Python | ബൈക്കിൻ്റെ ഹെഡ് ലൈറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്! പുറത്തെടുത്തത് ഏറെ പരിശ്രമത്തിനൊടുവിൽ
വനം വകുപ്പിൻ്റെയും മലബാർ എവയർനെസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെയും (മാർക്ക്) റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി
കണ്ണൂർ: (KVARTHA) ബൈക്കിൻ്റെ ഹെഡ് ലൈറ്റിനുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻ്റീന് മുൻവശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പൾസർ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ കയറിയ പെരുമ്പാമ്പിന്റെ കുട്ടിയെയാണ് പിടികൂടിയത്.
വനം വകുപ്പിൻ്റെയും മലബാർ എവയർനെസ് ആൻഡ് റസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫിൻ്റെയും (മാർക്ക്) റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു. ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.
റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. ഇദ്ദേഹം ഉടൻ തന്നെ ചുറ്റുമുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറിക്കൂടുകയായിരുന്നു. ഇതേ തുടർന്നാണ് റസ്ക്യുവറുടെ സഹായം തേടിയത്.