Tragedy | പെരുമണ്ണ് ദുരന്തത്തിന് 16 വർഷം; കരൾ പിളരും ആ നൊമ്പരം മായില്ലൊരിക്കലും 

 
Remembering the 10 children who lost their lives in the Perumanna tragedy
Remembering the 10 children who lost their lives in the Perumanna tragedy

Photo: Arranged

● 2008 ഡിസംബർ 4-ന് സംഭവിച്ച ദുരന്തം നാടിനെ നടുക്കി
● 10 കുട്ടികൾ അപകടത്തിൽ മരിച്ചു
● അപകടത്തിൽ പരിക്കേറ്റവരും ദുരിതത്തിലാണ്

 

കണ്ണൂർ: (KVARTHA) വീണ്ടും ഒരു ഡിസംബർ നാല് വന്നെത്തുമ്പോൾ കണ്ണൂരിന് അത് കരൾ പിളരും ഓർമകൾ കൂടിയാണ്. ഇരിക്കൂർ - ഇരിട്ടി സംസ്ഥാന പാതയിൽ പെരുമണ്ണ് സ്മൃതി മണ്ഡപത്തിൽ  ഇലയെ പോലും നുള്ളി വേദനിപ്പിക്കാത്ത ആ 10 പിഞ്ചോമനകൾ അന്തിയുറങ്ങാൻ തുടങ്ങിയിട്ട് 16 വർഷം തികഞ്ഞു. ബന്ധുക്കളെയും നാടിനെയും നാട്ടുകാരെയും ഓർത്താൽ പോലും മനസ് വിതുമ്പുന്ന കണ്ണീർ ഓർമ്മകളിലേക്ക് തള്ളി വിട്ടുകൊണ്ട് നിത്യതയിലേക്ക് ലയിച്ചു ആരെയും അലോസരപ്പെടുത്താതെ അവർ നിത്യ വിശ്രമത്തിലാണ്.

അതുവഴി യാത്ര ചെയ്യുന്നവരുടെ  ഹൃദയത്തിൽ വിങ്ങലുകൾ സൃഷ്ടിച്ചുകൊണ്ട് ഉറങ്ങാൻ തുടങ്ങിയിട്ട് 16 വർഷം. നടുക്കുന്ന ഓര്‍മ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീര്‍ നനവിന്റെ ഓര്‍മ്മ ഒരു പ്രദേശം മുഴുവൻ ഏറ്റുവാങ്ങുകയാണ്. വൃശ്ചികത്തിന്റെ കുളിരിലും ആ നാട്ടുകാരും അതുവഴി യാത്ര ചെയ്യുന്നവരും  അറിയാതെ തന്നെ ഓർത്തു വിയർക്കുകയാണ്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് 24-25 വയസ് പ്രായമുണ്ടാകേണ്ട ഒരു പ്രദേശത്തിന്റെ താങ്ങും തണലും കരുത്തുമാകേണ്ട യുവതലമുറയായിരുന്നു അവർ.
 
തീരാ ദുഃഖം സമ്മാനിച്ചു ദുരന്തത്തില്‍ പൊലിഞ്ഞു പോയ പത്ത് പിഞ്ചോമനകളുടെ ഓര്‍മ്മ എത്ര യുഗങ്ങള്‍ കഴിഞ്ഞാലും മറക്കാനാവില്ല. 2008 ഡിസംബര്‍ നാലിന് വൈകുന്നേരം നാലു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം നടന്നത്. സംസ്ഥാന ഹൈവേയോരത്തു കൂടി പെരുമണ്ണ് ശ്രീനാരായണ വിലാസം സ്‌കൂളിലെ 22 കുട്ടികൾ സ്‌കൂള്‍ വിട്ട് ചിരിച്ചും കളിച്ചും ഉല്ലസിച്ചും  വീട്ടിലെത്തിയതിനുശേഷം കളിക്കേണ്ട കളികളെ പറ്റി ചർച്ച ചെയ്തും വീടുകളിലേക്ക് നടന്നു വരികയായിരുന്നു. 

ആ പൊന്നോമന മക്കളുടെ നേരെ തികച്ചും അശ്രദ്ധമായ ഡ്രൈവിംഗ് വഴി (തലേന്ന് ഉറക്കം ഒഴിഞ്ഞതിനാൽ ഉറങ്ങിപ്പോയി എന്നാണ് ഡ്രൈവറുടെ മൊഴി) നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങുകയായിരുന്നു.  കുട്ടികളായിരുന്നു അവർ. ദുഷ്ടത തീണ്ടാത്ത മനസ്സിന്റെ ഉടമകൾ. അസൂയ ഇല്ലാത്ത ഹൃദയത്തിന്റെ ഉടമകളായ മാലാഖമാർ. ദൈവത്തിന്റെ മക്കൾ. തന്റെ മക്കളോടുള്ള അമിതമായ സ്നേഹം കാരണമാവാം അവരുടെ സൃഷ്ടി കർത്താവ് അവരുടെ സ്നേഹം മറ്റുള്ളവർക്ക് അധികം പങ്കുവെക്കാൻ അനുവദിക്കാതെ തിരിച്ചുവിളിച്ചു

ഇടിയുടെ ആഘാതത്താല്‍ പത്ത് കുരുന്നുകളുടെ ചേതനയറ്റ ശരീരമാണ് ആ നാടിന് വിതുമ്പലോടെ ഏറ്റുവാങ്ങേണ്ടി വന്നത്. എത്ര യുഗങ്ങള്‍ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം. മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നിവര്‍ വിടരും മുമ്പേ പൊലിഞ്ഞു പോയ പത്ത് വാടാമലരുകള്‍ ഇന്നും ജീവിക്കുന്നു, വിങ്ങുന്ന ഓര്‍മ്മയായി, കരള്‍ നുറുങ്ങുന്ന നൊമ്പരമായി.   

അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്.  പിച്ച വച്ചു നടന്ന കാലുകള്‍ പെട്ടെന്ന് നിശ്ചലമായപ്പോള്‍ തളര്‍ന്നു പോയത് ഒരു നാട് മുഴുവനുമായിരുന്നു. ഓർമ ദിനത്തിൻ്റെ ഭാഗമായി പെരുമണ്ണിലെ സ്മൃതികുടീരത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia