Accident | കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി ദാരുണമായി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
● വളക്കൈ ഇറക്കത്തിൽ നിയന്ത്രണം വിട്ടതാണ് അപകട കാരണം.
● 15 കുട്ടികൾക്ക് പരിക്കേറ്റു
● മരിച്ച കുട്ടി ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരം - തളിപ്പറമ്പ് സംസ്ഥാന പാതയിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷെന്ന പതിനൊന്നു വയസുകാരിയാണ് ദാരുണമായി മരിച്ചത്.
ബസിലുണ്ടായിരുന്ന 15 കുട്ടികൾക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് നേദ്യ തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ 15 പേരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കുറുമാത്തൂർ ചിൻമയ സ്കൂളിലെ ബസ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പുതുവത്സര ദിനത്തിലുണ്ടായ ദുരന്തം കണ്ണൂരിനെ നടുക്കിയിരിക്കുകയാണ്. അപകടത്തിനെ കുറിച്ചു പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#SchoolBusAccident #Kannur #RoadSafety #Kerala #Tragedy #RIP