ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു; സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ചക്ക് പോലും സര്‍കാര്‍ തയാറാകുന്നില്ല; യാത്രാ നിരക്ക് കൂട്ടാതെ പിന്നോട്ടില്ലെന്നും ബസ് ഉടമകളുടെ സംഘടന
Mar 26, 2022, 16:57 IST
പാലക്കാട്: (www.kvartha.com 26.03.2022) ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനവുമായി ബസുടമകളുടെ സംഘടന. മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ചക്ക് പോലും സര്‍കാര്‍ തയറാകുന്നില്ലെന്നും യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്വകാര്യ ബസ് സമരം തുടരുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
പരീക്ഷാ കാലത്ത് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിതെന്നും സംഘടന കുറ്റപ്പെടുത്തി. നിരക്ക് വര്‍ധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് കഴിഞ്ഞ മൂന്നുദിവസമായി തുടരുകയാണ്. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. മധ്യ കേരളത്തിലും മലബാര്‍ മേഖലയിലും നാട്ടിന്‍ പുറങ്ങളിലുമാണ് ആളുകള്‍ സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിച്ചിട്ടുണ്ട്. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ആയി ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും അത് നടപ്പാക്കാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുകയാണ്.
വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍കാരിനെ കുഴപ്പിച്ചത്. എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി വീണ്ടും ചര്‍ചകള്‍ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാര്‍ജ് വര്‍ധനയില്‍ എല്‍ ഡി എഫിന്റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളില്‍ ഓടോ ടാക്‌സി പണി മുടക്കും തുടങ്ങിയേക്കും.
അതേസമയം സര്‍കാരിനെ സമ്മര്‍ദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ബസ് ഉടമകളോട് ആവശ്യപ്പെട്ടു. ബസ്, ഓടോ ടാക്‌സി പണിമുടക്കുമായി മുന്നോട്ട് പോയാല്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചാര്‍ജ് വര്‍ധന സര്‍കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണം എന്നതില്‍ ചര്‍ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍കാരിനെ സമ്മര്‍ദപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Keywords: Private bus strike to continue in Kerala, operators ask govt to increase fare, Palakkad, News, Strike, Minister, Allegation, Trending, Passengers, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.