മങ്കടയുടെ രണ്ടാം വിവാഹത്തില്‍ ജമാഅത്തും പള്ളി കമ്മിറ്റിയും പ്രതിക്കൂട്ടില്‍

 


തിരുവനന്തപുരം: പാളയം ഇമാം സ്ഥാനത്തുനിന്ന് പള്ളി പരിപാലന സമിതി നിര്‍ബന്ധിച്ചു രാജി എഴുതി വാങ്ങി സേവനം അവസാനിപ്പിച്ച മൗലവി ജമാലുദ്ദീന്‍ മങ്കടയുടെ രണ്ടാം വിവാഹത്തിനു കൂട്ടുനിന്നതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി തലസ്ഥാന ജില്ലാ നേതൃത്വം പ്രതിക്കൂട്ടില്‍. 

പാളയം പള്ളി ജമാഅത്ത് നിയന്ത്രണത്തിലല്ലെങ്കിലും ജമാലുദ്ദീന്‍ മങ്കട അറിയപ്പെടുന്ന ജമാഅത്ത് പ്രവര്‍ത്തകനും അവരുടെ വേദികളിലെ സ്ഥിരം പ്രസംഗകനും ജമാഅത്ത് മുഖപ്രസിദ്ധീകരണമായ പ്രബോധനത്തില്‍ കാലങ്ങളായി ലേഖനങ്ങള്‍ എഴുതുന്നയാളുമാണ്. മങ്കടയുടെ പാണ്ഡിത്യവും ജനസമ്മതിയും പരിഗണിച്ച് ഒരു മാസം മുമ്പ് അദ്ദേഹത്തിന് ഇമാം സ്ഥാനത്ത് അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടി നല്‍കിയ പള്ളി പരിപാലന സമിതിയുടെ നടപടിയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. 

ഖുര്‍ആന്‍ ക്ലാസില്‍ പതിവായി പങ്കെടുത്തിരുന്ന സ്ത്രീയുമായുള്ള മങ്കടയുടെ അടുപ്പത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടും അത് മറച്ചുവച്ച് അദ്ദേഹത്തിനു കാലാവധി നീട്ടി നല്‍കി എന്നാണു വിമര്‍ശനം. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പരിപാലന സമിതി യോഗമാണ് ഇമാമിനെ പറഞ്ഞുവിടാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിനു നിയമപരമായി തുടരാന്‍ അവകാശമുണ്ടെങ്കിലും ധാര്‍മികമായി അത് അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. 

ശനിയാഴ്ച തലസ്ഥാനത്തെ പത്രങ്ങളില്‍ പാളയം പള്ളി പരിപാലന സമിതിയുടേതായി പ്രസിദ്ധീകരിച്ച രണ്ടു വരി അറിയിപ്പാണ് ഇതു സംബന്ധിച്ച ഒരേയൊരു ഔദ്യോഗിക പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാല്‍ മൗലവി ജമാലുദ്ദീന്‍ മങ്കട പാളയം ഇമാം സ്ഥാനത്തു നിന്ന് രാജിവച്ചു എന്നുമാത്രമാണ് ആ അറിയിപ്പ്. വെള്ളിയാഴ്ച ചില വെബ്‌സൈറ്റുകളില്‍ ഇമാമിന്റെ പുറത്താകല്‍ സംബന്ധിച്ചു വാര്‍ത്തകള്‍ വന്നതിനേത്തുടര്‍ന്ന് പാളയം മഹല്ലിലെ സമുദായാംഗങ്ങളും തലസ്ഥാനത്തെ വിവിധ മാധ്യമങ്ങളും സംഭവത്തിന്റെ യഥാര്‍ത്ഥ സ്ഥിതി അന്വേഷിച്ചതിനേത്തുടര്‍ന്നാണ് പത്രക്കുറിപ്പ് ഇറക്കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചത്. സെക്രട്ടറി സലീമിന്റെ പേരിലാണ് വെള്ളിയാഴ്ച രാത്രി പത്രക്കുറിച്ച് മാധ്യമ ഓഫീസുകളില്‍ എത്തിച്ചത്. ജമാഅത്തെ ഇസ്്‌ലാമി പത്രം മാധ്യമം ഉള്‍പ്പെടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

യുവതിയുമായുള്ള അടുപ്പത്തേത്തുടര്‍ന്ന് അദ്ദേഹം അവരെ വിവാഹം ചെയ്തതോടെയാണ് സംഭവം കാര്യമായി പുറത്തറിഞ്ഞത്. വിവാഹം ചെയ്യണം എന്ന്, നിലവില്‍ ഭാര്യയും മക്കളുമുള്ള മൗലവിയോട് യുവതി ആവശ്യപ്പെടുകയും അവരുടെ മഹല്ലായ പാച്ചല്ലൂരില്‍വച്ച് കഴിഞ്ഞ ദിവസം നിക്കാഹ് ചെയ്യുകയുമാണുണ്ടായത്. ഇത് മറച്ചുവയ്ക്കാന്‍ സ്വാഭാവികമായും സാധിച്ചുമില്ല. ആഴ്ചകള്‍ക്കു മുമ്പുമാത്രമാണ് മൗലവിയുടെ മകളുടെ വിവാഹം തലസ്ഥാനത്തുവച്ച് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വിവാഹമായിരുന്നു അത്. മങ്കടയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പള്ളിയില്‍ നിന്ന് വി.ജെ.ടി ഹാളിലേക്ക് നടന്നുപോകുന്ന ചിത്രം അന്ന് മനോരമ മെട്രോയിലെ മുഖ്യചിത്രവുമായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വിവാദം മുതല്‍ സമാനമായ എല്ലാ സംഭവങ്ങളിലും ശക്തമായ നിലപാടെടുത്തുപോരുന്ന ജമാഅത്തെ ഇസ്്‌ലാമി മങ്കടയുടെ കാര്യത്തില്‍ നിശബ്ദത പാലിച്ചു എന്നാണ് വിമര്‍ശനം. എന്നാല്‍ യുവതിയെ നിര്‍ബന്ധിച്ച് അവരുമായി സൗഹൃദം സ്ഥാപിക്കുകയോ വഴിവിട്ട ബന്ധം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് മങ്കട ജമാഅത്ത് നേതൃത്വത്തോട് വിശദീകരിച്ചതായാണു വിവരം. അത് വിശ്വസനീയമാണ് എന്ന ഉറപ്പിലാണത്രേ അദ്ദേഹത്തിനെതിരെ നീങ്ങാതിരുന്നത്. ബന്ധം വഴിവിട്ടില്ലെങ്കിലും വെറും പ്രണയമായിപ്പോലും അത് തുടരുന്നത് നിഷിദ്ധമായതിനാല്‍ വിവാഹത്തിന് അദ്ദേഹം തയ്യാറായെന്നും അതോടെ അവസാനിക്കേണ്ട പ്രശ്‌നം ഇപ്പോള്‍ മനഃപൂര്‍വം ചില കേന്ദ്രങ്ങള്‍ വഷളാക്കിയെന്നുമാണ് ജമാഅത്ത് നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി മങ്കടയെ അപമാനിക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നുവെന്നാണ് അവരുടെ കുറ്റപ്പെടുത്തല്‍. അതേസമയം, മങ്കടയുടെ രണ്ടാം വിവാഹം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണോ എന്ന് ഇനിയും വ്യക്തമല്ല.

മങ്കടയുടെ രണ്ടാം വിവാഹത്തില്‍ ജമാഅത്തും പള്ളി കമ്മിറ്റിയും പ്രതിക്കൂട്ടില്‍
മൗലവി ജമാലുദ്ദീന്‍ മങ്കട
നേരത്തേ, വിതുര പെണ്‍വാണിഭക്കേസിലെ ഇരയായ യുവതിക്ക് തലസ്ഥാനത്തെ വ്യാപാരിയായ മധ്യവയസ്‌കനുമായി അദ്ദേഹത്തിന്റെ ഭാര്യ അറിയാതെ രണ്ടാം വിവാഹം നടത്താന്‍ ഇടനിലക്കാരായതിന്റെ പേരില്‍ തിരുവനന്തപുരത്തെ ജമാഅത്തെ ഇസ്ലാമി നേതൃത്വം ഏറെ പഴി കേട്ടിരുന്നു.

Also read:
ശ്വേതയെ അപമാനിച്ച സംഭവം; വി.ഐ.പികളായ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ല: കോടിയേരി

Keywords:  Thiruvananthapuram, Kerala, Mosque, Marriage, Quran, Website, News, Woman, Love, Second marriage of palayam imam: JAMAATH E ISLAMI and masjid committee under criticism, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia