Event | ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട് സംഘടിപ്പിക്കുന്നു
സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പാലക്കാട്: (KVARTHA) അഹല്യ കാമ്പസിൽ വച്ച് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ നടക്കും. സമൂഹത്തിൽ പരിവർത്തനം കൊണ്ടുവരാൻ പ്രവർത്തിക്കുന്ന 32 വിവിധ സംഘടനകളുടെ ദേശീയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനിൽ ആംബേകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഘത്തിന്റെ ചുമതലയുള്ള 90 അഖില ഭാരതീയ കാര്യകർത്താക്കളും മറ്റ് സംഘടനകളുടെ ദേശീയ അദ്ധ്യക്ഷൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 230 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ ആദ്യമായാണ് ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് നടക്കുന്നത്.
ഓരോ സംഘടനയും ജനാധിപത്യ മാർഗത്തിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ മാറ്റം കൊണ്ടുവരാൻ പ്രവർത്തിക്കുന്നു. ഈ സംഘടനകളുടെ പ്രവർത്തന അനുഭവങ്ങൾ, പ്രശ്നങ്ങൾ, നേട്ടങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളായ സാമൂഹ്യ വിഷയങ്ങൾ, ദേശീയ സുരക്ഷ തുടങ്ങിയവയും ചർച്ച ചെയ്യും.
2025 വിജയദശമി മുതൽ 2026 വിജയദശമി വരെ ആർഎസ്എസ് ശതാബ്ദി വർഷമാണ്. ഈ കാലയളവിൽ സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും അഞ്ച് മേഖലകളിലാണ് പരിവർത്തന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്:
സാമൂഹ്യ സമരസത: സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അകലം കുറച്ച് അടുപ്പം വർദ്ധിപ്പിക്കുക.
കുടുംബ ശാക്തീകരണം: കുടുംബങ്ങളെ ധാർമികമായി ശക്തിപ്പെടുത്തി സാമൂഹിക ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുക.
പരിസ്ഥിതി ബോധവൽക്കരണം: പ്രകൃതിയോട് ചേർന്നുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.
സ്വദേശി: രാഷ്ട്രീയ ജീവിതത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക.
പൗരധർമ്മം: അവകാശങ്ങളോടൊപ്പം കടമകളും നിർവഹിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുക.
ഈ അഞ്ച് മേഖലകളിലും രാജ്യവ്യാപകമായി വലിയ പരിവർത്തനം കൊണ്ടുവരാനാണ് സംഘം ലക്ഷ്യമിടുന്നത്. വിവിധ സംഘടനകളും ഇതേ ലക്ഷ്യത്തോടെ പ്രവർത്തിക്കും.
31 ഓഗസ്റ്റ് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ആർഎസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, അർഎസ്എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി സന്നിഹിതനായിരുന്നു.