Criticism | പുഷ്പന്റെ മരണം: കൂത്തുപറമ്പ്, തലശേരി മേഖലയില്‍ നടത്തിയ ഹര്‍ത്താല്‍ ജനദ്രോഹമെന്ന് ബിജെപി; സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എന്‍ ഹരിദാസ്

 
Pushpan's Death: BJP Criticizes CPM for Hartal in Koothuparamba
Pushpan's Death: BJP Criticizes CPM for Hartal in Koothuparamba

Photo: Arranged

● വെടിയേറ്റത് 30 വര്‍ഷം മുന്‍പ്
● അന്ന് പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് നേതൃത്വം പാടെ വ്യതിചലിച്ചു കഴിഞ്ഞു
● കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ച എം വി ആര്‍ ഇന്ന് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട നേതാവായി മാറി

കണ്ണൂര്‍: (KVARTHA) ചൊക്ലിയിലെ പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനദ്രോഹമാണെന്നും നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് രംഗത്ത്.

ഇത്തരത്തിലുള്ള ഒരു ജനദ്രോഹ ഹര്‍ത്താലിന്റെ ആവശ്യം എന്തെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി മരിച്ചപ്പോഴും സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എം എം ലോറന്‍സ് മരിച്ചപ്പോഴും  ഹര്‍ത്താല്‍ ആചരിക്കാത്ത സിപിഎം നേതൃത്വം ഏത് സാഹചര്യത്തിലാണ് പുഷ്പന്റെ മരണത്തില്‍ ഹര്‍ത്താല്‍ ആചരിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം നേതൃത്വത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ് കഴിഞ്ഞദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  30 വര്‍ഷം മുന്‍പാണ് പുഷ്പന് വെടിയേറ്റത്. അന്ന് സിപിഎം ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് നേതൃത്വം പാടെ വ്യതിചലിച്ചു കഴിഞ്ഞു.  അന്ന് നേതൃത്വം കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ച എം വി ആര്‍ ഇന്ന് സിപിഎമ്മിന് വേണ്ടപ്പെട്ട നേതാവായി മാറി. 

ഒരേസമയം എംവി രാഘവന്റെ ചരമവാര്‍ഷികം സംഘടിപ്പിക്കുകയും അതോടൊപ്പം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത് എന്നും ഹരിദാസ് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ സമരം ചെയ്ത സിപിഎം ഇന്ന് അതേ സംവിധാനത്തിന്റെ അപ്പോസ്തലന്മാരായി മാറിയിരിക്കുകയാണ്. 

സിപിഎം ഭരണത്തില്‍ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്.  കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്ന സമയത്ത് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജനാണ് ഇന്ന് സിപിഎം ജില്ലാ സെക്രട്ടറി.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയ അതേ ജയരാജന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനായത് കേരള സമൂഹം നേരിട്ട് കണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ഒരുകാലത്ത് സിപിഎം നേതൃത്വം സ്വീകരിച്ച നിലപാട് പാടെ അപ്രസക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ കൂത്തുപറമ്പില്‍ നടന്ന പ്രതിഷേധവും തുടര്‍ന്നുണ്ടായ അക്രമവും വെടിവെപ്പും വര്‍ത്തമാനകാല കേരളത്തില്‍ തീര്‍ത്തും അപ്രസക്തമാണെന്നും ഹരിദാസ് കുറ്റപ്പെടുത്തി.

ഈ സാഹചര്യം അറിഞ്ഞുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വം ഇത്തരത്തിലുള്ള ജനദ്രോഹ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് തീര്‍ത്തും അപരിഷ്‌കൃതമാണ്. നിലവില്‍ പിവി അന്‍വര്‍ ഉള്‍പ്പെടെ ഉള്ള സിപിഎം അനുകൂല എംഎല്‍എ തന്നെ ഉയര്‍ത്തിയ നിരവധി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള കേവല തന്ത്രത്തിന്റെ ഭാഗമായി മാത്രമേ ഈ  ജനദ്രോഹ ഹര്‍ത്താലിനെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ഹരിദാസ് കുറ്റപ്പെടുത്തി. 

ആശയ ദാരിദ്ര്യം അനുഭവിക്കുന്ന സിപിഎം അക്രമത്തില്‍ കൂടിയും അപ്രസക്തമായ മുദ്രാവാക്യങ്ങളില്‍ കൂടിയും അണികളെ ഇളക്കി വിട്ട് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. കേവലം ന്യൂനപക്ഷ വോട്ടുകള്‍ക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്ര മുസ്ലിം സംഘടനകളുടെ കാല്‍കീഴില്‍ പാര്‍ട്ടിയെ അടിയറ വെക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചു വരുന്നത്. നിലപാടുകള്‍ നഷ്ടമായ സിപിഎം നിലനില്‍പ്പിനു വേണ്ടി എന്ത് ഹീനമായ മാര്‍ഗവും സ്വീകരിക്കുമെന്നതിനുള്‌ല ഉത്തമ ഉദാഹരണമാണ് ജനദ്രോഹ ഹര്‍ത്താലെന്നും അദ്ദേഹം ആരോപിച്ചു.

#PushpanDeath #BJPVsCPM #KeralaPolitics #Hartal #Koothuparamba #PoliticalProtest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia