Wedding Date | മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടേയും വിവാഹം തിരുവനന്തപുരത്ത് വച്ച് നടക്കും; തീയതി നിശ്ചയിച്ചു
Jul 12, 2022, 10:34 IST
തിരുവനന്തപുരം: (www.kvartha.com) ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും വിവാഹത്തീയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ നാലിനാണ് ഇരുവരും വിവാഹിതരാവുക. തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപോര്‍ട്.
വിവാഹശേഷം രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടക്കും. ഈ വര്‍ഷം മാര്‍ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം എകെജി സെന്ററില്‍ വച്ച് നടന്നത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.
ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തുന്നത്.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ അഖിലേന്‍ഡ്യാ ജോയിന്റ് സെക്രടറിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്.
15-ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിന്‍ ദേവ് (28) ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമിറ്റിയംഗവുമാണ്.
ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മത്സരിച്ചപ്പോള്‍ താരപ്രചാരകയായി ആര്യ എത്തിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രടറിക്ക് വേണ്ടി എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളിലൊരാള്‍ക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.