ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ശാശ്വതമായ നിയമ നിര്‍മാണം; വീട്ടമ്മമാരെ സഹായിക്കാന്‍ സ്മാര്‍ട് കിച്ചന്‍

 


തിരുവനന്തപുരം: (www.kvartha.com 20.05.2021) ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിത്. 

ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ശാശ്വതമായ നിയമ നിര്‍മാണം; വീട്ടമ്മമാരെ സഹായിക്കാന്‍ സ്മാര്‍ട് കിച്ചന്‍
ധനകാര്യ അഡീഷണല്‍ ചീഫ് സെക്രടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപോര്‍ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപോര്‍ട് പരിശോധിച്ചാകും തുടര്‍നടപടികള്‍.

അതിദാരിദ്ര്യം ലഘൂരിക്കാന്‍ സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ തദ്ദേശ സെക്രടെറിമാരെ ചുമതലപ്പെടുത്തി. ഗാര്‍ഹിക ജോലികളില്‍ ഏര്‍പെടുന്നവര്‍ക്കു സഹായം എത്തിക്കാനും വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കാനും പഠനം നടത്താന്‍ ചീഫ് സെക്രടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി.

ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഒപ്പം ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട് കിച്ചന്‍ പദ്ധതി നടപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രടറി, തദ്ദേശസ്വയംഭരണ സെക്രടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രടറി എന്നിവരെ ചുമതലപ്പെടുത്തി.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതിയെക്കുറിച്ച് ജൂലൈ 15നകം റിപോര്‍ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി. സര്‍കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസമുണ്ടാകാന്‍ പാടില്ല. സര്‍കാര്‍ സേവനം ഓണ്‍ലൈനായി വീട്ടിലെത്തുന്ന ബൃഹത്തായ പദ്ധതി നടപ്പിലാക്കും. ഓക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍വരും. ഐടി സെക്രടറി, ഐടി വിദഗ്ധര്‍ അടങ്ങുന്ന സമിതിയാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കുക.

ഇ ഓഫിസ് സംവിധാനം വിപുലമാക്കും. ചീഫ് സെക്രടറി, ധനസെക്രടറി, ഐടി സെക്രടറി എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വ്യത്യസ്ത ഓഫിസ് കയറി ഇറങ്ങേണ്ട അവസ്ഥയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പരാതി പരിഹാരത്തിന് ഏകജാലക സംവിധാനം ഒരുക്കും. ഇതിനായി ഒരു കമിറ്റി ഉണ്ടാകും. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല. ഇതിനായി നിയമം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.

അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Second Pinarayi Vijayan Government Promises, Thiruvananthapuram, News, Politics, Pinarayi Vijayan, Chief Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia