Reflection | തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിന് പിന്നില്‍ ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം; പാട്ടു പാടി പ്രചാരണം നടത്തുമോയെന്ന് വഴിയേ കാണാമെന്ന് രമ്യ ഹരിദാസ്
● തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും താന്‍ ആലത്തൂരില്‍ തന്നെ ഉണ്ട്
● കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനം വോട്ടായി മാറും
● പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തിട്ടുണ്ട്
● പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് ഗുണം ചെയ്യും
കോട്ടയം: (KVARTHA) ചേലക്കരയിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ചും വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം തന്നെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടി തീരുമാനത്തിന് പിന്നിലെന്ന് പറഞ്ഞ രമ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും താന്‍ ആലത്തൂരില്‍ തന്നെയുണ്ടായിരുന്നുവെന്നും വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ ഉത്തരവാദിത്തം ഏല്‍പ്പിക്കുമോ എന്നൊന്നും ചിന്തിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്നും പാട്ടു പാടി പ്രചാരണം നടത്തുമോയെന്ന് വഴിയേ കാണാമെന്നും രമ്യ പറഞ്ഞു. സാധാരണക്കാരിയായ എന്നെ വലിയ അംഗീകാരം നല്‍കി കൈപിടിച്ച് നടത്തുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറേക്കാലമായി വലിയ ആവേശത്തോടെ കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനം വോട്ടായി മാറുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
ചേലക്കര ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തെയാണ് താന്‍ നേരത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ ആറു വര്‍ഷക്കാലമായിട്ട് ഇവര്‍ക്കൊപ്പമാണ്. തന്നെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും രമ്യ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. ഒരു പഞ്ചായത്ത് മെമ്പറായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായുമെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന് തന്നെയാണ് വിശ്വാസം. ആലത്തൂരില്‍ ലോക് സഭയില്‍ മത്സരിക്കാന്‍ അവസരം തന്നപ്പോഴും കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതു തുടരുക തന്നെ ചെയ്യുമെന്നും രമ്യ പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പു ഫലമുണ്ട്. അത് ചേലക്കരയിലുണ്ടാകുമെന്ന ആത്മവിശ്വാസവും രമ്യ പ്രകടിപ്പിച്ചു. ഇടതുകോട്ടയായ ചേലക്കരയില്‍ യുഡിഎഫ് വരണമെന്ന് ചെങ്കൊടി പിടിക്കുന്ന സാധാരണ സിപിഎമ്മുകാരന്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും രമ്യ സംസാരിച്ചു. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം കേരളത്തില്‍ നിന്നായതില്‍ വളരെ സന്തോഷമുണ്ടെന്നും അത് യുഡിഎഫിനു ഗുണം ചെയ്യുമെന്നും രമ്യ പറഞ്ഞു. രാഹുല്‍ജി ഹൃദയത്തില്‍ സൂക്ഷിച്ച വയനാടില്‍ നിന്ന് പ്രിയങ്കാജി കൂടി മത്സരിക്കുമ്പോള്‍ അതു ഞങ്ങളെ സംബന്ധിച്ചു വലിയ സന്തോഷമുള്ള കാര്യമാണ്. സ്വന്തം അച്ഛന്റെ നെറ്റിയില്‍ അവസാനമൊരു ചുംബനം നല്‍കാന്‍ കഴിയാതെ പോയ പ്രിയങ്കാജി കൂടി മത്സരിക്കുകയാണ്. അതു ഞങ്ങള്‍ക്കു വലിയ ആവേശമാണെന്നും രമ്യ പറഞ്ഞു.
#RamyaHaridas #Chelakkara #UDF #KeralaPolitics #PriyankaGandhi #Congress