Tribute | ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്‍മറഞ്ഞുപോയവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ച് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും
● ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ചു
● പുത്തുമലയിലേക്ക് പോകുന്ന വിവരം അവസാന നിമിഷമാണ് നേതൃത്വം അറിയിച്ചത്
● ഉപതിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ് ഉരുള്‍പൊട്ടല്‍
● ദുരന്തബാധിതര്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുഡിഎഫ്
കല്‍പറ്റ: (KVARTHA) ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്‍മറഞ്ഞുപോയവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും. കല്‍പറ്റയില്‍ കലക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷമാണ് പ്രിയങ്ക പുത്തുമലയിലെ പൊതുശ്മശാനത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചത്.
ദുരന്തത്തില്‍ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്. ദുരന്തത്തില്‍ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകള്‍ അടക്കമുള്ള വിവരങ്ങള്‍ ടി സിദ്ദീഖ് എംഎല്‍എ പ്രിയങ്കയെ ധരിപ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുശേഷം മടങ്ങിയിരുന്നു. ഇവരെ യാത്രയാക്കിയ ശേഷമാണ് പ്രിയങ്കയും രാഹുലും പുത്തുമലയില്‍ എത്തിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായപ്പോഴാണ് ഇതിനു മുന്‍പ് സഹോദരനൊപ്പം എത്തിയത്.
പുത്തുമലയിലേക്ക് പോകുന്ന വിവരം അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ് ഉരുള്‍പൊട്ടല്‍. ദുരന്തബാധിതര്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം നേരെ പുത്തുമലയിലേക്ക് പ്രിയങ്ക പോയത് വലിയ രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ തന്നെ വലിയ ദുരന്തങ്ങളിലൊന്നായ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക ഗാന്ധി പുത്തുമല സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇനിയുള്ള പ്രചാരണത്തിനായി എത്തുമ്പോള്‍ ദുരന്തബാധിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അമ്മ സോണിയ ഗാന്ധി, , ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരും പ്രിയങ്കയ്‌ക്കൊപ്പം എത്തിയിരുന്നു.
#Puthumala #Landslide #Wayanad #Kerala #Congress #UDF #IndianPolitics