സി.പി.എം പിളര്‍പ്പിലേക്ക് നീങ്ങുന്നു: ചെന്നിത്തല

 


സി.പി.എം പിളര്‍പ്പിലേക്ക് നീങ്ങുന്നു: ചെന്നിത്തല
  കാസര്‍കോട്: സി.പി.എം പിളര്‍പ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സി.പി.എമ്മിലെ അഭിപ്രായ ഭിന്നത ഇപ്പോള്‍ കൂടുതല്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇപ്പോള്‍ ആ ഭിന്നത കൊലപാതകത്തിന്റെ പേരിലാണ്. രാഷ്ട്രീയ കൊലപാതകം പാര്‍ട്ടിയുടെ ഒരു ശൈലിയാണോ അല്ലയോ എന്നതാണ് ചോദ്യം. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഞങ്ങള്‍ പറയുന്നതിനെ അച്യുതാനന്ദനും ന്യായീകരിക്കുകയാണ്.

പാര്‍ട്ടിക്ക് കോണ്‍ഗ്രസ് കഴിഞ്ഞാലുടന്‍ വിഭാഗീയത അവസാനിക്കുമെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ വിഭാഗീയത ശക്തമായി തന്നെ തുടരുകയാണ്. പാര്‍ട്ടിക്ക് വെളിയിലുള്ളവരെ മാത്രമല്ല പാര്‍ട്ടിക്കകത്തുള്ള വി.എസിനെയും ഉല്‍മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ കൊലനടത്താന്‍ നേതൃത്വവും അതിനെ എതിര്‍ക്കാന്‍ മറ്റുള്ളവരും എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.

ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന്റെ പങ്ക് ശരിയായ രീതിയില്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഫസല്‍ വധക്കേസിലും സി.പി.എമ്മിന് മുഖം നഷ്ടപ്പെടുത്തി. കണ്ണൂരിലെ സി.പി.എം ഗുണ്ടാസംഘങ്ങള്‍ മറ്റു സ്ഥലങ്ങളിലും പോയി അക്രമം നടത്തുകയാണ് ചെയ്യുന്നത്. സിപി.എം കോഴിക്കോട് ജില്ലാ നേതൃത്വം ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ നിയന്ത്രണം കണ്ണൂര്‍ ലോബിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഫസല്‍, ഷുക്കൂര്‍, ചന്ദ്രശേഖരന്‍ വധക്കേസുകളില്‍ വി.എസ് എതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. സംസ്ഥാന സെക്രട്ടറി ഏകാധിപതിയാണെന്ന വി.എസിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.

പ്രതിപക്ഷം നേതാവും പാര്‍ട്ടി സെക്രട്ടറിയും പറയുന്നത് പാര്‍ട്ടി നിലപാടായിവേണം കരുതേണ്ടത്. ഷുക്കൂര്‍ വധക്കേസിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ കൂടി പുറത്തുവന്നാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ഔദ്യോഗിക നേതൃത്വം രാഷ്ട്രീയ കൊലപാതകങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഒഞ്ചിയം സംഭവത്തില്‍ വി.എസ് എടുത്ത നിലപാടിനെ മാത്രമാണ് താന്‍ അഭിനന്ദിച്ചത്. പൊതുപ്രവര്‍ത്തകന്റെ സാമാന്യമര്യാദയാണ് വി.എസ് കാട്ടിയത്- ചെന്നിത്തല വ്യക്തമാക്കി.

Keywords: Kasaragod, Kerala, Ramesh Chennithala, Media, CPM


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia