AKG centre attack | സര്‍കാരിനും പാര്‍ടിക്കും നാണക്കേട്; എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ആളെ പിടിക്കാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്

 


തിരുവനന്തപുരം: (www.Kvartha.com) സിപിഎം അധികാരത്തിലെത്തുമ്പോള്‍ ഭരണചക്രം തിരിക്കുന്നത് പാര്‍ടി ആസ്ഥാനമായ എകെജി സെന്ററാണെന്നത് പരസ്യമായ രഹസ്യമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എകെജി സെന്ററിന് നേരെ അക്രമം ഉണ്ടായിട്ട് ഒന്നര ആഴ്ച പിന്നിടുമ്പോഴും അക്രമിയെ പിടികൂടാനാകാത്തത് പാര്‍ടിക്കും സര്‍കാരിനും പൊലീസിനും വലിയ നാണക്കേടായി. 

പരിസരത്തെ വീടുകളിലേതുള്‍പെടെ നൂറോളം സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സ്ഫോടക വസ്തു എറിഞ്ഞ ആള്‍ സഞ്ചരിച്ച വാഹനം പോലും ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പരോ സഞ്ചരിച്ച ആളിനെയോ തിരിച്ചറിയാനാകുന്നില്ല. ആക്ടീവ പോലുള്ള വണ്ടിയിലാണ് അക്രമി എത്തിയതെന്ന പ്രാഥമിക വിവരം മാത്രമാണ് പൊലീസിന് ലഭിച്ചത്. ഇതുപോലുള്ള രണ്ടായിരത്തോളം വാഹനങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. നഗരത്തിന്റെ പല ഭാഗങ്ങളിലും പൊലീസ് സ്ഥാപിച്ച കാമറകളില്‍ പലതും പ്രവര്‍ത്തിക്കാത്തതും അക്രമിക്ക് തുണയായി. 

സംഭവം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അക്രമിയെ പിടികൂടാനാവാത്തത്. പക്ഷെ, ആര് ആസൂത്രണം നടത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന രീതിയിലുള്ള പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയതും ശ്രദ്ധേയമാണ്. 

കഴിഞ്ഞമാസം 30ന്  രാത്രി 11.20ന് ശേഷമാണ് എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത്. അക്രമി സെന്ററിന് പിന്നിലുള്ള കുന്നുകുഴി ഭാഗത്തേക്കാണ് സ്‌കൂടറില്‍ പോയത്. ഈ സമയം സുരക്ഷാ ചുമതലയുണ്ടായിരുന്ന ഏഴ് പൊലീസുകാര്‍ വാഹനം പിന്തുടര്‍ന്നില്ല. വാഹനം പോയ വഴിയിലുള്ള സിസിടിവി പരിശോധിച്ചെങ്കിലും പലതിലെയും ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. 

ഇരുട്ടിലെ ദൃശ്യങ്ങള്‍ വ്യക്തമായി ഒപ്പിയെടുക്കുന്ന സാങ്കേതികവിദ്യയുള്ള കാമറകളുടെ അഭാവവും പല വീടുകളുടെയും സിസിടിവി കാമറാ പരിധി വീടുകളുടെ ഗേറ്റ് വരെ ആയതും പൊലീസിനെ കുഴപ്പിച്ചു. അതിലുപരിയായി പൊലീസ് നഗരത്തില്‍ സ്ഥാപിച്ച 233 കാമറകളില്‍ നൂറോളം  പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി 114 ജന്‍ക്ഷനുകളില്‍ കാമറകള്‍ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചില ജന്‍ക്ഷനുകളില്‍ പൊലീസ് സ്ഥാപിച്ചിരുന്ന കാമറകള്‍ മാറ്റിയിട്ടുണ്ട്.  കോര്‍പറേഷന്‍ ഓഫിസിലായിരിക്കും പുതിയ കണ്‍ട്രോള്‍ റൂം. നഗരത്തില്‍ രാത്രി ബൈക് റേസിംഗ് നടക്കാറുള്ള വെള്ളയമ്പലം- കവടിയാര്‍ റോഡിലെ സിസിടിവി കാമറകള്‍ പലപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാമറകള്‍ നന്നാക്കുമെന്ന് പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. 


AKG centre attack | സര്‍കാരിനും പാര്‍ടിക്കും നാണക്കേട്; എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ആളെ പിടിക്കാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്


എകെജി സെന്ററിന് പുറത്ത് പോലും മികച്ച സിസിടിവി കാമറകള്‍ സ്ഥാപിക്കാത്തത് വലിയ വീഴ്ചയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാത്ത പൊലീസിന്റെ അലംഭാവമാണ് സ്ഫോടക വസ്തു എറിഞ്ഞ ആളെ ഇപ്പോഴും സ്വതന്ത്രമായി നടക്കാന്‍ സഹായിക്കുന്നത്. അല്ലായിരുന്നെങ്കില്‍ അയാളെ മണിക്കൂറികള്‍ക്കകം നിയമത്തിന് മുന്നില്‍ കൊണ്ടുവരാമായിരുന്നുവെന്നാണ് പ്രതിപക്ഷം അടക്കമുള്ളവരുടെ പഴി.

Keywords: Police still groping in darkness on AKG centre attack in Kerala, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Police, CCTV, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia