Kerala Story | മണിപ്പൂരിൽ സ്വന്തം രക്തങ്ങളെ നഗ്നത കാണിച്ച് കൊന്നു കുഴിച്ചു മുടുന്നവരെ ഏതു സ്റ്റോറിയിൽ കാണിക്കും?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഒരു സമുദായത്തെ മാത്രം മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപമുള്ള 'കേരള സ്റ്റോറി' എന്ന സിനിമ പള്ളികളിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഇടുക്കി കത്തോലിക്കാ രൂപതാ. വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത് 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിട്ടായിരുന്നു. കത്തോലിക്കാ കുട്ടികളിലും യുവതീ-യുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ സിനിമ പ്രദർശിപ്പിച്ചതെന്നാണ് ഇടുക്കി കത്തോലിക്ക രൂപതയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി അധികം ദിവസം ഇല്ലാതിരിക്കെ ഇങ്ങനെയൊരു സിനിമ പൊടുന്നനെ പ്രദർശിപ്പിക്കാൻ ഇടുക്കി കത്തോലിക്കാ രൂപത തീരുമാനമെടുത്തതെന്ന് എന്തിനെന്ന് സംശയിക്കുന്നവർ ഏറെയാണ്.
  
Kerala Story | മണിപ്പൂരിൽ സ്വന്തം രക്തങ്ങളെ നഗ്നത കാണിച്ച് കൊന്നു കുഴിച്ചു മുടുന്നവരെ ഏതു സ്റ്റോറിയിൽ കാണിക്കും?

മുസ്ലിങ്ങളെയും മുസ്ലിം സമുദായത്തെയും എക്കാലവും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും മുസ്ലിങ്ങളെ മുഴുവൻ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്നും ആഗ്രഹിക്കുന്ന സംഘപരിവാരങ്ങളെ ഒക്കെ തൃപ്തിപ്പെടുത്തുന്നതല്ലേ കത്തോലിക്ക രൂപതയുടെ ഈ അനാവശ്യ സമയത്തുള്ള ഈ നടപടി. ഇത്തരക്കാരക്ക് ശരിക്കും കുഴലൂത്ത് നടത്തുകയാണ് ഇപ്പോൾ കത്തോലിക്ക സഭയും അച്ചന്മാരും ചെയ്തിരിക്കുന്നത് . ഇതിനെതിരെ നിഷ്പക്ഷ മതികളായ ക്രിസ്ത്യാനികളുടെ ഇടയിൽ നിന്നും വൈദീകരുടെ ഇടയിൽ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മതസാഹോദര്യം എന്നും കാത്തു സൂക്ഷിക്കുന്ന മണ്ണാണ് നമ്മുടെ കേരളം. അവിടെ ഒരു സമുദായത്തെ മാത്രം ഒറ്റതിരിഞ്ഞ് മുറിപ്പെടുത്തുന്ന പ്രവണത ഉള്ളിൽ അല്പമെങ്കിലും മനുഷ്യത്വമുള്ളവർക്ക് കണ്ടുനിൽക്കാനാവില്ല.

ആരു എന്തു ബോധവൽക്കരണം നടത്തിയാലും പ്രേമിക്കേണ്ടവർ തമ്മിൽ പ്രേമിക്കും. അതിനൊരു സംശയവും വേണ്ട. വൃത്തികേട് ചെയ്തിട്ട് ന്യായീകരിക്കുകയല്ല വൈദീകരും ഇടുക്കി രൂപതയും ചെയ്യേണ്ടത്. നിങ്ങൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? സ്വന്തം സഹോദരനെ തല്ലിക്കൊല്ലുമ്പോഴും അടിച്ചോടിക്കുമ്പോഴും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ വരെ ഉണ്ടായ അക്രമങ്ങൾ വരെ കണ്ണടച്ച് ഇപ്പോൾ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പ്രണയത്തിന് മതം അടിസ്ഥാനമാക്കിയിട്ടില്ല. ന്യൂനപക്ഷ വേട്ടകൾ ഇപ്പോൾ അധികം നടക്കുന്നത് ക്രിസ്ത്യാനികൾക്കെതിരെ ആണെന്നുള്ളത് മറക്കരുത്. മണിപ്പൂരിൽ നടക്കുന്ന നരനായാട്ടും അവിടെത്തെ സഹോദരിമാർ അനുഭവിക്കുന്ന കഷ്ടതകളും ഒരു സിനിമയാക്കി പ്രദർശിപ്പിക്കാനും അത് സമൂഹത്തെ ബോധവത്ക്കരിക്കാനുമുള്ള ധൈര്യം ആണ് സഭ ആദ്യം കാണിക്കേണ്ടത്.

ശരിക്കും എം.പിയെയും എം.എൽ.എമാരെയും വിലയ്ക്ക് വാങ്ങുന്നതുപോലെ സംഘപരിവാറും ബി.ജെ.പിയും ഇവിടുത്തെ മതവിഭാഗത്തെയും വിലയ്ക്കെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രൂപതകളിൽ വിശ്വാസികളുടെ ചേരിതിരിവ് ഇപ്പോൾ പ്രകടമാണ്. ഒരു കത്തോലിക്കാ പള്ളിയിൽ ധൈര്യമായി ഒരു കുർബാന ചൊല്ലാൻ പോലും ഇവിടുത്തെ വൈദീകർക്ക് ആകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂടാതെ ഭൂമി ഇടപാട് വിവാദവും. ശരിക്കും ഇ ഡി യെ പേടിച്ചാണോ നിങ്ങൾ ഇത്തരമൊരു സിനിമ പ്രദർശിപ്പിച്ചതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. യേശുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ അവതരണം തടയാൻ കന്യാസ്ത്രീകളെയും മറ്റും ഇറക്കി വിട്ട് കലാപം ഉണ്ടാക്കാൻ നോക്കിയതൊന്നും മറക്കരുത്. കേരളത്തിന്‌ പുറത്ത് സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും നടത്തുമ്പോൾ ഇതല്ല ഇതിന് അപ്പുറവും ചിലർ ചെയ്യും.

കഴുത്ത് കുനിക്കാൻ പറഞ്ഞാൽ കുമ്പിടും. സാഷ്ടാംഗം. ഇത് ഇവിടുത്തെ ശരാശരി മലയാളിക്ക് അറിയാത്ത കാര്യമല്ല. ഇവിടെയുള്ളവർ മണ്ടന്മാർ ആണെന്ന് കരുതുന്നതാണ് ഈ സിനിമ പ്രദർശിപ്പിച്ചവരുടെ തെറ്റ്. പ്രിയപ്പെട്ട വൈദീകരെ ആ മണിപ്പൂര്‍, പിന്നെ തകര്‍ന്നമര്‍ന്ന പള്ളി, അവശിഷ്ടങ്ങള്‍ അതു കൂടി കാണിക്ക്. നിങ്ങൾ അതൊന്നും കാണിക്കില്ല. കാരണം, ഇ ഡിയെ നിങ്ങൾക്ക് പേടിയുണ്ട്. മലയാളത്തിൽ മുൻപ് സുരേഷ് ഗോപി നായകനായി ഇറങ്ങിയ ഒരു സിനിമ ഉണ്ട്. പേർ ക്രൈം ഫയൽ. ഈ സിനിമ കൂടി കാണിച്ചിരുന്നെങ്കിൽ കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റിൽ തള്ളുന്നതിന്റെ ഭീകരത കൂടി കുട്ടികൾ മനസിലാക്കിയേനെ.

ഇത്രയൊക്കെ പറയാൻ കാരണം. ഒരു സമുദായത്തെ മാത്രം മറ്റാർക്കോവേണ്ടി ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിൻ്റെ വിഷമം കൊണ്ടാണ്. പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ . മണിപ്പൂരിൽ സ്വന്തം രക്തങ്ങളെ നഗ്നത കാണിച്ചു കൊന്നു കുഴിച്ചു മുടുന്നവന്മാരെ ഏതു സ്റ്റോറിയിൽ കാണിക്കും. വൈദീകരെ, പ്രിയ പിതാക്കന്മാരെ. ഇത് വേണ്ടായിരുന്നു. ഒരു മതത്തെ കുറ്റാരോപണമായി പിഞ്ചു കുട്ടികളെ മനസ്സ് കേടാക്കുന്ന ഈ പരിപാടി വേണ്ടായിരുന്നു. കേരളത്തിന്റെ മതേതരത്തിനു ഒരു വില ഉണ്ട്. കെട്ടുറപ്പുണ്ട്. അത് കളഞ്ഞു കുളിക്കരുത്.

Kerala Story | മണിപ്പൂരിൽ സ്വന്തം രക്തങ്ങളെ നഗ്നത കാണിച്ച് കൊന്നു കുഴിച്ചു മുടുന്നവരെ ഏതു സ്റ്റോറിയിൽ കാണിക്കും?

Keywords:  Kerala Story, Politics, Election, Idukki diocese, Church, Religion, Movie, Students, Muslim, Community, Christianity, Protest, Awareness, Manipur, School, Suresh Gopi, Crime File, Teenagers, Row erupts after diocese screens ‘The Kerala Story’ for teenagers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia