സര്‍കാര്‍ ഗവര്‍ണര്‍ പോര്: പുറത്തുവന്നത് മഞ്ഞുമലയുടെ ഒരഗ്രം മാത്രം; 6 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

 


തിരുവനന്തപുരം:  (www.kvartha.com 31.12.2021) സംസ്ഥാന സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ് ഇപ്പോള്‍ പ്രധാനമായും മാധ്യമങ്ങളില്‍ നിറയുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുന്നു.

സര്‍കാര്‍ ഗവര്‍ണര്‍ പോര്: പുറത്തുവന്നത് മഞ്ഞുമലയുടെ ഒരഗ്രം മാത്രം; 6 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പെടെ തര്‍ക്കമുണ്ടെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. ഗവര്‍ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണെന്നും ചെന്നിത്തല പറയുന്നു.

ഈ അവസരത്തില്‍ താഴെ പറയുന്ന ആറ് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

1. ഇന്‍ഡ്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സെലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സെലര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ് ?

2. ഈ നിര്‍ദേശം സര്‍കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സെലര്‍ നിരാകരിച്ചിരുന്നോ?

3. വൈസ് ചാന്‍സെലര്‍, ഗവര്‍ണറുടെ നിര്‍ദേശം സിന്‍ഡികേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?

4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍കാരിന് അവകാശമുണ്ടോ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സെലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികയ്ക്ക് ഇനിയും ഗവര്‍ണറുടെ അസന്റ് കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ? എന്നീ ആറു കാര്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.

Keywords:  Ramesh Chennithala raises six questions in governor government issue, Thiruvananthapuram, News, Politics, Ramesh Chennithala, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia