Controversy | എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും 4 വര്‍ഷം സമയമുണ്ട്, ഇപ്പോഴേ ഒന്നും തുന്നിക്കേണ്ടതില്ല; കെ മുരളീധരന്റെ 'മുഖ്യമന്ത്രിക്കുപ്പായം' പരാമര്‍ശത്തിന് മറുപടിയുമായി ചെന്നിത്തല
Nov 24, 2022, 12:10 IST
തിരുവനന്തപുരം: (www.kvartha.com) എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വര്‍ഷം സമയമുണ്ട്, ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശശി തരൂര്‍ വിവാദത്തില്‍ കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല. തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന കെ മുരളീധരന്റെ പരിഹാസത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം.
പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ചെന്നിത്തല പിന്തുണച്ചു. സതീശന്‍ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല എല്ലാ നേതാക്കള്‍ക്കും പാര്‍ടിയില്‍ ഇടമുണ്ടെന്നും ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാരാകരുതെന്നും ഇത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നും അഭിപ്രായപ്പെട്ടു.
പാര്‍ടിയില്‍ ഒരു രീതിയുണ്ട്. അതനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കന്‍മാര്‍ക്കും പാര്‍ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. എന്നാല്‍ പ്രവര്‍ത്തനം പാര്‍ടിയുടെ ചട്ടക്കൂടിലൂടെ വേണമെന്നു മാത്രം. പരസ്യ പ്രസ്താവന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത് ആരെന്നറിയാമെന്നു കെ മുരളീധരന്‍ എംപി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പാര്‍ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തുപറയാന്‍ കഴിയില്ലെന്നുമായിരുന്നു മുരളീധരന്റെ വാക്കുകള്‍.
തരൂരിനെ വിലക്കിയതില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന്, എല്ലാ തരത്തിലുള്ള ആലോചനയും ഉണ്ടെന്നും മര്യാദയ്ക്ക് അല്ലാതെയുള്ള എല്ലാ ആലോചനകളും ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: Ramesh Chennithala Replies To K Muralidharan's Criticism, Thiruvananthapuram, News, Politics, Congress, Trending, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.