Criticism | കൈസണ്‍ പിആര്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനുവേണ്ടി കര്‍ട്ടന് പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന ഏജന്‍സി; ഇവര്‍ എങ്ങനെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി? ചെന്നിത്തലയുടെ ചോദ്യം

 
Ramesh Chennithala Accuses Pinarayi Vijayan of Colluding with BJP
Ramesh Chennithala Accuses Pinarayi Vijayan of Colluding with BJP

Photo Credit: Facebook/Ramesh Chennithala

● മുഖ്യമന്ത്രിയുടെ ഭാഷ സംഘപരിവാറിന്റെ ഭാഷ. 
● ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. 
● മലപ്പുറത്തെ താറടിച്ചു കാണിക്കേണ്ടത് സംഘപരിവാര്‍ അജണ്ട.
● മുഖ്യമന്ത്രി കാട്ടുന്നത് ന്യൂനപക്ഷ വിരുദ്ധത.

തിരുവനന്തപുരം: (KVARTHA) വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും (BJP) സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന പിആര്‍ ഏജന്‍സി എന്നു വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല (Ramesh Chennithala) ആരോപിച്ചു. 

ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പിആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി എന്നാലോചിക്കണം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്. മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുകയെന്നത് ബിജെപിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘ് പരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്. 

ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. ആ മുഖം മിനുക്കാന്‍ ഇനി ഒരു പിആര്‍ ഏജന്‍സിക്കും ആവില്ല. 
ഒരു മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെ നിയമിച്ചു എന്ന വെറുമൊരു വിഷയമല്ല, മറിച്ച് ബിജെപി നേതൃത്വം നിര്‍ദേശിച്ച പി ആര്‍ ഏജന്‍സിയെ കേരളത്തിലെ സിപിഎം മുഖ്യമന്ത്രി നിയോഗിച്ചു എന്നതാണ് പ്രധാനം. ഈ ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി മാധ്യമഅഭിമുഖങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെ സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഒരു പിആര്‍ ഏജന്‍സിക്ക്് അഭിമുഖത്തില്‍ മാറ്റം വരുത്താന്‍ ആവുക. മുഖ്യമന്ത്രി അതിനു മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതാണ്. ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനാണ് ഇത് ഇംഗ്ളീഷ് ദേശീയ മാധ്യമത്തിന് കൊടുത്തത്. അവരെ സന്തോഷിപ്പിച്ച ശേഷം വിവാദമായപ്പോള്‍ പിന്‍വലിച്ചു കൈകഴുകാന്‍ ശ്രമിക്കുന്നു. 

പിണറായി വിജയന്‍ പൂര്‍ണമായും ബിജെപിക്ക് അടിമപ്പെട്ട് സംഘപരിവാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നു. വളരെ ആപല്‍ക്കരമായ അവസ്ഥയാണിത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകേന്ദ്രമായി നിലനിര്‍ത്തുകയെന്നാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇതിനു പകരം ബിജെപിക്കു വേണ്ടി കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയാണ് പിണറായി. 

പുരം പൊളിച്ച് ബിജെപി സ്ഥാനാര്‍ഥിക്കു വിജയത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തത് എന്തിനാണെന്നും വിശ്വസ്തനായ എഡിജിപിയെ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു പറഞ്ഞു വിട്ടത് എന്തിനാണെന്നും ഇ്പ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിലെ വിശ്വസ്തര്‍ക്കും സ്വതന്ത്രമായി മാഫിയ പ്രവര്‍ത്തനം തുടരാനുള്ള സ്വാതന്ത്രം കേന്ദ്രം നല്‍കുന്നു. പകരം ബിജെപിയുടെ അജണ്ട അവര്‍ക്കു വേണ്ടി പിണറായി വിജയന്‍ നടപ്പാക്കുന്നു. 

മലപ്പുറത്തെ താറടിച്ചു കാണിക്കുകയെന്നത് മുഖ്യമന്ത്രിയുടെ മാത്രം അജണ്ടയല്ല. അന്‍വര്‍ പ്രശ്നം ഒരു കാരണമാക്കി എടുത്ത് മുഖ്യമന്ത്രി സംഘ പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. പിണറായി വിജയന്‍ മാപ്പു പറഞ്ഞു സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

#KeralaPolitics #PinarayiVijayan #BJP #Congress #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia