Police Custody | സൈകിള്‍ യാത്രികനായ 15കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രിയരഞ്ജന്‍ പിടിയില്‍; പ്രതിക്ക് നേരെ പ്രദേശവാസികളുടെ രോഷപ്രകടനം

 


തിരുവനന്തപുരം: (www.kvartha.com) സൈകിള്‍ യാത്രികനായ 15കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. കേരള- തമിഴ് നാട് അതിര്‍ത്തി മേഖലയില്‍ നിന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്

പത്താം ക്ലാസ് വിദ്യാര്‍ഥി പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖറി(15) നെ കൊലപ്പെടുത്തിയെന്ന കേസിലാണ് പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ (41) പിടിയിലായത്. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ പ്രദേശവാസികളുടെ രോഷപ്രകടനം ഉണ്ടായതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ആദിശേഖര്‍ ഓഗസ്റ്റ് 30ന് ആണ് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറിടിച്ചു മരിച്ചത്. അധ്യാപകനായ എ അരുണ്‍കുമാറിന്റെയും സെക്രടേറിയറ്റ് ഉദ്യോഗസ്ഥ ഐ ബി.ഷീബയുടെയും മകനാണ്. വിദേശത്തു ജോലി ചെയ്തിരുന്ന പ്രിയരഞ്ജന്‍ ഓണം പ്രമാണിച്ച് നാട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം.

സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദിശേഖര്‍ വീട്ടിലേക്കു പോകാന്‍ സൈകിളില്‍ കയറവെ റോഡരികില്‍ നിര്‍ത്തിയിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നീരജ് കാര്‍ വരുന്നതുകണ്ട് ഓടിരക്ഷപ്പെട്ടിരുന്നു.

വിദ്യാര്‍ഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തുവച്ചു തന്നെ വിദ്യാര്‍ഥി മരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനു വിവരം നല്‍കി. കാര്‍ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അപകടത്തിനു മുന്‍പ് പ്രിയരഞ്ജന്‍ ക്ഷേത്രത്തിനു മുന്നില്‍ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജന്‍ കയര്‍ത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി.

Police Custody | സൈകിള്‍ യാത്രികനായ 15കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രിയരഞ്ജന്‍ പിടിയില്‍; പ്രതിക്ക് നേരെ പ്രദേശവാസികളുടെ രോഷപ്രകടനം

Keywords: Poovachal Aadi Shekhar death case; Accused Priyaranjan in police custody, Thiruvananthapuram, News, Crime, Criminal Case, Poovachal Aadi Shekhar Death Case, Accused,  Priyaranjan, Police Custody, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia