Mannarasala Amma | ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്റെ ഭാര്യ സാവിത്രി അന്തര്‍ജനം ഇനി മണ്ണാറശാല അമ്മ
Aug 10, 2023, 08:08 IST
ആലപ്പുഴ: (www.kvartha.com) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ ഇനി സാവിത്രി അന്തര്‍ജനം (83). അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്.
ബുധനാഴ്ച (09.08.2023) രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. രാത്രി വൈകി സംസ്‌കാരം നടത്തി. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു.
തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016 ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്. 1949 ല്‍ ആണ് മണ്ണാറശാല ഇല്ലത്തെ എംജി നാരായണന്‍ നമ്പൂതിരിയുടെ വേളിയായി മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്.
ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു.
1993 ഒക്ടോബര്‍ 24ന് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച് 22ന് അമ്മ ക്ഷേത്രത്തില്‍ പൂജ തുടങ്ങുകയും ചെയ്തു. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു.
സ്ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വര്‍ഷത്തിലേറെ അമ്മ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവില്‍ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയായിരുന്നു പൂജാവിധികള്‍ അഭ്യസിപ്പിച്ചത്. തുടര്‍ന്ന് 1995 മാര്‍ച് 22ന് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങുകയും ചെയ്തു. ഇതോടെ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന ആചാര വിശ്വാസങ്ങളുടെ പുതിയ സംരക്ഷകയാവുകയായിരുന്നു ഉമാദേവി അന്തര്‍ജനം.
Keywords: News, Kerala, Kerala-News, News-Malayalam, Savitri Antarjanam, Mannarasala, Nagaraja Temple, New Mother, Religion, Religion-News Mannarasala, Pooja, Temple, Amma, Savitri Antarjanam is Mannarasala Nagaraja Temple New Mother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.