Rescue Efforts | വയനാട് ഉരുൾപൊട്ടൽ: തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് സർക്കാർ; കുടുങ്ങികിടക്കുന്നത് 250 ഓളം പേർ; മരണം 70 ആയി
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.
കൽപറ്റ: (KVARTHA) വയനാട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലുകളില്‍ രക്ഷാപ്രവർത്തനം ഊർജിതം. സംസ്ഥാന സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് മീററ്റ് ആർ. വി.സി യിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് വയനാട്ടിലേക്ക് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ കൂടി പങ്കാളിയാവും. ഇന്ത്യൻ നേവിയുടെ 50 അംഗ സംഘം ഉച്ചയോടെ വയനാട്ടിൽ എത്തും. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്.
നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 70 ആയി ഉയർന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.
250 ഓളം പേരാണ് കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. മൃതദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്.