Concern | കേരളത്തില്‍ കുടുംബകോടതിയെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു; വില്ലൻ ഇക്കാര്യങ്ങളെന്ന് നിയമവൃത്തങ്ങള്‍
* പുരുഷന്മാരുടെ മദ്യപാനം, ലഹരി ഉപയോഗം, പരസ്ത്രീ ബന്ധങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ വിവാഹ ജീവിതത്തെ തകർക്കുന്നതിന് പ്രധാന കാരണങ്ങളാണ്
കണ്ണൂര്‍: (KVARTHA) കേരളത്തിലെ കുടുംബ കോടതികളെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നു. ഒരുവര്‍ഷം മൂവായിരം കേസുകളാണ് വിവാഹമോചനത്തിനും സംരക്ഷണ ചിലവുകിട്ടുന്നതിനുമായി കോടതിയിലെത്തുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവാഹമോചിതരാകാന്‍ കോടതിയെ സമീപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
മാറിയകാലത്തിനനുസരിച്ചു കൂടുതല്‍ സഹിക്കാനോ വിട്ടുവീഴ്ചയ്‌ക്കോ യുവതികള്‍ തയ്യാറാകാത്തത് വിവാഹിതരായി ചുരുങ്ങിയനാളുകള്‍ക്കുളളില്‍ കോടതിയെ സമീപിക്കാന്‍ കാരണമായിട്ടുണ്ടെന്ന് കണ്ണൂര്‍ കുടുംബകോടതി ജഡ്ജ് ആര്‍ എല്‍ ബൈജു കണ്ണൂര്‍ പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേസുകളുടെ ആധിക്യംകോടതി പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്.
കൗണ്‍സിലിങ്ങിലൂടെ വീണ്ടും ഒരുമിക്കുന്ന ദമ്പതികള്‍ വളരെ കുറവാണ്. വിവാഹമോചിതരാകാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. കുട്ടികളുടെ സംരക്ഷണ ചുമതലയും ദമ്പതികളുടെ വേര്‍പിരിയലിന് തടസമായി മാറുന്നില്ല. പുരുഷന്‍മാരുടെ മദ്യപാനവും ലഹരി ഉപയോഗങ്ങളും പരസ്ത്രീബന്ധങ്ങളുമാണ് വിവാഹ മോചനത്തിന് കൂടുതല്‍ കാരണമായി മാറുന്നത്.
പഴയതു പോലെ ത്യാഗ, സഹനങ്ങള്‍ക്ക് സ്വന്തമായി ജോലി ചെയ്തു കുടുംബം നോക്കുന്ന വീട്ടമ്മമാര്‍ തയ്യാറാകുന്നില്ല. വിവാഹമോചനത്തിനായി എത്തുന്ന ദമ്പതികളുടെമക്കളുടെ മാനസിക നില തന്നെ പരിശോധിച്ചു അവരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന നിയമം അന്താരാഷ്ട്ര കോടതി തന്നെ പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ചുളള കാര്യങ്ങളാണ് കേരളത്തിലെ കുടുംബകോടതികളിലും നടക്കുന്നത്.
എന്നാല്‍ ജീവനക്കാരുടെ അഭാവവും ഭൗതികസാഹചര്യങ്ങളുടെ കുറവും കുടുംബകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുര്‍ഘടം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വിവിധ കേസുകള്‍ക്കായി വരുന്നവര്‍ക്ക് നേരാംവണ്ണം നില്‍ക്കാന്‍ പോലും സൗകര്യം പോലുമില്ല. മുഖ്യകോടതികളുടെ ചായ്പ്പുകളിലാണ് പല കുടുംബകോടതികളും പ്രവര്‍ത്തിക്കുന്നത്. ഈ അസൗകര്യങ്ങള്‍ പരിഹരിച്ചുവരികയാണ്.
നവീകരണത്തിന്റെ പാതയിലാണ് നീതിന്യായകോടതികള്‍. പലയിടങ്ങളിലും അത്യാധൂനിക കെട്ടിടസമുച്ചയങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. വിചാരണകള്‍ ഓണ്‍ലൈനാക്കി വരികയാണ്. വൈകാതെ അഭിഭാഷകരുടെ വാദങ്ങളും ഓണ്‍ലൈനായി മാറും.കോടതിരേഖകളും വിധിപകര്‍പ്പുകളും ഡിജിറ്റലാകുന്നതോടെ നീതിന്യായരംഗം കൂടുതല്‍ വേഗതകൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബകോടതി ജഡ്ജ് അറിയിച്ചു
#Kerala #divorce #familycourt #alcoholism #socialissues #womenempowerment #legalissues