Kalari | കളരി കണ്ടപ്പോള്‍ സായ്പ് നാടിനെ മറന്നു; പഠിച്ചെടുത്ത മുറകള്‍ മറക്കില്ലെന്ന് പോളന്‍ഡുകാരന്‍
May 23, 2023, 11:02 IST
കണ്ണൂര്‍: (www.kvartha.com) കളരി കണ്ടപ്പോള്‍ സായ്പ് നാടുമറന്നു. പിന്നെ ഓതിരം പറഞ്ഞ് മറുകടകം ചാടി തിരിഞ്ഞ് വെട്ടി കളരി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല. കളരി പഠിക്കണമെന്ന മോഹവുമായി കടല്‍ കടന്നെത്തിയ പോളന്‍ഡുകാരനാണ് നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയത്. കാക്കയങ്ങാട് പാലപ്പുഴയിലെ പഴശ്ശിരാജ കളരി അകാഡമിയിലാണ് ഐ ടി എന്‍ജിനീയര്‍ യാരക് (39) എത്തിയത്.
ഒരാഴ്ച കൊണ്ട് തിരിച്ചു പോകണമെന്ന് കരുതിയെത്തിയ യാരക് തിരിച്ചു പോകുന്നത് കളരിയിലെ പല അടവുകളും സ്വായത്തമാക്കി മാസങ്ങള്‍ക്ക് ശേഷമാണ്. കേരളത്തിന്റ തനത് ആയോധന കലയായ കളരിയേയും അത് പഠിപ്പിക്കുന്ന പഴശ്ശിരാജ കളരി അകാഡമിയെക്കുറിച്ചും അദ്ദേഹം അറിയുന്നത് മറ്റൊരു സുഹൃത്തില്‍ നിന്നാണ്. ഒരാഴ്ച കൊണ്ട് കളരിയെ അറിയാനും അതിലെ ചില അടവുകള്‍ പഠിച്ച് കടല്‍ കടത്തുക എന്നതുമായിരുന്നു ആഗ്രഹം. എന്നാല്‍ ഇവിടെ എത്തിയപ്പോഴാണ് കളരി എന്ന കേരളത്തിന്റെ ആയോധനകലയുടെ മാസ്മരികത അദ്ദേഹം നേരിട്ടറിയുന്നത്.
കൂടാതെ കളരി സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ചാരുതയും, നാടന്‍ ഭക്ഷണവും, ഇവിടുത്തെ വിദ്യാര്‍ഥികളുടെ ആത്മാര്‍ഥതയും, കളരി ചികിത്സയും മറ്റും അദ്ദേഹത്തില്‍ കളരെയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനുമുള്ള ആഗ്രഹത്തെ വളര്‍ത്തി. കളരി പരിശീലിക്കുന്നതിന് വേണ്ടിയാണ് എത്തിയതെങ്കിലും കളരി ഉഴിച്ചില്‍, കളരി ചികിത്സ എന്നിവ അനുഭവിച്ചറിഞ്ഞാണ് അദ്ദേഹം തിരിച്ച് പോകുന്നത്. ശ്രീജയന്‍ ഗുരുക്കളുടെ ശിക്ഷണത്തില്‍ലാണ് പരിശീലനം നേടിയത്.
എന്ത് കാര്യമായാലും ഒറ്റത്തവണ പറഞ്ഞും കാണിച്ചും കൊടുത്താല്‍ പെട്ടെന്ന് തന്നെ ഗ്രഹിച്ചെടുക്കാനുള്ള യാരകിന്റെ കഴിവ് അപാരമാണെന്ന് ശ്രീജയന്‍ ഗുരുക്കള്‍ പറഞ്ഞു. മെയ്താരി, കോല്‍ത്താരി, അങ്ക ത്താരി എന്നീ വിഭാഗത്തിലുള്ള കളരി പരിശീലനമാണ് ഇവിടെ നിന്നും നേടിയത്. കളരിയിലെ വിവിധ ചുവടുകള്‍, മെയ് പയറ്റ്, മുച്ചാണ്‍, ചൂരല്‍, കീര, വാള്‍പ്പയറ്റ് തുടങ്ങിയവയുടെ പരിശീലനത്തോടൊപ്പം യോഗയും സ്വായത്തമാക്കിയണിയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതെന്ന് ശ്രീജയന്‍ ഗുരുക്കള്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Poland, Kalari, Yarak, Poland native Yarak came to Kerala to study Kalari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.