വടകര താലൂക് ഓഫിസിലെ തീപിടിത്തം: സ്ഥലത്തെത്തിയ എംഎല്‍എയ്ക്ക് ശാരീരികാസ്വാസ്ഥ്യം; അട്ടിമറിസാധ്യത അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ്; പ്രാഥമിക റിപോര്‍ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് റെവന്യൂ മന്ത്രി
Dec 17, 2021, 13:47 IST
കോഴിക്കോട്: (www.kvartha.com 17.12.2021) തീപിടിത്തമുണ്ടായ വടകര താലൂക് ഓഫിസിലെത്തിയ നാദപുരം എംഎല്‍എ ഇ കെ വിജയന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വടകര താലൂക് ഓഫിസിന് തീപിടിച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫയലുകളും കത്തിപ്പോയി. തൊട്ടുത്തുള്ള പഴയ ട്രഷറി കെട്ടിടവും ഭാഗികമായി നശിച്ചു.
അതിനിടെ, വടകര താലൂക് ഓഫിസ് തീപിടിത്തത്തില്‍ അട്ടിമറിസാധ്യത അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് എ ശ്രീനിവാസ് അറിയിച്ചു. അന്വേഷണത്തിന് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തീപിടിത്തം പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടര്‍ എന്‍ തേജ് ലോഹിത റെഡി വ്യക്തമാക്കി. രണ്ടു ദിവസത്തിനകം പ്രാഥമിക റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ചു. താലൂക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പെടുത്തും. ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
തീപിടിത്തം അന്വേഷിക്കുമെന്ന് റെവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി. എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നോയെന്ന് പരിശോധിക്കും. പ്രാഥമിക റിപോര്‍ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വടകര എംഎല്‍എ കെ കെ രമ ആവശ്യപ്പെട്ടു. സമീപത്തെ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ ഓഫിസിന്റെ ശുചിമുറിയിലും തീ കണ്ടിരുന്നു. അന്ന് ആരും പരാതി കൊടുത്തില്ലെന്നും എംഎല്‍എ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.