RSS connection | ആര്‍ എസ് എസ് ബന്ധം: പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

 


തിരുവനന്തപുരം: (www.kvartha.com) എല്‍ ഡി എഫ് ആര്‍ എസ് എസ് ബന്ധമെന്ന പ്രതിപക്ഷത്തിന്റെ ആരോപണവുമായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

RSS connection | ആര്‍ എസ് എസ് ബന്ധം: പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:

കഴിഞ്ഞദിവസം സഭയില്‍ '77ലെ ആര്‍എസ്എസ് ബന്ധം' എന്നൊക്കെ ചിലര്‍ പറഞ്ഞത് കേട്ടു. ചരിത്രബോധമില്ലാത്തവര്‍ക്കാണ് ഇങ്ങനെയൊക്കെ പറയാന്‍ തോന്നുക. അങ്ങനെ വരുമ്പോള്‍ അല്‍പം ചരിത്രം പറഞ്ഞുപോകേണ്ടതുണ്ട്. ആര്‍എസ്എസ് ബാന്ധവത്തെക്കുറിച്ചാണല്ലോ പറയുന്നത്.

ആരാണ് കേരള രാഷ്ട്രീയത്തില്‍ ആര്‍എസ്എസിനെ ഒട്ടി നിന്നത് ? 1960 ലെ തെരഞ്ഞെടുപ്പിന്റെ കാര്യമെടുക്കാം. നെഹ്‌റു മന്ത്രിസഭ ഇഎംഎസ് സര്‍കാരിനെ പിരിച്ചുവിട്ടശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ജനസംഘം വലിയ തോതില്‍ വര്‍ഗീയ പ്രചരണങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന കാലമായിരുന്നു.

കൂടുതല്‍ സാധ്യതയുള്ള നാല് അസംബ്ലി സീറ്റുകളില്‍ മത്സരിക്കാനാണ് ജനസംഘം ആദ്യം തീരുമാനിച്ചത്. ആദ്യത്തെ മണ്ഡലം കോഴിക്കോട്, (പിന്നീട് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനു വേദിയായി മാറിയ കോഴിക്കോട്) രണ്ടാമത്തേത് തൃശൂര്‍ ജില്ലയിലെ അണ്ടത്തോട്, മൂന്നാമത്തേത് ഗുരുവായൂര്‍. നാലാമത്തെ മണ്ഡലം ഇഎംഎസ് മത്സരിക്കുന്ന പട്ടാമ്പി.

പട്ടാമ്പിയില്‍ പി മാധവമേനോനെ മത്സരിപ്പിക്കാനാണ് ജനസംഘം തീരുമാനിച്ചത്. പത്രികാ സമര്‍പണം ഒക്കെ കഴിഞ്ഞു. സജീവമായ പ്രചരണവും തുടങ്ങി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജനസംഘം മത്സര രംഗത്തു നിന്ന് പിന്മാറി.

ഇ എം എസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണം. ജനസംഘം മത്സര രംഗത്തുണ്ടായാല്‍ കമ്യുണിസ്റ്റ് വിരുദ്ധ വോടുകള്‍ ഭിന്നിക്കും എന്ന പേടിയായിരുന്നു അന്ന് കോണ്‍ഗ്രസിന്. അന്ന് ജനസംഘം പരസ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. ഇഎംഎസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് ജനസംഘം തുറന്നുതന്നെ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് എ രാഘവന്‍ നായരായിരുന്നു അന്ന് കോണ്‍ഗ്രസ് - ലീഗ് - പിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ദേശീയ നേതാക്കള്‍ ഉള്‍പെടെ എത്തി അന്ന് കോണ്‍ഗ്രസ് പാര്‍ടിക്ക് വേണ്ടി പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അന്ന് പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായ വന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട് തേടി.

പക്ഷെ പരസ്യമായ ജനസംഘം ബന്ധം കൊണ്ടും അന്ന് കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. 7322 വോടുകള്‍ക്കാണ് സഖാവ് ഇഎംഎസ് വിജയിച്ചത്. 1977 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസിന്റെ വോട് വാങ്ങിയാണ് ഞാന്‍ നിയമസഭയില്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് ഇവിടെ പറയുന്നതു കേട്ടു. ഞാന്‍ നിയമസഭയില്‍ എത്തിയത് 77 ല്‍ അല്ല. അതിനും ഏഴു വര്‍ഷം മുമ്പാണ്. അന്ന് കോണ്‍ഗ്രസിനെയും ജനസംഘത്തെയും എല്ലാം പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

77 ലും ഞാന്‍ മത്സരിച്ചത് കൂത്തുപറമ്പിലാണ്. തലശ്ശേരി കലാപത്തിലെ ഏക രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ നാടാണ് കൂത്തുപറമ്പ്. യു കെ യെ കൊന്നത് 1972 ജനുവരിയിലാണ്. ആര്‍ എസ് എസ് ഏറ്റവും കടുത്ത ശത്രുവായി സിപിഐഎമിനെ അന്നും ഇന്നും കാണുന്ന നാടാണത് എന്നത് ഒരറിവിനു വേണ്ടി ആദ്യം പറഞ്ഞു വെക്കാം.

1977 ല്‍ എന്തായിരുന്നു അവസ്ഥ? ഇന്‍ഡ്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്‍ഡ്യ എന്ന് നിങ്ങള്‍ പറഞ്ഞുനടന്ന അവസ്ഥ. ഭരണഘടനയെ അട്ടിമറിച്ച് (കഴിഞ്ഞ ദിവസം ഇവിടെ വലിയ സ്‌നേഹവും ബഹുമാനവും കാണിച്ച അതെ ഭരണഘടനാ ജനാധിപത്യ സംവിധാനങ്ങളെയാകെ വന്ധ്യംകരിച്ചാണ് നിങ്ങള്‍ അടിയന്തരാവസ്ഥ വാഴ്ച നടത്തിയത്. അര്‍ധ ഫാസിസത്തിന്റെ വക്താക്കളായിരുന്നു അന്ന് നിങ്ങള്‍. ഈ അടിയന്തിരാവസ്ഥയ്‌ക്കെതിരെ രാജ്യത്താകെ ചലനങ്ങളുണ്ടായി.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട വിശാല മുന്നണി 1977ല്‍ ജനതാ പാര്‍ടിയായി രൂപപ്പെട്ടത്. ഭാരതീയ ലോക്ദള്‍, സംഘടനാ കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡ്യ തുടങ്ങിയ പാര്‍ടികള്‍ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാര്‍ടി രൂപീകരിച്ചത്. എല്ലാ പാര്‍ടികളും അവരുടെ കമറ്റികള്‍ പിരിച്ചുവിട്ടും സംഘടനാ സംവിധാനങ്ങള്‍ താഴെ തലം മുതല്‍ ഇല്ലാതാക്കിയുമാണ് ലയനം നടത്തിയത്.

ജനതാ പാര്‍ടിയില്‍ പിന്നീട് ജനസംഘവും ലയിക്കുന്ന നിലവില്‍ വന്നു. ജനസംഘം പിരിച്ചുവിട്ടാണ് ലയനം നടന്നത്. ചന്ദ്രശേഖര്‍ ആയിരുന്നു ജനതാ പാര്‍ടി പ്രസിഡന്റ്. രാമകൃഷ്ണ ഹെഗ്‌ഡേ ജെനറല്‍ സെക്രടറി. കലപ്പ ഏന്തിയ കര്‍ഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം.

അടിയന്തിരാവസ്ഥയിലെ കോണ്‍ഗ്രസ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന വിശാല ഐക്യത്തില്‍ അന്ന് ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും സഹകരിക്കുകയായിരുന്നില്ലേ? ആ നിലയ്ക്ക് അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നില്‍തന്നെ ഉണ്ടായിരുന്ന സിപിഐഎം അന്ന് മുഖ്യ പ്രതിപക്ഷമായ ജനതാ പാര്‍ടിയുമായി ദേശീയ തലത്തില്‍ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായി ആയിരുന്നില്ല .

കേരളത്തില്‍ സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു അന്ന് സിപിഐഎം. ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഐഎം ചെറുത്തുനില്‍പ്പ് നടത്തുന്ന സമയവുമായിരുന്നു അത്. നിരവധി സിപിഐഎം പ്രവര്‍ത്തകരാണ് അന്ന് സംഘപരിവാര്‍ കൊലക്കത്തിക്കിരയായത്.

1977-79 കാലത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം അനവധി രക്തസാക്ഷികളാണ് സിപിഐഎമിനുണ്ടായത്. ആ ഘട്ടത്തില്‍ സിപിഐഎം സഹകരിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ടിയുമായാണ്. ആര്‍എസ്എസിനെ എല്ലാ കാലത്തും തുറന്നെതിര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

മറ്റൊരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഇന്നത്തെ കെപിസിസി പ്രസിഡന്റ് അന്ന് സംഘടനാ കോണ്‍ഗ്രസില്‍ ആയിരുന്നു. തന്റെ പാര്‍ടി ജനതാ പാര്‍ടിയില്‍ ലയിച്ചപ്പോള്‍ സുധാകരനും ജനതാ പാര്‍ടിയുടെ ഭാഗമായി. അടിയന്തിരാവസ്ഥക്കാലത്ത് സുധാകരന്‍ ജനതാ പാര്‍ടിയുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി വരെ ആയില്ലേ?

അല്ലെങ്കില്‍ സുധാകരന്‍ നിഷേധിക്കട്ടെ. ഒരു പാര്‍ടിയില്‍ ഒന്നിച്ചു പ്രവര്‍ത്തച്ചവര്‍ക്ക് പിന്നെയും ഒന്നിക്കാന്‍ മടിയില്ല എന്നല്ലേ ഇപ്പോഴും തെളിയിക്കുന്നത് ? 1977 ല്‍ കെജി മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ കെ സുധാകരന്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമറ്റി ഭാരവാഹിയായിരുന്നു. അതായത് എല്‍ കെ അദ്വാനിയും വാജ്‌പേയും കെ സുധാകരനും ഒക്കെ അന്ന് ഒരേ പാര്‍ടിയില്‍ ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ തിയറി പ്രകാരം ജനതാ പാര്‍ടി നേതാവായ സുധാകരനല്ലേ ആര്‍എസ്എസ് വിശേഷണം ചേരുക ?

ആര്‍ എസ് എസും സുധാകരനും ഒരു പാര്‍ടിയായിരുന്നു. ഞങ്ങള്‍ക്കല്ല ആര്‍ എസ് എസ് ബന്ധം. നിങ്ങളെ നയിക്കുന്നവര്‍ക്കാണ്. അതുകൊണ്ട് ആര്‍ എസ് എസിനെ ഞാനുമായി കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്നവരും അവിടെത്തന്നെയാണുള്ളത്. ജനതാ പാര്‍ടിയിലും ആര്‍ എസ് എസിലും ഒരേ സമയം അംഗത്വമാകാമോ എന്ന പ്രശ്‌നം ഉയര്‍ന്നപ്പോള്‍ ആ പാര്‍ടിയില്‍ അത് അനുവദിക്കാനാവില്ല എന്ന നിലപാടെടുത്തവരോടാണ് സി പി ഐ എം ഐക്യപ്പെട്ടത്.

ഞാന്‍ അന്ന് കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമറ്റി ഭാരവാഹിയായിരുന്നു എന്ന് ആരോപണം ഉന്നയിച്ചത് വേറൊരു പണ്ഡിതനാണ്. കൂത്തുപറമ്പില്‍ മത്സരിക്കുന്ന ഞാന്‍ എങ്ങനെയാണ് ഉദുമയില്‍ പോയി തെരഞ്ഞെടുപ്പ് കമറ്റി ഭാരവാഹിയാകുക? പറയുമ്പോള്‍ കോമണ്‍സെന്‍സിന് നിരക്കുന്ന വര്‍ത്തമാനം പറയണ്ടേ.

കെ സുധാകാരനല്ലേ അന്നത്തെ തെരഞ്ഞെടുപ്പ് കമറ്റി ഭാരവാഹി. ജനതാ സര്‍കാര്‍ രൂപീകരണശേഷം ഇരട്ട അംഗത്വ പ്രശ്‌നം വന്നപ്പോള്‍ ജനസംഘം പ്രവര്‍ത്തകര്‍ ജനതാ പാര്‍ടി വിട്ടിറങ്ങിയ സാഹചര്യം കൂടി ഉണ്ടായി. ജനസംഘം നേതാക്കള്‍ ആര്‍എസ്എസ് ബന്ധം തുടര്‍ന്നപ്പോഴല്ലേ 1980ല്‍ ജനതാ പാര്‍ടി പിളര്‍ന്നത്.

ദ്വയാംഗത്വ പ്രശ്‌നത്തിന്റെ പേരില്‍ മൊറാര്‍ജി രാജി വെച്ചു. ചരണ്‍സിങ് സര്‍കാര്‍ അധികാരത്തില്‍ വന്നു. അതും കഴിഞ്ഞാണു ബിജെപി രൂപീകരിക്കപ്പെട്ടത്. ഇതൊക്കെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മറക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം 1977 ല്‍ തീരുന്നതുമല്ലല്ലോ.

1979 ല്‍ നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍. ഒരു ആര്‍എസ്എസുകാരന്റെയും വോട് ഇടതുപക്ഷത്തിനു വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപനം നടത്തുന്നത് ആ ഉപതെരഞ്ഞെടുപ്പ് വേളയിലാണ്.

നാല് മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിക്കുകയാണുണ്ടായത്. തൊട്ടടുത്ത വര്‍ഷം 1980 ല്‍ ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു വന്നു. 1980 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ആര്‍എസ്എസുകാരനായ ഒ രാജഗോപാലായിരുന്നു. അന്ന് കോണ്‍ഗ്രസ് ഐക്കാര്‍ ആര്‍എസ്എസുകാരന് വേണ്ടി വോട് തേടിയത് മറന്നുപോയോ?

എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്നത് സിപിഐ എമിലെ രാമണ്ണറേയായിരുന്നു. 73,587 വോടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് രാമണ്ണറേ വിജയിച്ചത്. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിങ്ങളം മണ്ഡലത്തിലും ഇതേ പോലെ സംഭവമുണ്ടായി. കോണ്‍ഗ്രസ് മുന്നണിയുടെ അന്നത്തെ സ്ഥാനാര്‍ഥി സാക്ഷാല്‍ കെ ജി മാരാര്‍ ആയിരുന്നു.

അന്ന് കോണ്‍ഗ്രസ് പിന്തുണച്ച കെജി മാരാരെ തോല്‍പിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്ന് ഈ സഭയില്‍ മന്ത്രിയാണ്. എ കെ ശശീന്ദ്രന്‍. അതേ വര്‍ഷം എടക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥി ആരായിരുന്നുവെന്ന് ബഹുമാന്യനായ പ്രതിപക്ഷ നേതാവിന് അറിയാമോ? മാറ്റാരുമല്ല, നിങ്ങളുടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സുധാകരന്‍ അന്നും ജനതാ പാര്‍ടി തന്നെ ആയിരുന്നു. ബി ജെ പി രൂപീകരിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് അദ്ദേഹത്തിനുവേണ്ടി വോടു തേടി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ അഖിലേന്‍ഡ്യാ ലീഗിലെ പി പി വി മൂസയാണ് അന്ന് കെ സുധാകരനെ പരാജയപ്പെടുത്തിയത്. ഒറ്റപ്പാലം മണ്ഡലത്തില്‍ ജനതാ പാര്‍ടിയിലെ പി ആര്‍ നമ്പ്യാര്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചത്.

ഇടതുപക്ഷത്തെ വി സി കബീര്‍ ആണ് അന്ന് വിജയിച്ചത്. ചവറയില്‍ ബേബി ജോണിനെതിരെ കോണ്‍ഗ്രസ്-ജനതാ പാര്‍ടി കൂട്ടുകെട്ടിനായി മത്സരിച്ചു പരാജയപ്പെട്ടത് ജനതാ പാര്‍ടിയിലെ സി രാജേന്ദ്രനായിരുന്നു.

ഇതൊക്കെ പഴയ കാലത്തെ കോണ്‍ഗ്രസ് - സംഘപരിവാര്‍ ബന്ധത്തിന്റെ കഥയാണ്. 1991 ലെ ബേപ്പൂര്‍, വടകര കോലീബി സഖ്യത്തിന്റെ കഥ എല്ലാവര്‍ക്കും അറിയുന്നതല്ലേ. അതിനെപ്പറ്റി പലവട്ടം ഈ സഭയില്‍ തന്നെ ചര്‍ചയായതാണ്. അന്ന് വടകര ലോകസഭ മണ്ഡലത്തില്‍ കോലീബി സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. രത്‌നസിംഗ് തന്റെ ആത്മകഥയില്‍ 91 ലെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി ബാന്ധവത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി.

ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കോലീബി സ്ഥാനാര്‍ഥി ഡോ. കെ മാധവന്‍ കുട്ടി പിന്നീട് വെളിപ്പെടുത്തിയതും നമ്മള്‍ കേട്ടതാണ്. കോലീബി സഖ്യത്തിന്റെ രൂപവത്ക്കരണത്തിന് മുന്നില്‍ നിന്നത് ബിജെപിയിലെയും കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രമുഖ നേതാക്കള്‍ തന്നെയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അപ്പോള്‍ ഇത്രയൊക്കെയാണ് തല്‍ക്കാലം പറയാനുള്ളത്. ഗോള്‍വാള്‍കറുടെ ഫോടോയ്ക്കു മുന്‍പില്‍ താണുവണങ്ങിയതിന്റെ കഥയൊന്നും പറയുന്നില്ല. ആര്‍എസ്എസ് വോടുവാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസാക്ഷിയോട് ചോദിച്ചുനോക്കുന്നത് നന്നാവും.

ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കോണ്‍ഗ്രസ് ചവിട്ടി മെതിച്ചപ്പോള്‍ അതിനെതിരെ രാജ്യത്താകെ ഉയര്‍ന്ന വികാരം പങ്കിട്ടു എന്നത് വോടു കൈമാറ്റമായി നിങ്ങള്‍ക്ക് തോന്നും.

Keywords: RSS connection: CM's replies to opposition, Thiruvananthapuram, News, Politics, RSS, LDF, Congress, Assembly, Chief Minister, Pinarayi vijayan, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia