Nomination | പ്രിയങ്കാ ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുലും എത്തും
● പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കും
● പ്രചാരണം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു
● ദേശീയ നേതാക്കള്‍ നവംബര്‍ ആദ്യം എത്തിത്തുടങ്ങും
കല്‍പറ്റ: (KVARTHA) വയനാട് ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക് സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിക്കും അണികള്‍ക്കുമൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് മുമ്പില്‍ പത്രിക സമര്‍പ്പിക്കുക.
യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവുമെന്ന് വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എപി അനില്‍ കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എപി അനില്‍ കുമാര്‍ എംഎല്‍എ, തിരഞ്ഞെടുപ്പ് സമിതി കോ ഓര്‍ഡിനേറ്റര്‍ ടി സിദ്ദിഖ് എംഎല്‍എ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ എന്‍ഡി അപ്പച്ചന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പിടി ഗോപാലക്കുറുപ്പ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ടി മുഹമ്മദ്, ടി ഉബൈദുല്ല എംഎല്‍എ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ നേതാക്കളെല്ലാം എത്തിത്തുടങ്ങിയിരുന്നു. പ്രചാരണവും പൊടിപൊടിക്കുന്നു. ദേശീയ നേതാക്കള്‍ നവംബര്‍ ആദ്യം എത്തിത്തുടങ്ങും.
#PriyankaGandhi, #WayanadByElection, #RahulGandhi, #Congress, #KeralaElection, #RoadShow