സരിത നായര്‍ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം ശക്തം

 


തിരുവനന്തപുരം: (www.kvartha.com 10/05/2015) സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പി.സി. ജോര്‍ജിന്റെ നീക്കം. കേരള കോണ്‍ഗ്രസ് സെക്കുലര്‍ വീണ്ടും സജീവമാക്കി യു.ഡി.എഫില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് അടുത്ത തവണ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സരിതാ നായരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അന്തംവിട്ട നീക്കം.

എന്നാല്‍ ജോര്‍ജ് ഉള്‍പെടുന്ന മുന്നണി എല്‍.ഡി.എഫ്. ആയാലും യു.ഡി.എഫ് ആയാലും സരിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കൂട്ടുനില്‍ക്കുമോയെന്ന് കണ്ടുതന്നെ അറിയേണ്ടിവരും. ഇത് നന്നായി അറിയാവുന്ന ജോര്‍ജ് സരിതയുടെ പക്കലുള്ള രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപുകാരനാകാന്‍ നടത്തുന്ന ശ്രമമാണ് ഇപ്പോഴത്തേതെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും സരിതയുടെ കത്തില്‍ ആരോപണ വിതേയരായവര്‍ ഉണ്ടെന്നിരിക്കെ സരിത തന്റെ കൂടെയാണെന്ന് വരുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയാണത്രെ ഉദ്ദേശം.

സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കാവുന്ന ഈ കരുനീക്കത്തെകുറിച്ച് പോലീസിന് സ്‌പെഷ്യല്‍ ബ്രാഞ്ച് അനൗപചാരിക റിപോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന ഐ ഗ്രൂപ്പിനെ കൂടെനിര്‍ത്തി കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലും അതിന്റെ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുമെതിരെ വിമുഖതന്ത്രമാണ് ജോര്‍ജ് പയറ്റുന്നത്. അതില്‍ ഏറ്റവും പുതിയ സ്‌ഫോടനശേഷിയുള്ള കരിവാണ് സരിതാ നായര്‍.

തന്റെ കത്തിലെ വിവരങ്ങള്‍ ജോര്‍ജ് ചോദിച്ചിരുന്നുവെന്നും എന്നാല്‍ പൂര്‍ണമായും താന്‍ വെളിപ്പെടുത്തിയില്ലെന്നും നേരത്തെ സരിതാ നായര്‍തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവരുടെ കത്തിന്റെ ഉള്ളടക്കമെന്ന പേരില്‍ ചിലവിവരങ്ങള്‍ ജോസ് കെ. മാണിക്കെതിരെ പുറത്തുവന്നപ്പോഴായിരുന്നു ഇത്. ആ വ്യാജ കത്തിന് പിന്നില്‍ ജോര്‍ജായിരിക്കാനാണ് സാധ്യതയെന്നും സരിത തുറന്നടിച്ചിരുന്നു. തന്നെ പരാമര്‍ശിക്കുന്ന ആരോപണത്തിനുമെതിരെ അതിശക്തമായി തിരിച്ചടിക്കുന്ന പി.സി. ജോര്‍ജ് സരിതയുടെ ഈ ആരോപണത്തോട് പ്രതികരിച്ചിരുന്നില്ല.

ഏത് വിധവും സരിതയെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായ തന്ത്രപരമായ മൗനമായിരുന്നു അതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്വതന്ത്രയായി സരിത മത്സരിക്കുമെന്നും മറ്റും പ്രചരിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഇതുവരെ ഒരുവാക്കും മിണ്ടാന്‍ തയ്യാറാകാത്ത സരിത അതിന് തയാറാകുമോയെന്നും വ്യക്തമല്ല.


സരിത നായര്‍ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം ശക്തം

Keywords:  P.C. George, Kerala,  Saritha S Nair, Election, Candidate,  Rumor about P.C. George's candidate.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia