KG George | വിടപറഞ്ഞത് മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍, കെജി ജോര്‍ജിനോട് നീതി പുലര്‍ത്തിയോ മലയാള സിനിമ

 


കണ്ണൂര്‍: (www.kvartha.com) മലയാള സിനിമ കണ്ട മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ കെജി ജോര്‍ജ് തന്റെ ജീവിതത്തിന്റെ അവസാന റീലുകളില്‍ നേരിടേണ്ടി വന്നത് ഏറ്റവും ദുരനുഭവം നിറഞ്ഞതായിരുന്നു. അതിശക്തമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടു സിനിമയിലേക്ക് തിരിച്ചുവരണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചുവെങ്കിലും ഒരുകാലത്ത് വളര്‍ത്തിക്കൊണ്ടുവന്ന സൂപര്‍താരങ്ങള്‍ പോലും അദ്ദേഹത്തോടു പുറംതിരിഞ്ഞു നിന്നു.

സിനിമയും ജീവിതം പോലെ തന്നെയാണ്. സീനുകളില്‍ പ്രത്യക്ഷപ്പെടാത്ത സെറ്റുകളില്‍ നിന്നും അകന്നു പോയവര്‍ ആരായാലും അവരെ സിനിമാലോകവും യാതൊരു സങ്കോചവുമില്ലാതെ തളളിപറയും. അതു കെജി ജോര്‍ജായാലും കുറുസോവയായാലും അങ്ങനെ തന്നെ. തനിക്ക് ചലച്ചിത്ര ലോകത്തു നിന്നും അവസാന കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചു കെജി ജോര്‍ജ് അടുപ്പമുളളവരോട് മനസ് തുറക്കാറുണ്ട്.

KG George | വിടപറഞ്ഞത് മലയാള സിനിമയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍, കെജി ജോര്‍ജിനോട് നീതി പുലര്‍ത്തിയോ മലയാള സിനിമ

എന്നാല്‍ അക്കാര്യം പൊതുവേദികളില്‍ പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഒരേസമയം വലുപ്പ ചെറുപ്പമില്ലാതെ ആളുകളോട് ഇടപെടുകയും എന്നാല്‍ കലാകാരനെന്ന നിലയില്‍ മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത ഔന്നത്യം പുലര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു ജോര്‍ജ്. വരാന്‍ പോകുന്ന കാലത്തിനെ മുന്‍കൂട്ടി കാണാനുളള ക്രാന്തദര്‍ശിത്വം അദ്ദേഹത്തിനുണ്ടായിരുന്നു.

1976 മുതല്‍ 1998 വരെ സജീവമായി 22 വര്‍ഷം സിനിമകള്‍ ചെയ്ത കെജി ജോര്‍ജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു സിനിമപോലും ചെയ്യാതെ മൗനത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ സിനിമയില്ലാഞ്ഞിട്ടല്ലായിരുന്നു ആ മൗനം.

ഒരുപാട് സബ്ജക്റ്റുകള്‍ അദ്ദേഹത്തിന്റെ മനസില്‍ ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. അവയില്‍ ചിലതിന്റെ തിരക്കഥകളുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വരെ അദ്ദേഹം കൊണ്ടു നടന്നിരുന്നതായി അടുപ്പമുളളവര്‍ക്ക് അറിയാം. എന്നാല്‍ ജോര്‍ജെന്ന മലയാളം കണ്ട ഏറ്റവും വലിയ സംവിധായകന്റെ ഇരുപതാമത്തെ സിനിമ മാത്രമുണ്ടായില്ല. അതു അദ്ദേഹത്തിന്റെ കുറ്റമല്ല മലയാളസിനിമയുടേതു മാത്രമാണ്. ഇവിടുത്തെ താരജാഡകളുടെ ഇരയായി മാറുകയായിരുന്നു ലോഹിതദാസിനെപ്പോലെ കെജി ജോര്‍ജും.

ആദ്യ സിനിമയായ സ്വപ്നാടനം മുതല്‍ 98 ലെ അവസാന സിനിമയായ ഇലവങ്കോട് ദേശം വരെ 19 സിനിമകള്‍ സംവിധാനം ചെയ്ത കെജി ജോര്‍ജ് മലയാള സിനിമക്ക് നല്‍കിയത് 19 സിനിമാ പാഠപുസ്തകങ്ങളാണ്.

സിവി ബാലകൃഷ്ണന്റെ നോവലായ കാമമോഹിതം സിനിമയാക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് നടക്കാതെ പോയതില്‍ അതീവ ദു:ഖിതനായിരുന്ന ജോര്‍ജ് അദ്ദേഹത്തിന്റെ ഏറ്റവും മോശപ്പെട്ട സിനിമയെന്ന് അറിയപ്പെടുന്ന ഇലവങ്കോട് ദേശം ചെയ്താണ് സംവിധാന രംഗത്തുനിന്ന് വിടവാങ്ങിയത്. ഇന്നും സിനിമയാക്കുകയാണെങ്കില്‍ മികച്ച ഒരു സിനിമ തന്നെയായിരിക്കും കാമമോഹിതമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

സ്വപ്നാടനത്തിന് ശേഷം 1978ല്‍ കെജി ജോര്‍ജ് അഞ്ചു സിനിമകളാണ് സംവിധാനം ചെയ്തത്. വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ, മണ്ണ് എന്നീ സിനിമകള്‍. വ്യാമോഹത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തിലെത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. പി പത്മരാജന്റെ നോവലിനെ ആധാരമാക്കിയാണ് രാപ്പാടികളുടെ ഗാഥ, കാക്കനാടന്റെ നോവലാണ് അടൂര്‍ ഭാസിയെ നായകനാക്കി അവതരിപ്പിച്ച ഓണപ്പുടവ.

ഡോ എംകെ പവിത്രന്റെ തിരക്കഥയെ ആധാരമാക്കിയാണ് മണ്ണ് സംവിധാനം ചെയ്തത്. 79 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ ഉള്‍ക്കടല്‍ ചലച്ചിത്രമാക്കി. 80 ല്‍ ശ്രീധരന്‍ ചമ്പാട് കഥ, തിരക്കഥ, സംഭാഷണം രചിച്ച സര്‍ക്കസ് സിനിമ മേള 80 ല്‍ തന്നെ റിലീസ് ചെയ്തു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയാണ് മേള.

81-ല്‍ പിജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ അത്മാവ് എന്ന നോവലിനെ ആധാരമാക്കി കോലങ്ങള്‍ സംവിധാനം ചെയ്തു. 1982 ലാണ് ജോര്‍ജിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന യവനിക റിലീസ് ചെയ്തത്.

83-ല്‍ നടി ശോഭയുടെ മരണത്തെ ആസ്പദമാക്കി ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, 84 ല്‍ ആദാമിന്റെ വാരിയെല്ല്, വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ പാലം അപകടത്തില്‍ എന്ന നോവലിനെ ആധാരമാക്കി പഞ്ചവടിപ്പാലം. 85-ല്‍ കെബി ഗണേഷ് കുമാര്‍ ആദ്യമായി നായകവേഷം ചെയ്ത് സുകുമാരന്‍ നിര്‍മിച്ച മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഹൊറര്‍ സിനിമയെന്ന് ജോര്‍ജ് വിശേഷിപ്പിച്ച ഇരകള്‍ പുറത്തിറങ്ങി.

അക്ഷരാര്‍ഥത്തില്‍ മലയാള സിനിമയെ ഞെട്ടിച്ച സിനിമകളിലൊന്നാണ് ഇരകള്‍. മധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍ തറവാടിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ ഇരകള്‍ സാമ്പ്രദായിക സദാചാരമൂല്യങ്ങളെ മുഴുവന്‍ പൊളിച്ചടുക്കി.

87 ല്‍ കഥക്ക് പിന്നില്‍, 88 ല്‍ സിവി ബാലകൃഷ്ണന്റെ തിരക്കഥയില്‍ മറ്റൊരാള്‍, 89 ല്‍ ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്ത പാറപ്പുറത്തിന്റെ നോവല്‍ യാത്രയുടെ അന്ത്യം, 90 ല്‍ ഈ കണ്ണികൂടി, 98 ല്‍ ഇലവങ്കോട് ദേശം, ഇതിനിടയില്‍ 1992 ല്‍ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മഹാനഗരം എന്ന സിനിമ നിര്‍മിക്കുകയും ചെയ്തു. ഇതില്‍ യവനിക, ഈ കണ്ണികൂടി എന്നിവ ക്രൈം ത്രിലറുകളാണ്.

യവനികയേക്കാള്‍ എന്തുകൊണ്ടും അല്‍പം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഈ കണ്ണികൂടി. പക്ഷെ, സിനിമ സാമ്പത്തികമായി വിജയിച്ചില്ല. എന്നാല്‍ ഇപ്പോഴും യൂട്യൂബുകളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന ത്രിലര്‍ സിനിമകളിലൊന്നാണ് ഈ കണ്ണികൂടി. ഒരുമാസ്റ്റര്‍ ക്രാഫ്റ്റ്മാനായ സംവിധായകന്റെ കരസ്പര്‍ശം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഈ കണ്ണി കൂടിയില്‍.

മൂന്ന് സ്ത്രീകളുടെ കഥ പറഞ്ഞ ആദാമിന്റെ വാരിയെല്ലില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രം സിനിമ ചിത്രീകരിക്കുന്ന ജോര്‍ജിനെയും സഹപ്രവവര്‍ത്തകരെയും തള്ളിമാറ്റി ഓടിപ്പോകുന്ന രംഗം പ്രേക്ഷകരില്‍ സൃഷ്ടിച്ച ഞെട്ടല്‍ ചെറുതല്ല. പ്രിയങ്കരനായ എഴുത്തുകാരനെ തേടിയെത്തുന്ന ആരാധകന്റെ കഥ പറഞ്ഞ യാത്രയുടെ അന്ത്യം മറ്റൊരു ആസ്വാദക തലത്തിലേക്ക് പ്രേക്ഷകരെ എത്തിച്ചു.

ഈ 10 സിനിമകളും എത്രതവണ കണ്ടാലും മടുപ്പിക്കില്ല എന്നത തന്നെയാണ് ജോര്‍ജിന്റെ സിനിമകള്‍ നമ്മെ വ്യത്യസ്തമെന്ന് പറയാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചവടിപാലത്തെപ്പോലെയുളള ഒരു രാഷ്ട്രീയ ആക്ഷേപ സിനിമ അന്നും ഇന്നും മലയാള സിനിമ കണ്ടിട്ടില്ല. അത്രമാത്രം കാലാതിവര്‍ത്തിയാണ് ജോര്‍ജിന്റെ പഞ്ചവടിപ്പാലം. കെജി ജോര്‍ജില്‍ നിന്നും പിന്നെ വന്നവര്‍ക്ക് ഓരോന്നും എടുക്കാനുണ്ടായിരുന്നു. സ്വന്തം വഴിയിലൂടെ നടന്നു പോയ ജോര്‍ജ് തന്നെയായിരുന്നു മലയാള സിനിമയിലെ മാറ്റത്തിന്റെ ചാലകശക്തി.

Keywords:  Remembrance to director KG George, Kannur, News, Remembrance, Cinema, Producer, Story, Director KG George, YouTube, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia