Religious Harmony | കെട്ടകാലത്തെ നല്ല കാഴ്ചകൾ; ആറ്റുകാൽ പൊങ്കാല കാലത്ത് തെളിയുന്ന മത സാഹോദര്യം


● ഉത്തർപ്രദേശിലെ മുസ്ലിം പള്ളികൾ ടാർപോളിൻ ഷീറ്റുകൾകൊണ്ട് മൂടിയപ്പോൾ, കേരളത്തിൽ മുസ്ലിം പള്ളി പൊങ്കാല ഭക്തർക്ക് സൗകര്യമൊരുക്കി.
● മണക്കാട് ജുമാ മസ്ജിദ് 15 വർഷത്തോളമായി ആറ്റുകാൽ പൊങ്കാലക്കെത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുന്നു.
● രാജ്യത്ത് ചിലയിടങ്ങളിൽ ആഘോഷനാളുകളിൽ പോലും ഇതരമത വിദ്വേഷം തിളച്ചുമറിയുന്നു.
ഭാമനാവത്ത്
(KVARTHA) രാജ്യമാകെ അസഹിഷ്ണുതയും പരസ്പര വിശ്വാസമില്ലായ്മയും വളർത്താൻ ചില മതതീവ്രവാദ ശക്തികൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കു നേരെ വാളോങ്ങുകയാണ് ഭിന്നിപ്പിൻ്റെ ശക്തികൾ. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. നൂറ്റി ചില്ലാനം മതങ്ങളും ആയിരക്കണക്കിന് ജാതികളും ഉപജാതികളുമുള്ള ഇന്ത്യാ മഹാരാജ്യം അതിലേറെയുള്ള ആരാധാനാ ഉത്സവങ്ങൾ കൊണ്ടും സമൃദ്ധമാണ്. ഹോളി ആഘോഷത്തിൻ്റെ മറവിൽ രാജ്യത്തിൻ്റെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കലാപങ്ങളും രക്തചൊരിച്ചലും പതിവാണ്. ഇതു ഒഴിവാക്കാൻ കനത്ത ജാഗ്രത പാലിക്കുകയാണ് യു.പി ഭരണകൂടം.
ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍കൊണ്ട് മൂടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന അതേ ദിവസങ്ങളില്‍ തന്നെയാണ്, ഇങ്ങ് കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന ഭക്തര്‍ക്ക്, വിശ്രമ കേന്ദ്രമായി ഒരു മുസ്ലിം പള്ളി മാറുന്നത് ദേശീയ തലത്തിൽ പോലും മാതൃകയാവുകയാണ് ഈ സാഹോദര്യം.
ഇത് കേരളമാണെന്ന് വീണ്ടും അഭിമാനത്തോടെ പറയാം.
ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ 60ഓളം മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിയത് പള്ളിക്കമ്മിറ്റിക്കാരല്ല, യോഗിഭരിക്കുന്ന സംസ്ഥാന ഭരണകൂടം തന്നെയാണ്.
പള്ളികള്‍ക്ക് നേരെ അതിക്രമം നടക്കുന്നതിനെ തടയേണ്ടതിന് പകരം, പള്ളികള്‍ തന്നെ ഷീറ്റിട്ട് മൂടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത് മാത്രവുമല്ല, ഹോളി ദിവസം മുസ്ലിങ്ങള്‍ ഹിജാബിന് പകരം ടാര്‍പോളിന്‍ ഷീറ്റ് ധരിച്ചാല്‍ മതിയെന്നായിരുന്നു, ബിജെപി നേതാവ് രഘുരാജ് സിങ്ങിന്റെ പരിഹാസം. രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഹൈദരാബാദിലെ മസ്ജിദുകളും ദര്‍ഗകളും തുണി ഉപയോഗിച്ച് മറച്ചതായുള്ള വാര്‍ത്തകളും നേരത്തേ പുറത്തുവന്നിരുന്നു.
ഹൈന്ദവാഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ മുസ്ലിം ആരാധനാലയങ്ങള്‍ മൂടിവെക്കുന്നത് ഈയിടെ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും പതിവ് കാഴിചയാവുകയാണ്. അവിടെയാണ് മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരളീയ മാതൃക രാജ്യത്തിന് തന്നെ അഭിമാനമാകുന്നത്. ആറ്റുകാല്‍ പൊങ്കാലക്ക് വരുന്ന ഭക്തര്‍ക്ക് വിശ്രമ കേന്ദ്രമാവുകയാണ് ഒരു മുസ്ലിം പള്ളി.
തിരുവനന്തപുരം മണക്കാട് ജുമാമസ്ജിദ് പള്ളി ഇന്ന് ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. മത സൗഹാര്‍ദത്തിന്റെ കേരള മോഡല്‍ എന്താണെന്ന് ഉറക്കെ ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഇതുപോലെ മനോഹരമായ മറ്റൊന്നുമില്ല.
ആറ്റുപൊങ്കാലയ്ക്കായി മണക്കാട് ഭാഗത്ത് തടിച്ചു കൂടുന്ന ഭക്തര്‍ക്ക് 15 വര്‍ഷത്തോളമായി ആതിഥേയത്വം വഹിക്കുന്നുണ്ട് മണക്കാട് വലിയ പള്ളി. ഈ നോമ്പ് കാലത്തും ആ പതിവ് തെറ്റിയില്ല. പള്ളിയുടെ ചുറ്റുമുള്ളത്, ആറ്റുകാല്‍ പൊങ്കാലക്കെത്തിയ സ്ത്രീകളാണ്. പൊങ്കാല അര്‍പ്പിക്കാന്‍ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ സകലരും റെഡി… ഭക്ഷണം, വെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, പാര്‍ക്കിങ് ഏരിയ, ആംബുലന്‍സ് സേവനം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും പള്ളി ഒരുക്കിയിരുന്നു. മതത്തിന് അതീതമായി എല്ലാവരും മനുഷ്യരാണ് എന്ന തിരിച്ചറിവിന്റെ സൗഹൃദ ഇടമായി പൊങ്കാല നാളില്‍ ഇവിടം മാറുന്നു.
ആഘോഷങ്ങളെന്നാല്‍ സൗഹൃദളുടെ പങ്കുവെയ്ക്കല്‍ കൂടിയാണ്. രാജ്യത്ത് ചിലയിടങ്ങളിലെങ്കിലും ആഘോഷ നാളുകളില്‍ പോലും ഇതരമത വിദ്വേഷം തിളച്ചുമറിയുന്ന കാലത്ത്, മണക്കാട് മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രതിനിധികളെ അഭിനന്ദിക്കാതെ വയ്യ, വിശ്വാസവും ആചാരവും മാത്രമേ മാറുന്നുള്ളൂവെന്നും ചുറ്റുമുള്ളവരെല്ലാം മനുഷ്യരാണെന്നും തുല്യരാണെന്നുമുള്ള ബോധ്യം ലോകത്തോട് വിളിച്ചു പറയുന്നതാണ് ഈ സാഹോദര്യ സന്ദേശം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Amidst rising religious tensions in India, Kerala showcases a model of communal harmony. During the Attukal Pongala festival, a Muslim mosque in Manacaud provided shelter and facilities to Hindu devotees, highlighting the state's commitment to secularism and interfaith unity, contrasting with incidents of religious segregation elsewhere.
#CommunalHarmony, #KeralaModel, #InterfaithUnity, #Secularism, #AttukalPongala, #IndiaUnity