വിരമിച്ചവരെ വീണ്ടും പൊലീസിലെടുക്കുന്നു

 



 വിരമിച്ചവരെ വീണ്ടും പൊലീസിലെടുക്കുന്നു
തിരുവനന്തപുരം: സേനയില്‍ അംഗങ്ങളുടെ കുറവ് താത്ക്കാലികമായി നികത്തുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തേടുന്നു. ട്രാഫിക് നിയന്ത്രണം, കുറ്റാന്വേഷണം, പരിശീലനം, ക്രമസമാധാന പരിപാലനത്തിനു സഹായകമാകുന്ന ചുമതലകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിരമിച്ചവരുടെ സേവനം തേടാനാണു തീരുമാനം. പരിചയ സമ്പന്നരുടെ സേവനം സേനയ്ക്കുറപ്പാക്കുന്നതിനും ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ട്രാഫിക് നിയന്ത്രണം, ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലാകും വിരമിച്ചവരുടെ സേവനം ഉപയോഗിക്കുന്നത്.

കരാറടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയിലാകും നിയമനം. 2013 ല്‍ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണു സൂചനകള്‍. കായിക ക്ഷമതയുള്ളവരെയാരെയാകും പരിഗണിക്കുക. താത്പ്പര്യമുള്ളവരുടെ പട്ടികയും തയാറാക്കും. സര്‍വീസ് കാലയളവില്‍ ഏറ്റവും അധികം കാലം സേവനം അനുഷ്ഠിച്ച മേഖലയിലാകും ഇവരെ നിയോഗിക്കുക. ഇപ്പോള്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്ന മേഖലയിലും ഇവരെ നിയോഗിക്കും. സീനിയര്‍ പദവിയായിരിക്കും നല്‍കുക. ഹോം ഗാര്‍ഡുകള്‍, സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരുടെ പരിശീലനത്തിനും ഇവരുടെ സേവനം തേടും. സേവന കാലഘട്ടത്തില്‍ ആരോപണ വിധേയരായിരുന്നവര്‍, കൈക്കൂലി കേസുകളില്‍ കുടുങ്ങിയവര്‍, ഗുരുതരമായ ശിക്ഷണ നടപടികള്‍ക്കു വിധേയരായവര്‍ എന്നിവരെ ഈ മേഖലയില്‍ നിയമിക്കില്ല.

കഴിഞ്ഞയാഴ്ച വിരമിച്ച ഡിജിപി ജേക്കബ് പുന്നൂസിന്റെ ശുപാര്‍ശ പരിഗണിച്ചാണു സര്‍ക്കാര്‍ നടപടി. ജേക്കബ് പുന്നൂസിന്റെ കാലത്തു തന്നെ സേവന കാലത്തു കാര്യക്ഷമമായി പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. എല്ലാ പൊലീസ് സ്‌റ്റേഷനുകളുടെയും പരിധിയില്‍ താമസിക്കുന്ന വിമരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതനുസരിച്ചു മലബാര്‍ മേഖലയില്‍ വിവര ശേഖരണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia