കൊലപാതക രാഷ്ടീയം കെ എസ് യു ശൈലി അല്ല, എന്നും അക്രമങ്ങള്‍ക്ക് ഇര കെ എസ് യു; അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന്റെ അലംഭാവം ഒരിക്കല്‍ കൂടി വ്യക്തമായി; ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല
Jan 11, 2022, 11:41 IST
തിരുവനന്തപുരം: (www.kvartha.com 11.01.2022) കഴിഞ്ഞദിവസം ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
കൊലപാതക രാഷ്ടീയം കെ എസ് യു ശൈലി അല്ലെന്ന് പറഞ്ഞ ചെന്നിത്തല എന്നും അക്രമങ്ങള്‍ക്ക് ഇരയാകുന്നത് കെ എസ് യു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന്റെ അലംഭാവം ഒരിക്കല്‍ കൂടി വ്യക്തമായതായും അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എന്റെ ആദരാഞ്ജലികള്‍ !
ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ എസ് യു പ്രവര്‍ത്തകര്‍ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ എസ് യു പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്.
ഞാന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സമയത്തും അതിനു മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിതമാര്‍ഗങ്ങള്‍ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാടു തുടരുന്നതുകൊണ്ടാണ് കെ എസ് യു പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാത്തത്. മറ്റു പാര്‍ടിപ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയാറാവാത്തത്.
ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സിപിഎമും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമിന്റെ തനിനിറം തുറന്നു കാട്ടുകയാണ്.
കോണ്‍ഗ്രസ് പാര്‍ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്.
ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ടി ഓഫിസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പൊലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.
Keywords: Ramesh Chennithala's Facebook post against Dheeraj's death, Thiruvananthapuram, News, Facebook Post, Ramesh Chennithala, Criticism, KSU, SFI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.