പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടി; പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ പിടിയില്‍

 


പാലക്കാട്: (www.kvartha.com 13.02.2020) പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ പിടിയില്‍. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കരുനാഗപ്പള്ളി നീണ്ടകര, പൂതന്‍തറ കല്ലാശ്ശേരി എ. വിനോദിനെ (46) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുണ്ടായ ലക്ഷംവീട് കോളനിയില്‍ ബിനോയുടെ (23) പക്കല്‍നിന്ന് 4000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടി; പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ പിടിയില്‍

സ്റ്റേഷനുപിറകില്‍ ലോട്ടറിക്കട നടത്തുന്ന മുണ്ടായ മാമിലക്കുന്നത്ത് ഉണ്ണികൃഷ്ണനെയും (36) അറസ്റ്റ് ചെയ്തു. ബുധനാഴ്ചരാവിലെയാണ് സംഭവം. ഇതിനുമുമ്പും മൂന്നുതവണയായി 6000 രൂപ വിനോദ് ബിനോയിയില്‍നിന്ന് വാങ്ങിയതായും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ലോട്ടറിക്കടയില്‍ എത്തി 4000 രൂപ വിനോദിന് ബിനോയ് നല്‍കുന്നതിനിടെ ഡിവൈ എസ് പി മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

സംഭവത്തില്‍ ബിനോയ് പ്രതിയല്ലെന്നും കേസുമായി ബന്ധപ്പെട്ട പ്രതിക്കൊപ്പം ജോലി ചെയ്തിരുന്നതും ബൈക്കില്‍ സഞ്ചരിച്ചിരുന്നതും ചൂണ്ടിക്കാട്ടി വിനോദ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വിജിലന്‍സ് സംഘം പറഞ്ഞു.

വിനോദിനുവേണ്ടി മൂന്നുതവണയായി 6000 രൂപ ബിനോയിയില്‍നിന്ന് വാങ്ങി നല്‍കിയതിനാണ് ഉണ്ണിക്കൃഷ്ണനെ അറസ്റ്റുചെയ്തത്. പ്രതിയാക്കാതിരിക്കാം എന്നുപറഞ്ഞ് വിനോദിന്റെ നിര്‍ദേശപ്രകാരം ഉണ്ണികൃഷ്ണന്‍ ബിനോയിയുടെ വീട്ടിലെത്തി അമ്മയുമായി സംസാരിച്ച് ആദ്യം 20,000 രൂപ ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.

പിന്നീട് 10,000 രൂപ നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്നായി. ഈ സംഖ്യയില്‍ 6000 രൂപ മൂന്നുതവണയായി ബിനോയ് ഉണ്ണിക്കൃഷ്ണനെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും ബാക്കിവന്ന 4000 രൂപ ബുധനാഴ്ച നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് പറഞ്ഞിരുന്നു. വിജിലന്‍സ് നല്‍കിയ പണമാണ് ബിനോയ് വിനോദിന് നല്‍കിയത്.

പണം ആവശ്യപ്പെട്ട് ബിനോയിയെ വിനോദ് സമീപിച്ചപ്പോള്‍ തന്നെ ബിനോയ് പാലക്കാട് വിജിലന്‍സില്‍ പരാതിനല്‍കി. തുടര്‍ന്ന് മൂന്നുതവണ പണം നല്‍കുമ്പോഴും വിജിലന്‍സ് സംഘം വിനോദിനെ നിരീക്ഷിച്ചിരുന്നു. കൈക്കൂലി വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കിയതിന്റെ ഭാഗമായാണ് ബുധനാഴ്ച രാവിലെ സംഘം അറസ്റ്റ് ചെയ്തത്. വിനോദിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords:  News, Kerala, palakkad, Police, Bribe Scam, Arrested, Police Officer Arrested in Bribery Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia