ദേശാഭിമാനി കണ്‍. എഡിറ്റര്‍ മാധവന്‍കുട്ടിക്കെതിരെ വി.എസ് ശക്തി കേന്ദ്രത്തില്‍ പോസ്റ്റര്‍

 


ദേശാഭിമാനി കണ്‍. എഡിറ്റര്‍ മാധവന്‍കുട്ടിക്കെതിരെ വി.എസ് ശക്തി കേന്ദ്രത്തില്‍ പോസ്റ്റര്‍
കാസര്‍കോട്: ദേശാഭിമാനി കണ്‍സിള്‍ട്ടിംഗ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടിക്കെതിരെ നീലേശ്വരത്ത് വ്യാപകമായ പോസ്റ്റര്‍. വി.എസിന്റെ ശക്തകേന്ദ്രമായ നീലേശ്വരത്ത് ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമവേട്ടക്കെതിരെ 'രക്തസാക്ഷ്യം'എന്ന പേരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മാധവന്‍കുട്ടി എത്തുന്നതിന് തൊട്ടുമുമ്പാണ് പോസ്റ്ററും ഫ്ലക്സ്  ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്.

കയ്യൂരിന്റെ മക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറക്കിയിട്ടുള്ളത്. വി. എസ് ഓട്ടോ സ്റ്റാന്‍ഡില്‍  ഫ്ലക്സ്   ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായാണ് മാധവന്‍കുട്ടി അറിയപ്പെടുന്നത്. വി. എസ് ഓട്ടോ സ്റ്റാന്‍ഡിലെ  ഫ്ലക്സ്  ബോര്‍ഡ് ഇനിയും നേതാക്കള്‍ ഇടപ്പെട്ട് നീക്കം ചെയ്തിട്ടില്ല. നായനാര്‍ക്കെതിരെ റിപ്പോര്‍ട്ട് എഴുതിയ ആളാണ് മാധവന്‍കുട്ടിയെന്നാണ് നോട്ടീസില്‍ പറയുന്നത്.

1997ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ കയ്യൂര്‍ സമരത്തില്‍ ഇ.കെ നായനാര്‍ക്ക് പങ്കില്ലെന്ന് മാധവന്‍കുട്ടിയെഴുതിയ റിപ്പോര്‍ട്ടും കാര്‍ട്ടൂണും നോട്ടീസില്‍ ചേര്‍ത്തിട്ടുള്ളത്. നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപത്തെ യൂനിറ്റി ടവറിലാണ് (പഴയ വിജയലക്ഷ്മി തിയേറ്റര്‍) സെമിനാര്‍. മാധവന്‍കുട്ടിയെ കൂടാതെ പഴയ ഡിവൈഎഫ്‌ഐ നേതാവ് കോഴിക്കോട്ടെ പി. പ്രേംനാഥ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സിജി മാത്യു എന്നിവരും സെമിനാറില്‍ സംബന്ധിക്കുന്നുണ്ട്. കടുത്ത വി. എസ് വിരോധിയായി അറിയപ്പെടുന്ന മാധവന്‍കുട്ടി വി.എസിനെതിരെ സെമിനാറില്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ നേരിടുമെന്ന് വി.എസ് അനുകൂലികള്‍ ഇതിനകം നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് നോട്ടീസും  ഫ്ലക്സ്   ബോര്‍ഡും ഉയര്‍ത്തിയിരിക്കുന്നത്. പരിപാടിക്ക് ശക്തമായ പോലീസ് കാവലും ഉണ്ടാകുമെന്നാണ് സൂചന. വന്‍ മാധ്യമസംഘം സെമിനാര്‍ ചിത്രീകരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും നീലേശ്വരത്ത് തമ്പടിച്ചിട്ടുണ്ട്.

അതിനിടെ നീലേശ്വരത്ത് തനിക്കെതിരെ ഉയര്‍ന്ന  ഫ്ലക്സ്  ബോര്‍ഡും പോസ്റ്ററുകളും സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ മാധവന്‍കുട്ടി ബുധനാഴ്ച തയ്യാറായില്ല. നീലേശ്വരത്തെ യാത്രക്കിടയില്‍ കെ.വാര്‍ത്തയോട് ഫോണില്‍ സംസാരിച്ച് മാധവന്‍കുട്ടി പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം പല സംഭവങ്ങളും അഭിമുഖീകരിക്കേണ്ടിവരുമെന്ന് പറഞ്ഞു. ബോര്‍ഡും  ഫ്ലക്സും ഉയര്‍ത്തിയതിനെ കുറിച്ച് ഒന്നും പറയാനില്ല. അതേസമയം പൊതുരംഗത്ത് കാലത്തിനനുസൃതമായ നിലപാടുകളാണ് താന്‍ സ്വീകരിക്കുന്നതെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാധവന്‍കുട്ടിക്കെതിരായ പോസ്റ്ററുകളെ കുറിച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സിജി മാത്യൂ കെവാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. മാധവന്‍കുട്ടി വരുന്നത് മാധ്യമവേട്ടയെ കുറിച്ച് പ്രഭാഷണം നടത്താനാണ്. അദ്ദേഹം സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവാദങ്ങളൊന്നും പറയാനല്ല വരുന്നത്. അദ്ദേഹത്തിനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നത് വലിയ കാര്യമല്ല. പരിപാടി അലങ്കോലപ്പെടുത്താന്‍ ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. സംഘാടകര്‍ ഡിവൈഎഫ്‌ഐ ആണെന്ന് ഓര്‍ക്കണമെന്നും സിജി മാത്യു പറഞ്ഞു.

Keywords: Kasaragod, CPM, V.S Achuthanandan, Posters, Notice,Deshabhimani editor, N. Madhavan kutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia