Protest | പാനൂരില്‍ കൃത്രിമ ജലപാതാ വിരുദ്ധ സമരം ശക്തമായി; പ്രതിഷേധ മാര്‍ചും ധര്‍ണയുമായി സംയുക്ത സമരസമിതി

 


തലശേരി: (www.kvartha.com) വിദേശികളുടെ വിനോദസഞ്ചാരത്തിന്റെ മറവില്‍ നാടിനെ കീറിമുറിക്കുന്ന ജലപാത നിര്‍മിക്കുന്നുവെന്ന് ആരോപിച്ച് പാനൂരില്‍ സമരം ശക്തമായി. പദ്ധതിക്കെതിരെ സിപിഎം ജനപ്രതിനിധികള്‍ ഉള്‍പെടെ സമര രംഗത്തിറങ്ങിയിട്ടുണ്ട്. മാഹി മുതല്‍ വളപട്ടണം വരെ കോടികള്‍ മുടക്കി മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിര്‍ദിഷ്ട ജലപാതയ്ക്കെതിരെ തലശേരിയില്‍ നടന്ന മാര്‍ചില്‍ ജനകീയ പ്രതിഷേധമിരമ്പി.
        
Protest | പാനൂരില്‍ കൃത്രിമ ജലപാതാ വിരുദ്ധ സമരം ശക്തമായി; പ്രതിഷേധ മാര്‍ചും ധര്‍ണയുമായി സംയുക്ത സമരസമിതി

സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുന്നൂറിലേറെ പേരാണ് ടൗണ്‍ ഹോളില്‍ നിന്നും പൊരിവെയിലിനെ കൂസാതെ ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിച്ച് തലശേരി സബ് കലക്റുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തിയത്. ജലപാതയുടെ ഒന്നാം റീചായ മാഹി മുതല്‍ ചാടാല പുഴ വരെയുളള കൃത്രിമ ജലപാത നിര്‍മാണത്തിനെതിരെയാണ് അതിശക്തമായ പ്രതിഷേധവുമായി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി രംഗത്തുവന്നത്.

പുല്ലൂക്ക, അണിയാരം, പൂക്കാം, പന്ന്യന്നൂര്‍, മനേക്കര, ചാമ്പാട്, മാക്കുനി പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. പദ്ധതി നടപ്പിലായാല്‍ പ്രദേശം മുഴുവനും കുടിവെളളത്തിനും ജലമലിനീകരണത്തിനും അതുവഴി സമ്പൂര്‍ണ കൃഷി നാശത്തിനും കാരണമാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത്. പദ്ധതി മാഹി പുഴവഴി അറബിക്കടലിന്റെ തീരപ്രദേശത്ത് കൂടി ബേക്കലിലേക്ക് കൊണ്ടുപോകാന്‍ സര്‍കാര്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ മാര്‍ച് സബ് കലക്ടറുടെ കാര്യാലയത്തിന് മുന്‍പില്‍ നിന്നും പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിനാശകരമായ ജലപാത പദ്ധതികൊണ്ടു നാടുമുഴുവന്‍ ദുരിതമനുഭവിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും ധാരാളമായി തെരുവിലിറങ്ങുന്ന അവസ്ഥ നാട്ടിലുണ്ടായിരിക്കുന്നു. സ്ത്രീകള്‍ മുന്നിട്ടിറങ്ങി നടത്തിയ സമരം ലോകത്തിലൊരിടത്തും പരാജയപ്പെട്ടിട്ടില്ലെന്നതാണ് അനുഭവമെന്ന് മനസിലാക്കണമെന്നും സുരേന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു.

ടൂറിസ്റ്റുകളെ നാടുമുഴുവന്‍ കാണിക്കാനാണ് കൃത്രിമ ജലപാത നിര്‍മിക്കുന്നതെന്നാണ് സര്‍കാര്‍ പറയുന്നത്. എന്നാല്‍ നമ്മുടെ പ്രകൃതി സമ്പത്ത് കാണാനാണ് ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്നതെന്നും കൃത്രിമമായിയുണ്ടാക്കുന്നവ കാണാനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിനേശന്‍ പാച്ചോള്‍ അധ്യക്ഷനായി. ഇ മനീഷ്, പാനൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എ ശൈലജ, വാര്‍ഡ് മെമ്പര്‍ സ്മിത സജിത്ത്, ഡിസിസി ജെനറല്‍ സെക്രടറി കെപി സാജു, അഡ്വ. രത്നാകരന്‍, ശാനിദ് മേക്കുന്ന്, എന്‍പി മുകുന്ദന്‍, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, മനോജ് ടി സാരംഗ്, സികേഷ് മാക്കുനി എന്നിവര്‍ പ്രസംഗിച്ചു. ഒടക്കോത്ത് സന്തോഷ് സ്വാഗതവും കെപി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Keywords: Kannur News, Kerala News, Malayalam News, Protest, Kannur Protest, Panoor News, Protest against construction of artificial waterway in Panoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia