Incident | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 24 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
● കണ്ണൂർ ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.
● റെയിൽവെ പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്തു നിൽക്കുകയായിരുന്ന രണ്ടു സ്ത്രീകൾക്കാണ് ആദ്യം കടിയേറ്റത്.
കണ്ണൂർ: (KVARTHA) റെയിൽവേ സ്റ്റേഷനിൽ നിന്നും 24 പേരെ കടിച്ച പരുക്കേൽപ്പിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഈക്കഴിഞ്ഞ ബുധനാഴ്ച ഉച്ച മുതൽ വൈകിട്ട് 4.30 വരെയുള്ള സമയത്തിനിടെയാണ് പേപ്പട്ടിയുടെ പരാക്രമം ഉണ്ടായത്.
റെയിൽവെസ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. റെയിൽവെ പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്തു നിൽക്കുകയായിരുന്ന രണ്ടു സ്ത്രീകൾക്കാണ് ആദ്യം കടിയേറ്റത്. അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. മൊത്തം 24പേരെ നായ ആക്രമിച്ചു.
ഇവരെല്ലാം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ടിക്കറ്റെടുക്കാൻ ക്യൂ നിന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും കടിയേറ്റു. ഒടുവിൽ റെയിൽവെ പൊലീസും ഓട്ടോറിക്ഷ ഡ്രൈവർമാരും പോർട്ടർമാരും ചേർന്ന് പേപ്പട്ടിയെ പിൻതുടർന്ന് റെയിൽവെ ക്വാർട്ടേഴ്സിന് സമീപത്തു നിന്നായി തല്ലിക്കൊല്ലുകയായിരുന്നു.
ഇതേസമയം തെരുവ് നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് യാത്രക്കാരും റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും പരാതിപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കിൽ അതിശക്തമായ സമരം ആരംഭിക്കുമെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.