Robbery | ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി കവര്‍ച്ച: 'ചെരുപ്പ് കട തുടങ്ങാനാണെന്ന് യുവാവിന്റെ മൊഴി'; നടന്നത് ആസൂത്രിത മോഷണമെന്ന് പൊലീസ്

 


കണ്ണൂർ: (www.kvartha.com) ഇരിട്ടി പേരട്ടയിലെ ധനകാര്യ സ്ഥാപനത്തില്‍ കയറി കളിത്തോക്കു ചൂണ്ടി യുവാവ് കവര്‍ചയ്ക്കിറങ്ങിയത് ചെരുപ്പുകട തുടങ്ങാനായി പണത്തിനായാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പേരട്ടയില്‍ ചെരുപ്പുകട തുടങ്ങാനാവശ്യമായ പണത്തിനാണ് താന്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് പിടിയിലായ അബ്ദുൽ ശുകൂർ (26) പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി
നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Robbery | ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി കവര്‍ച്ച: 'ചെരുപ്പ് കട തുടങ്ങാനാണെന്ന് യുവാവിന്റെ മൊഴി'; നടന്നത് ആസൂത്രിത മോഷണമെന്ന് പൊലീസ്

പൊലീസ് പറയുന്നത്

ഉളിക്കല്‍ സിഐ കെ സുധീറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ച കാര്യത്തെ കുറിച്ചു വെളിപ്പെടുത്തിയത്. പേരട്ട ടൗണില്‍ ചെരുപ്പുകട തുടങ്ങുന്നതിനായി മുറിക്ക് 50,000 രൂപ ഡെപോസിറ്റ് നല്‍കിയിരുന്നു. 1.2 ലക്ഷം കൂടി അടുത്ത ദിവസം വേണമെന്നും ഇതിനാണു കവര്‍ച്ച നടത്തിയതെന്നുമാണ് യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. അറസ്റ്റിലായ ശുകൂറിന് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യഥാര്‍ത്ഥ തോക്കുലഭിക്കാന്‍ ശ്രമിച്ചുവെങ്കിലും അതുലഭിക്കാത്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി ഇയാള്‍ കളിത്തോക്കു വാങ്ങിയത്.

യൂട്യൂബിലൂടെ ഇതുപയോഗിച്ചുളള കവര്‍ച്ച നടത്തേണ്ടതു പഠിക്കുകയും ആസൂത്രണം ചെയ്യുകയുമായിരുന്നു. ആളൊഴിഞ്ഞ സമയം നോക്കി തക്കം പാര്‍ത്തു സ്ഥാപനത്തെ നിരീക്ഷിച്ചുവരികയായിരുന്നു ഇയാള്‍. ഒരു ജീവനക്കാരി മാത്രമേ ഈസ്ഥാപനത്തിലുളളുവെന്നും കൗണ്ടറില്‍ പണം സൂക്ഷിക്കാറുണ്ടെന്നും നേരത്തെ ഇയാള്‍ മനസിലാക്കിവെച്ചിരുന്നു. ബാങ്കുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമായതിനാലും ഒരുപാട് ജീവനക്കാരുടെ സാന്നിധ്യമുളളതിനാലുമാണ് ഒരു ജീവനക്കാരി മാത്രം ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനം കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. സ്ഥാപനം അടയ്ക്കുന്നതിന് മുന്‍പ് വൈകുന്നേരം ഒരുമണിക്കൂര്‍ മുന്‍പ് ധാരാളം ലക്ഷങ്ങള്‍ കൗണ്ടറില്‍ കാണുമെന്ന് ഇയാള്‍ കണക്കുകൂട്ടിയിരുന്നു.

ഇതിനു ശേഷമാണ് പട്ടാപ്പകല്‍ ഹെല്‍മെറ്റ് ധരിച്ചു ധനകാര്യസ്ഥാപനത്തിലെത്തിയ യുവാവ് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മോഷ്ടാവിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പണവുമായി ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ വീണുകാല്‍ ഉളുക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പേരട്ട ടൗണില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫിനാന്‍സിലാണ് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് കവര്‍ച്ച നടന്നത്. ഹെല്‍മെറ്റ് ധരിച്ചു ഇടപാടുകാരനെന്ന് വ്യാജേനെ സ്ഥാപനത്തിലെത്തിയ യുവാവ് പെട്ടെന്ന് തോക്കുചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി മേശവലിപ്പു തുറന്നു പണം മുഴുവന്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരി തടഞ്ഞതിനാല്‍ 22,500 രൂപയെ കൈവശമുണ്ടായിരുന്ന ബാഗില്‍ വാരിയിടാന്‍ കഴിഞ്ഞുളളൂ. രണ്ടുലക്ഷത്തോളം രൂപ ചിതറി താഴെ വീണു. കൈയ്യില്‍കിട്ടിയ പണവുമായി ഓടിയ യുവാവിനെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വര്‍ക് ഷോപ് നടത്തുകയായിരുന്ന ഷിജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഹെല്‍മെറ്റ് മാറ്റി നോക്കിയപ്പോഴാണ് സമീപവാസിയായ യുവാവ് തന്നെയാണെന്ന് പ്രദേശവാസികൾക്ക് മനസിലായത്. മുന്‍പിലും പിന്നിലും വ്യാജനമ്പര്‍ എഴുതിവെച്ച വാഹനത്തിലാണ് യുവാവ് എത്തിയതെങ്കിലും നാട്ടുകാര്‍ പുറകെയെത്തിയതിനാല്‍ ബൈകില്‍ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്നയാൾ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും താന്‍ ഒറ്റയ്ക്കാണ് കവര്‍ച്ചയ്‌ക്കെത്തിയതെന്നു യുവാവ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും ഉളിക്കല്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശുകൂറിനെ ഇരിട്ടി താലൂക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി'.

Keywords: Kannur, News, Kerala, Robbery, Toy Gun, Youth, Shop, Police, Investigation,   Robbery with toy gun: Statement of youth is to start shop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia