന് സ്വീകരിച്ചു.ഇടുക്കി എ.ആര്‍ ക്യാമ്പിലെ റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ശശിധരന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിന പരേഡ് നടന്നത്. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനാവിഭാഗങ്ങള്‍ക്കൊപ്പം എന്‍.സി.സി സ്റ്റുഡന്റ്‌സ് പോലീസ്, സ്‌കൗട്‌സ്, ഗൈഡ്‌സ് കേഡറ്റുകളും പരേഡില്‍ പങ്കെടുത്തു. ഡിസ്ട്രിക്റ്റ്‌സ് ആംഡ് റിസര്‍വ്, പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവ ബാന്‍ഡ് മേളം അവതരിപ്പിച്ചു. കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനവും വാഴത്തോപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വാഴത്തോപ്പ് സെന്റ്.ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങളും ആലപിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജോ തടത്തില്‍, മാത്യുദേവസ്യ, മറ്റു ജനപ്രതിനിധികള്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള മുഖ്യന്ത്രിയുടെ പോലീസ് മെഡലുകള്‍ സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ മന്ത്രി പി.ജെ ജോസഫ് സമ്മാനിച്ചു. തൊടുപുഴ എസ്.ബി.സി.ഐ.ഡി ഡിവൈ.എസ്.പി സാബുമാത്യു കെ.എം, കെ.എ.പി കുട്ടിക്കാനത്തെ എ.സി സാജന്‍ തോമസ്, എ.പി.എസ്.ഐ ഗംഗാധരന്‍ പി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എസ്.ഐ ബേബി ജോര്‍ജ്, എസ്.ബി ഇടുക്കിയിലെ എ.എസ്.ഐ സേവ്യര്‍ ജേക്കബ്, മൂന്നാര്‍ പി.എസിലെ എ.എസ്.ഐ ഫക്രൂദീന്‍ എ.എം, എം.ടി ഇടുക്കിയിലെ എ.എസ്.ഐ ശിവദാസ് കെ.കെ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികളും മന്ത്രി
സമ്മാനിച്ചു.

ഭക്ഷ്യസുരക്ഷക്കൊപ്പം ആരോഗ്യസുരക്ഷയും വേണം മന്ത്രി പി.ജെ ജോസഫ്


Keywords : Idukki, Kerala, Minister, P.J.Joseph, Inauguration, Programme. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia