Clean Chit | കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് ആശ്വാസം: വ്യാജ ബിരുദസര്‍ടിഫികറ്റ് തയാറാക്കിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; റിപോര്‍ട് കോടതിയില്‍

 


ആലപ്പുഴ: (KVARTHA) കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് ആശ്വാസം. വ്യാജ ബിരുദ സര്‍ടിഫികറ്റ് തയാറാക്കിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപോര്‍ട് പൊലീസ് കോടതിയില്‍ നല്‍കി. പരാതി വ്യാജമാണെന്നു വ്യക്തമാക്കിയ പൊലീസ്, കേസ് അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. ആറു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇപ്പോള്‍ അന്‍സിലിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

Clean Chit | കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് ആശ്വാസം: വ്യാജ ബിരുദസര്‍ടിഫികറ്റ് തയാറാക്കിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്; റിപോര്‍ട് കോടതിയില്‍

2013- 2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍നിന്നും ബികോം പാസായെന്ന സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ച് അതില്‍ വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടതായി പൊലീസിന്റെ എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ പി സി 465, 466, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് അന്‍സിലിനെതിരെ കേസെടുത്തത്. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യിലെ വാര്‍ത്തയുടെ പേരിലാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തിരുന്നത്. അന്‍സില്‍ ജലീല്‍ ബികോം സര്‍ടിഫികറ്റ് വ്യാജമായി നിര്‍മിച്ചതായി എഫ് ഐ ആറില്‍ വ്യക്തമാക്കിയിരുന്നു. വ്യാജ സര്‍ടിഫികറ്റ് നിര്‍മിച്ച് അതു യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും കന്റോണ്‍മെന്റ് പൊലീസിന്റെ എഫ് ഐ ആറില്‍ വിശദീകരിച്ചിരുന്നു.

കേരള സര്‍വകലാശാല രെജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ടിഫികറ്റ് നിര്‍മിച്ചുവെന്ന കേസിനു തൊട്ടുപിന്നാലെയാണ് അന്‍സിലിനെതിരെയും പരാതി ഉയര്‍ന്നത്.

അന്‍സില്‍ ജലീല്‍ വ്യാജ ഡിഗ്രി സര്‍ടിഫികറ്റ് ഉണ്ടാക്കിയതായി കേരള സര്‍വകലാശാല നല്‍കിയ പരാതിയില്‍ ഇല്ലെന്നു വിസി ഡോ മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കിയതോടെ അന്‍സിലിനെതിരെ കേസെടുത്ത കന്റോണ്‍മെന്റ് പൊലീസ് നടപടി സംശയത്തിന്റെ നിഴലിലായിരുന്നു.

ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും വിസി വ്യക്തമാക്കിയിരുന്നു. അന്‍സിലിന്റേതെന്ന പേരില്‍ പ്രചരിച്ച സര്‍ടിഫികറ്റിന്റെ സീരിയല്‍ നമ്പര്‍ കേരള സര്‍വകലാശാലയുടേത് അല്ലെന്നും സര്‍ടിഫികറ്റില്‍ ഒപ്പിട്ടിരിക്കുന്ന ആള്‍ ആ സമയത്ത് വിസി ആയിരുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു.

അതേസമയം, ഇത്തരമൊരു സര്‍ടിഫികറ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു അന്‍സില്‍ ജലീലിന്റെ നിലപാട്. സര്‍ടിഫികറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ എസ് പിക്ക് പരാതി നല്‍കുകയും ചെയ്തു.

കെ എസ് യുവിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണു തന്റെ പേരിലെ വ്യാജ സര്‍ടിഫികറ്റ് എന്നും അന്‍സില്‍ ജലീല്‍ അവകാശപ്പെട്ടിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാത്ത താന്‍ തുടര്‍പഠനത്തിനോ ജോലിക്കോ എവിടെയും ഡിഗ്രി സര്‍ടിഫികറ്റ് ഹാജരാക്കിയിട്ടില്ലെന്നും ആലപ്പുഴയില്‍ ചായക്കട നടത്തിയാണു ജീവിക്കുന്നതെന്നും അന്‍സില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നിരപരാധിയെന്ന് അറിഞ്ഞതോടെ ഏറെ ആശ്വാസമെന്നായിരുന്നു അന്‍സിലിന്റെ പ്രതികരണം. മാധ്യമങ്ങളാണ് തനിക്ക് സഹായം ചെയ്തതെന്നും അന്‍സില്‍ പറഞ്ഞു.

Keywords:  Police give clean chit to KSU leader in certificate forgery case, Alappuzha, News, Politics, Allegation, Complaint, Clean Chit, KSU leader, Certificate Forgery Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia