അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പന ശാലയിലെ ജീവനക്കാരി പട്ടാപ്പകല്‍ കുത്തേറ്റു മരിച്ച സംഭവം; തമിഴ് നാട് സ്വദേശി പിടിയില്‍
Feb 11, 2022, 12:04 IST
തിരുവനന്തപുരം: (www.kvartha.com 11.02.2022) അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു.
പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിനീതയുടെ മാല ഇയാള്‍ മോഷ്ടിച്ചിരുന്നതായി സംശയിക്കുന്നു. ഈ മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
സംഭവ സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രാജേഷിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്. പ്രതി മലയാളിയല്ലെന്ന് സൂചന ലഭിച്ചിരുന്നു.
സംഭവം നടന്ന ചെടി വില്‍പനശാലയ്ക്കു സമീപത്തു നിന്നു തന്റെ ഓടോയില്‍ കയറിയ ആള്‍ മെഡികല്‍ കോളജിനടുത്തേക്കു പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തൊട്ടടുത്ത മുട്ടട ജംക്ഷനു സമീപം റോഡരികിലെ ആലപ്പുറം കുളത്തിനടുത്ത് ഇറങ്ങിയെന്നും ഡ്രൈവര്‍ അറിയിച്ചു.
അമ്പലമുക്കിൽ നിന്നും ഓടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓടോ ഡ്രൈവരാണ് പൊലീസിന് വിവരം കൈമാറിയത്.
ഈ റോഡില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലംമുക്ക് കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് വാണ്ട പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടില്‍ വിനീത വിജയനെ (38) ഞായറാഴ്ച ഉച്ചയ്ക്കാണ് കടയ്ക്കുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്.
കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. അതിന് ശേഷം നഴ്‌സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു.
വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്‌സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പോളിനടിയില്‍ മൃതദേഹം കണ്ടത്.
പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കണ്ടെത്താനായില്ല. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിച്ചത്.
Keywords: Police take T.N. native into custody in Ambalamukku murder case, Thiruvananthapuram, News, Trending, Murder case, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.