Rahul Gandhi | വയനാടോ, റായ് ബറേലിയോ? സസ്‌പെന്‍സ് വിടാതെ രാഹുല്‍ ഗാന്ധി; താന്‍ ധര്‍മ സങ്കടത്തില്‍, രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമേ എടുക്കൂവെന്നും നേതാവിന്റെ ഉറപ്പ്
 

 
Rahul Gandhi gets warm welcome in Wayanad, holds road show in Malappuram, Malappuram, News, Rahul Gandhi, Warm welcome, Politics, Road show, Kerala News
Rahul Gandhi gets warm welcome in Wayanad, holds road show in Malappuram, Malappuram, News, Rahul Gandhi, Warm welcome, Politics, Road show, Kerala News


'ഞാന്‍ ദൈവമല്ല സാധാരണ മനുഷ്യനാണ്, ജനങ്ങളാണ് എന്റെ ദൈവം' എന്നും  മോദിയെ പരിഹാസിച്ച് രാഹുല്‍


മോദിയെ ഉപദേശിക്കുന്നത് അംബാനിയും അദാനിയും. ഇവരാണോ മോദി പറഞ്ഞ പരമാത്മാവെന്നും ചോദ്യം

മലപ്പുറം: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍  വമ്പിച്ച വിജയം നേടി തന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടെത്തി. വയനാട് വേണോ റായ്ബറേലി വേണോ എന്ന ധര്‍മസങ്കടത്തിലാണ് താനെന്ന് രാഹുല്‍ ജനങ്ങളെ അറിയിച്ചു. രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചിരുന്നു. വയനാട്ടിലെ വോടര്‍മാര്‍ക്ക് നന്ദി പറഞ്ഞ രാഹുല്‍, വയനാടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായിട്ടില്ലെന്നും വ്യക്തമാക്കി. വയനാടോ റായ്ബറേലിയോ എന്ന കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് വയനാട്ടിലെ ജനങ്ങളുടെ അഭിപ്രായമാണ് ഞാന്‍ ചോദിക്കുന്നത്. 

വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു. തീരുമാനം വയനാട്ടിലേയും റായ് ബറേലിയിലേയും വോടര്‍മാര്‍ക്ക് സന്തോഷമുള്ളതാകും എന്നും രാഹുല്‍ ഉറപ്പുനല്‍കി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്ന് പറഞ്ഞ രാഹുല്‍ വേദിയിലെത്തി ഭരണഘടന ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് കഥകളി ആസ്വദിക്കാന്‍ സാധിക്കും, മലയാളം സംസാരിക്കാന്‍ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാന്‍ സാധിക്കും- ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്. ഭരണഘടന രാജ്യത്ത് ഇല്ലാതായാല്‍ കേരളത്തിലേക്ക് ആര്‍ക്കുവേണമെങ്കിലും വന്ന് മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് ആജ്ഞാപിക്കാന്‍ സാധിക്കും. കേരളത്തിന്റെ ഒരു പ്രത്യേക പാരമ്പര്യം പാടില്ലെന്ന് പറയാന്‍ കഴിയും. എല്ലാ ജനങ്ങളുടെയും ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്ന ഇന്‍ഡ്യന്‍ പോരാട്ടത്തില്‍ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.


അന്വേഷണ ഏജന്‍സികളും രാഷ്ട്രീയാധികാരവും കൂടെ ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നായിരുന്നു ബിജെപിയുടെ ധാരണ. എന്നാല്‍ ജനങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ കാണിച്ചുകൊടുത്തു. വര്‍ഗീയതക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന സന്ദേശമാണ് അയോധ്യയിലെ ജനങ്ങള്‍ നല്‍കിയത്. അംബാനിയും അദാനിയുമാണ് മോദിയെ ഉപദേശിക്കുന്നത്. ഇവരാണോ മോദി പറഞ്ഞ പരമാത്മാവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 

'മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാന്‍ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്.

 

താന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തതെന്നും പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയര്‍പോര്‍ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുല്‍ പരിഹസിച്ചു.

വയനാട് ലോക് സഭ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ രാഹുലിനെ സ്വീകരിച്ചു. 
വയനാട് മണ്ഡലത്തില്‍ ഉള്‍പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. 

വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍, തുറന്ന ജീപ്പില്‍ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി വേദിയിലേക്കെത്തിയത്. കെസി വേണുഗോപാല്‍, വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. മുസ്ലീം ലീഗിന്റെയും കെ എസ് യുവിന്റെയും എം എസ് എഫിന്റെയും ഉള്‍പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia