അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ തൊഗാഡിയ മെയ് ആറിന് കാസര്‍കോട്ടെത്തുന്നു

 


അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ തൊഗാഡിയ മെയ് ആറിന് കാസര്‍കോട്ടെത്തുന്നു
കാഞ്ഞങ്ങാട്: കേരളത്തിലെ വിവിധ കോടതികളിലെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ മെയ് ആറിന് കാസര്‍കോട്ടെത്തുന്നത് പോലീസിന് തലവേദനയാകുന്നു. താളിപ്പടുപ്പ് മൈതാനിയില്‍ നടക്കുന്ന ഹിന്ദുശക്തി സമ്മേളനത്തില്‍ സംബന്ധിക്കാനാണ് തൊഗാഡിയ എത്തുന്നത്. എന്നാല്‍ വിവാദ നേതാവിന്റെ പരിപാടിക്ക് ജില്ലാ പോലീസ് നേതൃത്വം ഇനിയും അനുമതി നല്‍കിയിട്ടില്ല. കാസര്‍കോട്ട് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.

പ്രകോപനപരമായ പ്രസംഗം നടത്തിയതിനും സമൂഹത്തില്‍ മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമിച്ചതിനെതിരെയുമാണ് തൊഗാഡിയയ്‌ക്കെതിരെ കേരളത്തിലെ വിവിധ കോടതികളില്‍ കേസ് നിലവിലുള്ളത്. വര്‍ഷത്തില്‍ ഒട്ടുമിക്ക മാസക്കാലവും വിദേശത്ത് കഴിയുന്ന തൊഗാഡിയയെ പിടികൂടാന്‍ രാജ്യത്തെ പോലീസ് സംവിധാനത്തിന് ഇതുവരെ ആയിട്ടില്ല. അതിനിടയ്ക്കാണ് വര്‍ഷം തോറും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്ന് തൊഗാഡിയ ഹൈന്ദവ സംഘടനാവേദികളില്‍ തീപൊരിയുതിര്‍ത്ത് മടങ്ങുന്നത്. സന്ദര്‍ശനാനുമതി നിഷേധിക്കുന്ന സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും മൊബൈല്‍ ഫോണിലൂടെയും പ്രഭാഷണം നടത്തി തൊഗാഡിയ പുതിയ ചരത്രവും സൃഷ്ടിച്ചിട്ടുണ്ട്.

ഹിന്ദു ഐക്യവേദിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിക്ക് അനുമതി തേടി സംഘാടകര്‍ കാസര്‍കോട് ഡി.വൈ.എസ്.പിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും പോലീസിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തൊഗാഡിയ വരുന്നതിന് നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ് കെ. സുരേന്ദ്രന്‍ പറഞ്ഞു. പരിപാടിക്ക് അനുമതി തേടികൊണ്ട് സംഘാടകര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമൊന്നും കൈകൊണ്ടിട്ടില്ലെന്നും കാസര്‍കോട് എ.എസ്.പി ടി.കെ ഷിബു വെളിപ്പെടുത്തു.

ഇക്കാര്യത്തില്‍ എല്ലാ വശങ്ങളുടെ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നുമാണ് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തൊഗാഡിയ പരിപാടിക്കെത്തില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാസര്‍കോട്ട് അടുത്തകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതിനിടയില്‍ ഇത്തരത്തിലൊരു സമ്മേളനത്തിന് അനുമതി നല്‍കാന്‍ പോലീസിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

തൊഗാഡിയയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയിലടക്കം വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ തൊഗാഡിയ പരിപാടിക്കെത്തില്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. എന്നാല്‍ പോലീസ് അനുമതി നല്‍കിയാലും ഇല്ലെങ്കിലും തൊഗാഡിയ കാസര്‍കോട്ടെ പരിപാടിക്കെത്തുമെന്നാണ് സംഘാടകര്‍ സൂചിപ്പിക്കുന്നത്. തൊഗാഡിയയുടെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കോഴിക്കോട്ടും മറ്റുമടക്കം പല സ്ഥലങ്ങളിലും നേരത്തെ അദ്ദേഹത്തിനെതിരെ കേസെടുത്തത്.

Keywords: Kasaragod, Kerala, kanhangad, Police, Programme
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia