കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയിലായതായി വിജിലന്‍സ്
Feb 10, 2022, 10:49 IST
ആലപ്പുഴ: (www.kvartha.com 10.02.2022) നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയതായി വിജിലന്‍സ് സംഘം. കെ കെ ജയരാജാണ് വിരമിക്കാന്‍ രണ്ടുമാസം ബാക്കിയുള്ളപ്പോള്‍ അറസ്റ്റിലായത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
മുഹമ്മ വലിയവീട് ബിനോയിയില്‍നിന്ന് ഉടമസ്ഥാവകാശ സര്‍ടിഫികറ്റ് നല്‍കാന്‍ 2000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ബിനോയിയുടെ ഭാര്യയുടെ പേരിലുള്ള വസ്തുവിലെ വീടിന്റെ ഉടമസ്ഥാവകാശ സര്‍ടിഫികറ്റിന് കഴിഞ്ഞമാസമാണ് അപേക്ഷിച്ചത്. എന്നാല്‍ റവന്യു ഇന്‍സ്പെക്ടര്‍ സ്ഥലം പരിശോധിച്ചില്ലെന്നാണ് ആരോപണം.
മാത്രമല്ല വീടിന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങാനെത്തിയ അപേക്ഷകനെ, പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ വട്ടംക്കറക്കിയെന്നും ഒടുവില്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പറഞ്ഞു. തുടര്‍ന്ന് ആദ്യഘട്ടമായി 2500 രൂപ കൊണ്ടുവരാന്‍ പറഞ്ഞു. അപേക്ഷകന്‍ ഈ വിവരം വിജിലന്‍സിന് കൈമാറുകയായിരുന്നു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ച് പണവുമായി എത്തി, കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ കയ്യോടെ വിജിലന്‍സ് പൊക്കുകയായിരുന്നുവെന്നാണ് വിവരം. നഗരസഭാ ഓഫീസില്‍ കാമറയുള്ളതിനാല്‍ പുറത്ത് വച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പറയുന്നു.
വിജിലന്‍സ് ഡിവൈഎസ് പി വി ശ്യാംകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്, അശ്വനി, സുനില്‍കുമാര്‍, റെജി കുന്നിപ്പറമ്പന്‍, എസ്‌ഐ മനോജ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.