Criticism | സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമെന്ന് ഇപി ജയരാജന്‍
● എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് -ബിജെപിയെ കൂടുതല്‍ ആശ്രയിക്കുന്നത്.
● എല്‍ഡിഎഫ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് അങ്കലാപ്പില്‍.
● പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും.
● സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: (KVARTHA) ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി -കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. ഇനി യുഡിഎഫ് സ്ഥാനാര്‍ത്ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതി എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കണ്ണൂര്‍ ഏരിയാ സമ്മേളനം ഉദ് ഘാടനം ചെയ്യുന്നതിനായി അഴിക്കോട് ചാലിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തിലെത്തിയതായിരുന്നു ഇപി ജയരാജന്‍.
എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് -ബിജെപിയെ കൂടുതല്‍ ആശ്രയിക്കുന്നതെന്ന് പറഞ്ഞ ജയരാജന്‍ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് അങ്കലാപ്പിലാണെന്നും വ്യക്തമാക്കി. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇപി പറഞ്ഞു.
സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായെന്നും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വലിയ വ്യത്യാസമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നിലപാട് എടുക്കൂ. ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്നം.
ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍ നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും. ഭൂതകാലം മാത്രം നോക്കി നിലപാട് എടുക്കാറില്ല. നിലപാട് വ്യക്തമാക്കിയാല്‍ അതനുസരിച്ച് പാര്‍ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തില്‍ എടുത്ത നിലപാട് അതാണെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
#KeralaPolitics, #SandeepWarrier, #BJPDeal, #CongressEntry, #EPJayarajan, #CPM