Arts Festival | തലശ്ശേരിയെ കലാകേളിയിലാറാടിച്ച് റവന്യൂ ജില്ലാ കലോത്സവം അരങ്ങുണര്‍ത്തി

 


തലശ്ശേരി: (KVARTHA) പൈതൃക നഗരമായ തലശ്ശേരിയെ കലാ കേളിയിലാറാടിച്ച് റവന്യു ജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു. കണ്ണൂരിന്റെ കലാ കേന്ദ്രമായ തലശ്ശേരിയില്‍ വന്‍ ആസ്വാദക തിരക്കാണ് വേദികളില്‍ അനുഭവപ്പെട്ടത്. 

സ്‌കൂള്‍ കലോത്സവം കേവലം വിദ്യാര്‍ഥികളിലും അധ്യാപകരിലും മാത്രം ഒതുക്കി നിര്‍ത്താതെ ജനകീയമാക്കി തീര്‍ക്കണമെന്ന് സ്പീകര്‍ അഡ്വ എ എന്‍ ശംസീര്‍ പറഞ്ഞു.

Arts Festival | തലശ്ശേരിയെ കലാകേളിയിലാറാടിച്ച് റവന്യൂ ജില്ലാ കലോത്സവം അരങ്ങുണര്‍ത്തി

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരങ്ങിലെ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനും പങ്കുചേരാനും ജനങ്ങള്‍ക്കും ആഗ്രഹമുണ്ടാകും. കലകളെ സ്‌നേഹിക്കുന്നവരാണ് ജനം. ജനകീയ ഉത്സവമാക്കി സ്‌കൂള്‍ കലോത്സവത്തിനെ മാറ്റുന്നതിന് സാങ്കേതിക പ്രയാസമുണ്ടെങ്കില്‍ നിയമസഭയില്‍ ചര്‍ച നടത്തി മാറ്റാന്‍ ഒരുക്കമാണെന്നും സ്പീകര്‍ പറഞ്ഞു.

വീറും വാശിയോടും കൂടിയുള്ള മത്സരങ്ങള്‍ കുട്ടികള്‍ തമ്മിലായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. പഠന-പഠനേതര കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാകണം. രാജ്യത്ത് പാഠപുസ്തകത്തില്‍ കാതലായ മാറ്റം കൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്. മഹാത്മഗാന്ധി പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോകുന്നു. വലിയ രീതിയില്‍ വെട്ടലും കുത്തലും നടക്കുന്നു. ഗാന്ധിജി വേണ്ട ഗാന്ധിയുടെ കണ്ണട മതിയെന്ന നിലയിലായി.

സ്വാതന്ത്ര്യ സമര സേനാനിയും ഇന്‍ഡ്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിനെ കുറിച്ചും പഠിക്കേണ്ടതില്ല എന്നാണ് പറയുന്നത്. ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മതനിരപേക്ഷ രാജ്യമാണ് ഇന്‍ഡ്യ. രാജ്യം ഒരു മതത്തിന്റേതുമല്ല. എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്. മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് കലകളടക്കമുള്ള എല്ലാത്തിനേയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണമെന്നും ശംസീര്‍ പറഞ്ഞു.

തലശ്ശേരി സേക്രഡ് ഹാര്‍ട് എച് എസ് എസില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഫൈസല്‍ പുനത്തില്‍, റാശിദ ടീചര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അംബിക, എച് എസ് എസ് ആര്‍ഡിഡി കെ ആര്‍ മണികണ്ഠന്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപല്‍ വി വി പ്രേമരാജന്‍, വിഎച് എസ് ഇ അസി. ഡയക്ടര്‍ ഇ ആര്‍ ഉദയകുമാരി, ഡിഇഒമാരായ ടി വി അജിത, സി അനിത, സ്‌കൂള്‍ പ്രിന്‍സിപല്‍ സിസ്റ്റര്‍ രേഖ, പ്രധാനധ്യാപിക എസി സിസ്റ്റര്‍ റോസറ്റ്, തലശ്ശേരി എച് എം ഫോറം സെക്രടറി സി പി സുധീന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ സുഗീഷ്, സിദ്ദീഖ് കൂടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ മ്യൂസിക് അധ്യാപകര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കിയ സ്വാഗതഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ജില്ലയിലെ വിവിധ ചരിത്രങ്ങളും പൈതൃകങ്ങളും ഉള്‍ക്കൊള്ളിച്ച് നടത്തിയ സ്വാഗതഗാനം സദസിന്റെ മനംകവര്‍ന്നു. തലശ്ശേരിയിലെ വിവിധ വേദികളില്‍ നടക്കുന്ന കലോത്സവം ശനിയാഴ്ച സമാപിക്കും.

Keywords: Revenue District Arts Festival Begins at Thalassery, Kannur, News, Revenue District Arts Festival, Education, Children, Teachers, Speaker, AN Shamseer, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia