കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാറ് പിടികൂടിയ സംഭവം; തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

 



തിരുവനന്തപുരം: (www.kvartha.com 10.01.2022) പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പിടികൂടിയ സംഭവത്തില്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ പിടികൂടിയതായി പൊലീസ്. കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ആളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം. യുപി രെജിസ്ട്രേഷന്‍ കാറാണ് ഹോടെലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോടെലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ ഹോടെലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി എത്തിയത്. കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. 

അമിത വേഗതയിലെത്തി കാര്‍ ഹോടെലിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തു. അതിനിടെ ഇയാള്‍ അസ്വസ്ഥനായി ഹോടെലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോടെല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോടെലില്‍ ബഹളം വച്ചുവെന്നും സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.  

ഇതിനിടെയാണ് ഹോടെല്‍ അധികൃതര്‍ പൊലീസിന് വിവരം അറിയിച്ചത്. അതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓടോ റിക്ഷയില്‍ കടന്നുകളയുകയായിരുന്നു. 

കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാറ് പിടികൂടിയ സംഭവം; തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍


കാര്‍ സ്റ്റേഷനിലേക്ക് മാറ്റി പൊലീസ് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 

ഈ വാചകങ്ങളുമായി കാര്‍ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജന്‍സികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.

Keywords:  News, Kerala, State, Thiruvananthapuram, Car, Vehicles, Prime Minister, Custody, Police, Punjab Man held for slogans against Modi on Car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia