Wayanad 2024 | വയനാട്ടിൽ ഒരേമുന്നണി നേതാക്കൾ നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇക്കുറി കുറയുമോ?
Mar 27, 2024, 18:08 IST
_സോണി കല്ലറയ്ക്കൽ_
(KVARTHA) വയനാട്ടിൽ ഇപ്രാവശ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചൂടേറിയതാണെന്നാണ് പൊതുവിൽ വരുന്ന സൂചനകൾ. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയും ആനിരാജയും യു.ഡി.എഫിനും എൽ.ഡി.എഫിനും വേണ്ടി നേർക്കുനേർ പോരാടുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ പ്രാവശ്യം എൻ.ഡി.എ ഘടകക്ഷിയായ ബി.ജെ.ഡി.എസിന് വിട്ടുകൊടുത്ത സീറ്റായിരുന്നു വയനാട്. ആ പാർട്ടിയുടെ നേതാവ് തുഷാർ വെള്ളാപ്പള്ളി ആയിരുന്നു കഴിഞ്ഞ പ്രാവശ്യം എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇവിടെ മത്സരിച്ചത്. ഇക്കുറി വയനാട് സീറ്റ് ബി.ജെ.പി ഏറ്റെടുത്ത് സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ തന്നെ ഇവിടെ മത്സരിപ്പിക്കുകയാണ്.
കഴിഞ്ഞ തവണ ആദ്യം ബി.ജെ.ഡി.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തീരുമാനിച്ചത് തൃശൂർ ആയിരുന്നു. പിന്നീട് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കണ്ടപ്പോൾ അതിലൂടെ ദേശീയശ്രദ്ധ ആകർഷിക്കാൻ പറ്റുമെന്ന് ചിന്തിച്ച് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി യിൽ നിന്ന് വയനാട് സീറ്റ് മേടിക്കുകയായിരുന്നു. പകരം തൃശൂർ വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് നടൻ സുരേഷ് ഗോപി തൃശൂരിൽ ബി.ജെ.പി യ്ക്ക് വേണ്ടി മത്സരിക്കാൻ എത്തുന്നത്. തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥിയായി വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ചെങ്കിലും അദേഹം ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇക്കുറി ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് തന്നെ രാഹുൽ ഗാന്ധിയ്ക്കെതിരെ വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുമ്പോൾ തങ്ങളുടെ വോട്ടുകളിൽ വിള്ളലുണ്ടാകില്ലെന്ന് ബി.ജെ.പി നേതൃത്വവും കരുതുന്നു. വയനാട് പാർലമെൻ്റ് സീറ്റ് നിലവിൽ ഇടതുമുന്നണിയിൽ സി.പി.ഐയ്ക്കാണ്. കഴിഞ്ഞ തവണ അത്ര പ്രശസ്തനായ ഒരാളായിരുന്നില്ല ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിച്ചത്. ഇക്കുറി സി.പി.ഐ യുടെ ദേശീയ വനിതാ മുഖം ആനി രാജയെ തന്നെയാണ് രാഹുൽ ഗാന്ധിയ്ക്കെതിരെ ഇടതുമുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്. ദേശീയ തലത്തിലുള്ള ആനി രാജയെപ്പോലുള്ള ഒരു നേതാവ് വയനാട്ടിൽ ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കുമ്പോൾ വോട്ടുകൾ ഒട്ടും ചോരാതെ സംരക്ഷിക്കേണ്ടത് ഇടതുമുന്നണിയുടെ പ്രസ്റ്റീജ് വിഷയം തന്നെയാണ്.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിക്കുമ്പോൾ ഭാവി പ്രധാനമന്ത്രി എന്നൊരു ഇമേജ് ഉണ്ടായിരുന്നു. അതിനാൽ തന്നെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി മിക്കവരും തന്നെ രാഹുൽ ഗാന്ധിയ്ക്ക് പാർട്ടി നോക്കാതെ വോട്ട് ചെയ്തിരുന്നു എന്ന് വേണം പറയാൻ. അതിൻ്റെ ഫലമാണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിന് മുകളിൽ എത്തിയത്. ഇക്കുറി അത്ര വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും പേർ. കാരണം, വയനാട്ടിൽ ഇപ്രാവശ്യത്തെ മത്സരം ശക്തമാണ്. മൂന്ന് മുന്നണികൾക്കും മികച്ച സ്ഥാനാർത്ഥികൾ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞാൽ പോലും അത് യു.ഡി.എഫിൻ്റെ ഒരു പരാജയമായി വിലയിരുത്തപ്പെടേണ്ടി വരും.
കോഴിക്കോട് ലോക് സഭാ മണ്ഡലം വിഭജിക്കപ്പെട്ട് വയനാട് പാർലമെൻ്റ് മണ്ഡലം ഉണ്ടായപ്പോൾ മുതൽ വയനാട് യു.ഡി.എഫിനൊപ്പം തന്നെയായിരുന്നു. ആദ്യമായി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് നേതാവ് അന്തരിച്ച എം.ഐ. ഷാനവാസ് മികച്ച ഭൂരിപക്ഷത്തിനാണ് വയനാട്ടിൽ നിന്നും പാർലമെൻ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാമതും വിജയിക്കുവാൻ അദേഹത്തിന് സാധിച്ചു. ഒരു പ്രാവശ്യം കോൺഗ്രസിലെ കെ മുരളീധരൻ മത്സരിച്ച് ഒരു ലക്ഷത്തിനു മുകളിൽ വോട്ട് പിടിച്ചപ്പോൾ പോലും വയനാട് എം.ഐ ഷാനവാസിനെ കാത്തുവെന്ന് വേണം പറയാൻ.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലാണ് രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കാൻ എത്തുന്നത്. വയനാട്ടിൽ ശക്തമായ മത്സരമാണ് മൂന്ന് മുന്നണികളും ഇക്കുറി നടത്തുന്നതെങ്കിലും അത് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ മാത്രമേ ഇടയാക്കു എന്നതാണ് സത്യം. ഫലം വരുമ്പോൾ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൻ്റെ ഏറ്റക്കുറച്ചിലുകളാവാം ചർച്ചയാക്കപ്പെടുക.
Keywords: News, Kerala, Wayanad, Politics, Election, Congress, BJP, Annie Raja, Rahul Gandhi, K Surendran, Lok-Sabha-Election-2024, Rahul Gandhi's majority will decrease this time?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.