സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം മാധ്യമങ്ങളുടെ ഗുണനിലവാരവും ഉയരണം: മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com 08.02.2020) കല്ലച്ചില്‍ നിന്നും ഡെസ്‌ക്ടോപ്പിലും പിന്നീട് മൊബെല്‍വേര്‍ഷനുകളിലേക്കും മാധ്യമ സാങ്കേതികവിദ്യ വളര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്‌ലാടനം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ഉദ്‌ലാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 170 വര്‍ഷത്തെ ചരിത്രമുണ്ട് മലയാള പത്രപ്രവര്‍ത്തന രംഗത്തിന് .നാടിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പഴയ കാല മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയതിരുന്നത്. കണ്ണൂരിനെ സംബന്ധിച്ചിടുത്തോളം മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രത്യേകസ്ഥാനമുണ്ട്.മലയാളത്തിലെ ആദ്യ വര്‍ത്തമാനപത്രമായ രാജ്യ സമാചാരം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ചത് തലശേരിയിലെ ഇല്ലിക്കുന്നില്‍ വെച്ചാണ്.രണ്ടാമത്തെ പത്രമായ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത് തലശേരിയില്‍ നിന്നു തന്നെയാണ്. ഒട്ടേറെ പ്രതിഭാധനന്മാരുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു കണ്ണൂര്‍ പ്രസ് ക്ലബ്ബ്. ഇവരൊക്കെ നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്നും പ്രവര്‍ത്തിച്ചിരുന്നത്. പൊതുവികസനത്തിനു ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു മാതൃകാപരമായ പ്രവര്‍ത്തനമാണു കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടരുന്നത്.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം മാധ്യമങ്ങളുടെ ഗുണനിലവാരവും ഉയരണം: മുഖ്യമന്ത്രി

കല്ലച്ചില്‍ നിന്നും ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിലേക്കുള്ള വളര്‍ച്ച വിസ്മയാവഹമാണ്. സാങ്കേതിക പുരോഗതിയില്‍ വലിയ മാറ്റങ്ങളാണു പത്രരംഗത്തുണ്ടായിരിക്കുന്നത്. പത്രങ്ങള്‍ കൂടുതല്‍ പ്രഫഷണലായി. എല്ലാ നിലയ്ക്കും ആധുനികവും ആകര്‍ഷവുമായി. എന്നാല്‍, സാങ്കേതിക കാര്യങ്ങളില്‍ അത്ഭുതാവഹമായ പുരോഗതി നേടുന്‌പോഴും അത് ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന സംശയം ബാക്കിനില്‍ക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്പുള്ള ഘട്ടങ്ങളില്‍ പത്രപ്രവര്‍ത്തനം സാമൂഹിക ലക്ഷ്യത്തോടെയുള്ള സേവനമായിരുന്നു.

ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടുവന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ സദാ സജ്ജരാക്കുകയായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. പത്രപ്രവര്‍ത്തനത്തിനു തുടക്കം മുതല്‍ തന്നെ ഒരു സന്ദേശവും വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. ഇപ്പോള്‍ നാം ആധുനിക പത്രപ്രവര്‍ത്തനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ സന്ദേശവും ലക്ഷ്യവും വഴിക്കെവിടയോ വച്ചു നഷ്ടമായില്ലേ. സന്ദേശവും ലക്ഷ്യവും വച്ചു പത്രപ്രവര്‍ത്തനം നടത്തുകയെന്നതു ശരിയല്ലെന്ന് കരുതുന്നവരുണ്ടാകും. അങ്ങനെ കരുതുന്നവരില്‍ പലരും സാഹസികാംവിധം പത്രപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. സന്ദേശവും ലക്ഷ്യവും മുന്‍നിര്‍ത്തി പത്രപ്രവര്‍ത്തനം നടത്തിയവര്‍ എന്നും സാഹസികതയുടെ പാതയിലൂടെയാണു സഞ്ചരിച്ചിട്ടുള്ളത്.

ആ വഴിക്കു നീങ്ങിയതുകൊണ്ടാണു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതും അദ്ദേഹത്തിന്റെ പ്രസ് കണ്ടുകെട്ടപ്പെട്ടതും. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട പല പത്രങ്ങള്‍ക്കും ആദ്യകാലത്ത് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പത്രങ്ങളും പത്രാധിപന്മാരും കടുത്ത വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിട്ടാണു സ്വാതന്ത്ര്യസമര കാലത്തു പത്രപ്രവര്‍ത്തനം നടത്തിയത്. ആ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ പൊതുവായ ഉള്ളടക്കം നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധതയായിരുന്നു.

സ്വാതന്ത്ര്യലബ്ദിയെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഈ ഉള്ളടക്കം നേര്‍ത്തു നേര്‍ത്തുവരുന്നതായാണു കാണാന്‍ സാധിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവില്‍ അനീതിക്കും അധര്‍മത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ നിന്നു പിന്നോട്ടു പോവുകയാണുണ്ടായത്. ജനങ്ങളുടെ സ്വീകാര്യത ഉറപ്പിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തേടുന്നതും സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാക്കാനാകും. വായനാസുഖമുള്ള ഇനങ്ങള്‍ കൊടുക്കുക, വാര്‍ത്തകളെ സെന്‍സേഷനലൈസ് ചെയ്യുക, ഗൗരവകരമായ ജനജീവിത പ്രശ്‌നങ്ങളെ നിസാരകങ്ങളായ കൗതുകവാര്‍ത്തകള്‍ കൊണ്ടു പകരം വയ്ക്കുക ഇത്തരത്തിലുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ പ്രഫഷണലൈസേഷന്‍ എന്നവഴിക്കാണു പലരും നീങ്ങിയത്. ഈ പൊതുനിഗമനത്തിനു ചില മറുവാദങ്ങള്‍ ഇല്ലായെന്നില്ല. രാജ്യത്തെ പിടിച്ചുലച്ച വലിയ കുംഭകോണങ്ങളും കര്‍ഷക ആത്മഹത്യകളും പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവേ സാഹസികതയുടെ വഴി ഉപേക്ഷിച്ചതായി കാണുന്നു. ഒറ്റപ്പെട്ട നിലയിലാണെങ്കില്‍ പോലും മൂല്യവത്തും അന്വേഷണാത്മകവുമായ പത്രപ്രവര്‍ത്തനം പിന്തുടര്‍ന്നവര്‍ അങ്ങിങ്ങായി ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് വലിയ വില നല്‌കേണ്ടതായും വന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഗ്ലോബല്‍ പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180 രാജ്യങ്ങളുണ്ട്. ഇതില്‍ 140 ാം സ്ഥാനത്തു മാത്രമാണു നമ്മുടെ രാജ്യം. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എത്രപിന്നിലാണു നാമെന്ന് ഓര്‍ത്തുനോക്കുക. അതിന് അടിവരയിടുന്ന വസ്തുതയാണ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമങ്ങള്‍ പെരുകുന്നുവെന്നതും പലയിടങ്ങളിലും അതിനു ഭരണവര്‍ഗത്തിന്റെ പിന്തുണയുണ്ടെന്നതും. വലിയ മുഖ്യധാരാ മാധ്യമങ്ങള്‍ ഏതൊക്കെ വിഷയങ്ങള്‍ക്കു നേര്‍ക്കു കണ്ണടയ്ക്കുന്നുവോ ആ വിഷയങ്ങള്‍ മുഖ്യധാരയിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കുന്നവര്‍ അതിഭീകരമായി വേട്ടയാടപ്പെടുന്നുവെന്നതാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. അഴിമതി മുതല്‍ വര്‍ഗീയത വരെയുള്ള വിഷയങ്ങള്‍ ഇതില്‍പ്പെടും. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനാണു ഗൗരി ലങ്കേഷ് സ്വന്തം വീട്ടില്‍ വെടിയേറ്റുമരിച്ചത്.
രാജ്യത്തു വ്യാപകമായ അസഹിഷ്ണുതയുടെ അന്തരീക്ഷം രൂപപ്പെടുന്‌പോള്‍ അതിന്റെ ഭീകരതയില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒഴിഞ്ഞുനില്ക്കാനാകില്ല. പത്രപ്രവര്‍ത്തനമെന്നതു സൂക്ഷ്മമായ അര്‍ഥത്തില്‍ നോക്കിയാല്‍ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്.

സാംസ്‌കാരിക പ്രവര്‍ത്തനമാകട്ടെ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ മേല്‍ക്കൂരയാണ്. മേല്‍ക്കൂര ഉറച്ചുനില്‍ക്കണമെങ്കില്‍ താഴെ ഒരു അടിത്തറവേണം. അടിത്തറ ഭൗതികജീവിത സാഹചര്യത്തിന്റേതാണ്. ആ അടിത്തറ തകര്‍ന്നാല്‍ മേല്‍ക്കൂരയ്ക്കു മാത്രമായി നിലനില്‍പ്പില്ല. ഈ അടിത്തറയെ രൂപപ്പെടുത്തുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാനസാമൂഹ്യ മൂല്യങ്ങളാണ്. ഇവ അപകടപ്പെട്ടാല്‍ മാധ്യമസ്വാതന്ത്ര്യത്തിനു വേറിട്ടു നിലനില്‍ക്കാനാകില്ല. ഈ സത്യം എത്ര മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തിരിച്ചറിയുന്നുണ്ട്?. തിരിച്ചറിയുന്നവര്‍പോലും ഇതറിഞ്ഞമട്ടിലല്ല പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാമൂല്യങ്ങളായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരേ ഉയരുന്ന ഭീഷണികളെ തുറന്നുകാട്ടാനും അവയെ ചെറുക്കാനും എത്രപേര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മതനിരപേക്ഷവും ജനാധിപത്യവും സ്വതന്ത്രവുമായ ഒരു സമൂഹം നിലനിന്നാല്‍ മാത്രമേ ശരിയായ പത്രപ്രവര്‍ത്തനത്തിനുള്ള അവസരമുണ്ടാകൂവെന്ന് തിരിച്ചറിയുന്നുണ്ടെങ്കില്‍ ഈ രംഗത്തു നിസംഗത പാലിക്കാന്‍ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കുറേക്കൂടി മെച്ചപ്പെട്ട നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ കൂടി ദേശീയമാധ്യമങ്ങളുടെ സ്ഥിതി അത്തരത്തിലാണെന്നു പറയാന്‍ കഴിയില്ല. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കു കുടപിടിക്കുന്നവരായി പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും  മാറിയിട്ടുണ്ടെന്ന വസ്തുത മറക്കരുത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നു തന്നെ പ്രതിഷേധവും ചെറുത്തുനില്പ്പും ഉയരേണ്ടതുണ്ട്.

ഭരണഘടനയെ സംരക്ഷിക്കേണ്ടതു പത്രസ്വാതന്ത്ര്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. പൗരനു നഷ്ടപ്പെടുന്നതെന്തും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നഷ്ടപ്പെടും. മതനിരപേക്ഷത എന്നതു ഭരണഘടനാമൂല്യമാണ്. അതിനെ സംരക്ഷിക്കാന്‍ പൊരുതുന്നവരേയും നശിപ്പിക്കാന്‍ വേണ്ടി അക്രമം നടത്തുന്ന വര്‍ഗീയ ശക്തികളേയും ഒരേകണ്ണുകൊണ്ടല്ലേ രാജ്യത്ത് പല മാധ്യങ്ങളും കാണുന്നത്. മതനിരപേക്ഷതയും വര്‍ഗീയതയും ഏറ്റുമുട്ടുന്‌പോള്‍ നിഷ്പക്ഷരാവുകയല്ല, മതനിരപേക്ഷതയുടെ പക്ഷം ചേരുകയാണു വേണ്ടത്. മതനിരപേക്ഷത നിലനിന്നാലേ മാധ്യമസ്വാതന്ത്ര്യവും നിലനില്ക്കൂവെന്നു തിരിച്ചറിയാന്‍ കഴിയണം. രാജ്യം നേരിടുന്ന ഭീഷണികള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളാണ് ഇന്നു മാധ്യമങ്ങളുടെ ഭാഗത്തു നിന്നു വേണ്ടത്.


കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സുവര്‍ണജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണന്‍, എംപിമാരായ കെ.സുധാകരന്‍, കെ.കെ.രാഗേഷ്, എംഎല്‍എമാരായ സണ്ണിജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കെ.പി.റെജി, ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് ആമുഖ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു. ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ് നയിച്ച ഗസല്‍ സന്ധ്യയും നടന്നു.

Keywords:  Kannur, Kerala, News, Press-Club, Inauguration, Minister, CM, Pinarayi vijayan,Quality of media productions also to be developed    < !- START disable copy paste -->   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia