പോലീസിലെ ആര്‍എസ്എസ്-ബിജെപി അനുഭാവികള്‍ സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചോ? സിപിഎമ്മിനു സംശയം; പാര്‍ട്ടി അന്വേഷിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 22/12/2016) സംസ്ഥാനത്ത് പൊടുന്നനേ ഉണ്ടായ പോലീസ് അതിക്രമങ്ങളുടെ പരമ്പരയേക്കുറിച്ച് സിപിഎം പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുന്നു. പാര്‍ട്ടി കമ്മീഷനെവച്ചുള്ള ഔദ്യോഗിക അന്വേഷണമല്ല മറിച്ച്, എന്താണു സംഭവിച്ചതെന്ന് അറിയാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് അനൗദ്യോഗിക അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സിപിഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരുടെയും പോലീസ് അസോസിയേഷനില്‍ സിപിഎമ്മിന്റെ വിശ്വസ്ഥരെയും ഇതിന് ഉപയോഗിക്കും.
പോലീസിലെ ആര്‍എസ്എസ്-ബിജെപി അനുഭാവികള്‍ സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചോ? സിപിഎമ്മിനു സംശയം; പാര്‍ട്ടി അന്വേഷിക്കുന്നു

പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പേരുദോഷമുണ്ടാക്കാന്‍ പോലീസിനുള്ളില്‍ ആസൂത്രിത ശ്രമം നടന്നു എന്ന സംശയമാണ് നേതൃത്വത്തിനുള്ളത്. ഇടതുമുന്നണി സര്‍ക്കാരിന്റെ പോലീസ് ഒരിക്കലും ചെയ്യാത്ത തരത്തിലുള്ള ജനവിരുദ്ധ നടപടികള്‍ തുടര്‍ച്ചയായി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും വിവാദമായപ്പോള്‍ അതെല്ലാം തിരുത്തിയതിനോട് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങളുടെ രീതിയുമാണ് സിപിഎമ്മിനെ അലോസരപ്പെടുത്തുന്നത്.

കടപ്പുറത്ത് കാറ്റുകൊള്ളാനെത്തിയ സിപിഎം പ്രവര്‍ത്തകനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചത്, കമല്‍ സി ചവറ എന്ന എഴുത്തുകാരന്‍ സ്വന്തം നോവലിലെ ഒരു ഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കേസെടുത്ത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124ാം വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്, അയാളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നദീര്‍ എന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് ഇതെല്ലാം ചേര്‍ന്ന് സംസ്ഥാനത്തുണ്ടാക്കിയത് അതീവ ഗുരുതരമായ സര്‍ക്കാര്‍ വിരുദ്ധസിപിഎം വിരുദ്ധ വികാരമാണെന്ന് പാര്‍ട്ടി മനസിലാക്കുന്നു.

വി എസ് അച്യുതാനന്ദന്‍ ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ അത് പിണറായിയുടെ പോലീസിനെതിരായ വി എസിന്റെ രോഷമായി വ്യാഖ്യാനിക്കാന്‍ സാധിക്കാത്ത വിധം സ്ഥിതി മോശമായിരുന്നു. അതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പോലീസിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു. കമല്‍ സി ചവറയെ റിമാന്‍ഡ് ചെയ്തിരുന്നെങ്കില്‍ സ്ഥിതി മോശമാകുമെന്നു വന്നതോടെയാണ് അയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. രാജ്യദ്രോഹക്കുറ്റം അയാള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് ഡിജിപിക്കു തന്നെ പറയേണ്ടിയും വന്നു.

അങ്ങനെ മുഖം രക്ഷിച്ചു നില്‍ക്കുമ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്. അതും നാണക്കേടായി. മാവോയിസ്റ്റ് ബന്ധത്തിന് തെളിവില്ലെന്ന് പറഞ്ഞ് വിട്ടയയ്‌ക്കേണ്ടി വന്നു. പോലീസ് ഇവരെയൊക്കെ വിട്ടയച്ചത് ശരിയായില്ലെന്നും പാര്‍ട്ടി പോലീസിനെ നിയന്ത്രിക്കുകയാണെന്നും ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അസാധാരണമായി രംഗത്തുവന്നത് സിപിഎം ശ്രദ്ധിച്ചിട്ടുണ്ട്. ആ വഴിക്കാണ് അന്വേഷണമെന്നാണ് സൂചന. പോലീസിലെ ആര്‍എസ്എസ്-ബിജെപി അനുഭാവികള്‍ സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന സംശയം പാര്‍ട്ടിക്ക് ശക്തമായുണ്ടത്രെ.

Also Read:
രണ്ട് പിഞ്ചുമക്കളേയും കൊണ്ട് അധ്യാപിക കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

Keywords:  Kerala, Police, CPM, BJP, RSS, Pro RSS-BJP Police men in Kerala police? CPM to probe unofficially
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia